ഫാറൂഖ് കോളേജ് വിദ്യാര്‍ഥികളുടെ അതിരുവിട്ട ഓണാഘോഷം; കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കോളേജുകളിലെ ഓണാഘോഷത്തിനിടെയുള്ള വാഹനാഭ്യാസത്തിൽ ഹൈക്കോടതി ഇടപെട്ടത്
ഫാറൂഖ് കോളേജ് വിദ്യാര്‍ഥികളുടെ അതിരുവിട്ട ഓണാഘോഷം; കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി
Published on

കോഴിക്കോട് ഫാറൂഖ് കോളേജിലെയും കണ്ണൂർ കോളേജിലെയും അതിരുവിട്ട ഓണാഘോഷത്തിൽ കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം അഭ്യാസം അനുവദിക്കരുതെന്നും പൊലീസ് മേധാവിയും ഗതാഗത കമ്മീഷണറും ഇത് ഉറപ്പ് വരുത്തണമെന്നും കോടതി നിർദേശിച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കോളേജുകളിലെ ഓണാഘോഷത്തിനിടെയുള്ള വാഹനാഭ്യാസത്തിൽ ഹൈക്കോടതി ഇടപെട്ടത്.

വാഹനങ്ങൾ രൂപമാറ്റം വരുത്തിയിട്ടുണ്ടോയെന്ന് മോട്ടോർ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പരിശോധിക്കണം. വാഹനത്തിൽ അഭ്യാസം നടത്തിയ വിദ്യാർഥികളുടെ വിവരങ്ങൾ കൈമാറണമെന്നും കോടതി നിർദേശിച്ചു. സംഭവത്തിൽ നടപടി സ്വീകരിച്ചതായും വാഹനമോടിച്ചയാളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിശോധിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് കോടതിയെ അറിയിച്ചു.

വിദ്യാര്‍ഥികള്‍ ഉപയോഗിച്ച 10 വാഹനങ്ങള്‍ ഫറോക്ക് പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പിടിച്ചെടുത്ത വാഹനങ്ങളുടെ ഫോട്ടോ ഉദ്യോഗസ്ഥർ കോടതിക്ക് കൈമാറി. വാഹന ഉടമയ്ക്കും ഡ്രൈവർക്കുമെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണമെന്നാണ് ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം അഭ്യാസം അനുവദിക്കരുതെന്നും കോടതി ഉത്തരവിട്ടു. സംഭവത്തിൽ ഗതാഗത കമ്മീഷണർ വിശദമായ റിപ്പോർട്ട് നൽകണമെന്ന് നിർദേശിച്ച കോടതി, തുടർ ഹർജി ഈ മാസം 27ന് പരിഗണിക്കും.

ഇന്നലെ ഓണാഘോഷത്തിനിടെ ആയിരുന്നു മൂന്ന് വാഹനങ്ങളിലായി വിദ്യാര്‍ഥികളുടെ അപകടകരമായ അഭ്യാസ പ്രകടനം. വാഹനത്തിന്റെ ബോണറ്റിന് മുകളിലും ഡോറുകള്‍ക്ക് മുകളിലും ഇരുന്നുള്ള യാത്രയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ്, മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ നടപടി സ്വീകരിച്ചത്. ആഡംബര കാറുകളില്‍ ഗതാഗതം സ്തംഭിപ്പിച്ചായിരുന്നു പ്രകടനം. നാട്ടുകാരാണ് ഇതിൻ്റെ ദൃശ്യങ്ങൾ പകർത്തിയത്.

സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് വാഹനങ്ങള്‍ ആര്‍ടിഒ കസ്റ്റഡിയിലെടുത്തു. വാഹനങ്ങള്‍ ഓടിച്ച മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. മുഹമ്മദ് അഫ്‌നാന്‍, മുഹമ്മദ് റിഹാല്‍, മുഹമ്മദ് റസ്ലാന്‍ എന്നിവരുടെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്.

കണ്ണൂരിലും സമാന സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്. കാഞ്ഞിരോട് നെഹ്ര്‍ കോളേജിലെ ഓണാഘോഷത്തിനിടെയാണ് സംഭവം. അപകടകരമായി വാഹനം ഓടിച്ച മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് റദ്ദ് ചെയ്തു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com