
ഉത്സവത്തിനുള്ള ആന എഴുന്നള്ളത്തില്‍ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവുമായി ബന്ധപ്പെട്ട ആന എഴുന്നള്ളിപ്പിലെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതിലാണ് ഹൈക്കോടതിയുടെ വിമർശനം. ഹൈക്കോടതിയുടെ അധികാരത്തെ പരസ്യമായി വെല്ലുവിളിച്ചുവെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നൽകിയിരിക്കുന്നതെന്ന് മനസിലാക്കാത്തത് എന്തുകൊണ്ടാണ്. മതത്തിന്റെ പേരില്‍ എന്തും ചെയ്യാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഇക്കാര്യം ആവര്‍ത്തിക്കാതിരിക്കാന്‍ എന്താണ് ചെയ്യാൻ കഴിയുകയെന്നും സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു.
ഹൈക്കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മനപൂര്‍വം ലംഘിക്കുകയാണ്. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്. ജാമ്യമില്ലാക്കുറ്റമാണ് ചെയ്തതെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. ഉത്സവത്തിനുള്ള അനുമതി റദ്ദാക്കാന്‍ ഒരു ലംഘനം തന്നെ മതിയാകുമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
ഉത്സവത്തിനെത്തുന്ന ആളുകളുടെ സുരക്ഷയാണ് പരമപ്രധാനം. അകലപരിധി ലംഘിച്ചാല്‍ ആനകളെ എഴുന്നള്ളിക്കാനുള്ള അനുമതി പിന്‍വലിക്കും. ദേവസ്വം ഭാരവാഹികള്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സംഭവത്തിൽ തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രം ദേവസ്വം ഓഫീസറോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.
തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവുമായി ബന്ധപ്പെട്ട ആന എഴുന്നള്ളിപ്പില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നാണ് ജില്ല കലക്ടര്‍ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ഉത്സവത്തിന്റെ ആദ്യ മൂന്നുദിവസം മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ചിരുന്നു. നാലാം ദിനം വൈകുന്നേരം മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാണ് ആന എഴുന്നള്ളിപ്പ് നടത്തിയത്. ആനകള്‍ തമ്മിലുള്ള അകലപരിധി പാലിച്ചില്ലെന്നും ജില്ലാ കളക്ടർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.