പരീക്ഷാ ക്രമക്കേട് പഠിക്കാൻ ഉന്നതതല സമിതി; ഐഎസ്ആർഒ മുൻ ചെയർമാൻ അധ്യക്ഷൻ

രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്
പരീക്ഷാ ക്രമക്കേട് പഠിക്കാൻ ഉന്നതതല സമിതി; ഐഎസ്ആർഒ മുൻ ചെയർമാൻ അധ്യക്ഷൻ
Published on

പൊതുപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ . ഐഎസ്ആർഒ മുൻ ചെയർമാൻ കെ.രാധാകൃഷ്ണൻ അധ്യക്ഷനായ ഏഴംഗ സമിതിയാണ് രൂപീകരിച്ചത്. ഡൽഹി എയിംസ് മുൻ ഡയറക്ടർ ഡോ.രൺദീപ് ഗുലേരിയ, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി വൈസ് ചെയർമാൻ പ്രൊഫ.ബി ജെ റാവു, ഐഐടി മദ്രാസ് സിവിൽ എഞ്ചിനീയറിങ് വിഭാഗത്തിലെ പ്രൊഫ. രാമമൂർത്തി,കർമയോഗി ഭാരത് സഹസ്ഥാപകൻ പങ്കജ് ബൻസാൽ, ഐഐടി ഡൽഹി സ്റ്റുഡൻ്റ് ഡീൻ പ്രൊഫ ആദിത്യ മിട്ടാൽ, കേന്ദ്ര വിദ്യാഭ്യാസ ജോയിൻ്റ് സെക്രട്ടറി ഗോവിന്ദ് ജെയ്സ്വാൾ എന്നിവരാണ് സമിതി അംഗങ്ങൾ.

രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പരീഷ നടത്തിപ്പിലെ പരിഷ്കരണം, ഡാറ്റാ സെക്യൂരിറ്റി പ്രോട്ടോകോൾ മെച്ചപ്പെടുത്തൽ, എൻ ടി എ കമ്മിറ്റിയുടെ ഘടനയും പ്രവർത്തനവും എന്നീ വിഷയങ്ങളിലാണ് സമിതി നിർദേശങ്ങൾ നൽകുക.

നീറ്റ്, യുജിസി നെറ്റ് ക്രമക്കേടുകളെ തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് കേന്ദ്രസർക്കാരിൻ്റെ നിർണായക ഇടപെടൽ. പൊതു പരീക്ഷകളിലെ ക്രമക്കേട് തടയാൻ ലക്ഷ്യമിട്ടുള്ള പബ്ലിക് എക്സാമിനേഷൻ ആക്ട്, 2024 കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. പൊതു പരീക്ഷകളുടെ പേപ്പര്‍ ചോര്‍ത്തലിനും ക്രമക്കേടുകള്‍ക്കും കനത്ത ശിക്ഷയാണ് പുതിയ നിയമപ്രകാരം ലഭിക്കുക. കേന്ദ്ര സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള നിയമപ്രകാരം പേപ്പറുകള്‍ ചോര്‍ത്തുകയോ കൃത്രിമത്വം കാണിക്കുകയോ ചെയ്താല്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കും. പരീക്ഷ അതോറിറ്റിയോ നടത്തിപ്പുകാരോ ഒരുമിച്ചു നടത്തുന്ന കുറ്റകൃത്യങ്ങളാണെങ്കില്‍ പത്തു വര്‍ഷം വരെ തടവും, ഒരു കോടി രൂപ പിഴയും ലഭിച്ചേക്കും. ഈ നിയമത്തിന് കീഴിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് ജാമ്യമില്ലാ വകുപ്പ് ചുമത്തിയായിരിക്കും അറസ്റ്റ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com