
ഹേമ കമ്മറ്റി റിപോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന മൊഴികളില്‍ കേസെടുക്കാവുന്നവയുണ്ടെന്ന് ഹൈക്കോടതി. ഇവ പ്രഥമ വിവരങ്ങളായി കണക്കാക്കി അന്വേഷിക്കണമെന്ന് പ്രത്യേക സംഘത്തിന് കോടതിനിര്‍ദേശം നല്‍കി. റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം ഡിവിഷന്‍ ബഞ്ച് പരിശോധിച്ചു. സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ഹേമ കമ്മിറ്റിയുടെ സമ്പൂർണ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് പ്രത്യേക ബഞ്ചിൻ്റെ ഉത്തരവ്. കേസെടുത്ത ശേഷം ഇരകളെ സമീപിച്ച് മൊഴി രേഖപ്പെടുത്താം. മൊഴി നൽകാൻ ആരേയും നിർബന്ധിക്കരുത്. പരാതിയുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെങ്കിൽ അത് രേഖപ്പെടുത്തണമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് സി.എസ് സുധയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.
പരാതികളിൽ വസ്തുതയുണ്ടോയെന്ന് പരിശോധിക്കണം. വസ്തുതയുണ്ടെങ്കിൽ വിശദമായ അന്വേഷണം നടത്തി ബന്ധപ്പെട്ട കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കണം. വസ്തുതയില്ലെങ്കിൽ റഫർ റിപ്പോർട്ട് നൽകി നടപടികൾ അവസാനിപ്പിക്കണം. മൊഴി നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായ സൂക്ഷിക്കണം. പ്രതിഭാഗത്തിന് അന്തിമ റിപ്പോർട്ട് നൽകുമ്പോൾ മാത്രമേ പരാതിക്കാരുടെ മൊഴിപ്പകർപ്പ് നൽകേണ്ടതുള്ളൂയെന്നും ഹൈക്കോടതി ഉത്തവിലുണ്ട്.
സിനിമാമേഖലയിലെ ലഹരി ഉപയോഗം പ്രത്യേക സംഘം അന്വേഷണം നടത്തണമെന്നും ഹൈക്കോടതി നിർദേശം നൽകി. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി വേണം. ഭാവിയിലും പരിശോധനകൾ നടത്തണമെന്നും കോടതി ഉത്തരവിലുണ്ട്.
തൊഴിലിടങ്ങളിൽ വനിതകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയാനുള്ള പോഷ് ആക്ടിൻ്റെ ചട്ടങ്ങൾ ഭേദഗതി ചെയ്ത് കാര്യക്ഷമമാക്കാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷനും ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ഇതിനായി ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികളിൽ കേന്ദ്ര സർക്കാരിനെ കക്ഷിചേർക്കണമെന്നും കമ്മിഷൻ്റെ ആവശ്യം. സിനിമാ സംഘടനകൾ രൂപീകരിച്ച ആഭ്യന്തര പരാതിപരിഹാര സമിതികളിൽ പലതും നിയമപരമല്ലെന്നും വനിതാ കമ്മിഷൻ നൽകിയ വിശദീകരണത്തിൽ പറയുന്നു. പ്രതിക്ക് രേഖകള്‍ നല്‍കുന്നത് അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രമായിരിക്കണം. കൂടാതെ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തില്‍ എസ്‌ഐടി അന്വേഷണം നടത്തണമെന്നും അന്വേഷണ റിപ്പോര്‍ട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് എസ്‌ഐടി സംഘം ഇന്ന് ഹൈക്കോടതിയില്‍ നേരിട്ടെത്തി വിശദീകരണം നല്‍കിയിരുന്നു. പരാതിയുമായി മുന്നോട്ടു പോകാന്‍ ഹേമ കമ്മിറ്റിക്ക് മുന്‍പാകെ മൊഴി നല്‍കിയവര്‍ക്ക് താത്പര്യമില്ലെങ്കില്‍ ഇരയെ നിര്‍ബന്ധിക്കാനാകില്ലെന്നും ചൂഷണം അവസാനിപ്പിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ചതിൻ്റെ അടിസ്ഥാനത്തില്‍ എസ്‌ഐടി സംസ്ഥാനത്ത് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ പരാതിയിന്മേല്‍ കൊല്ലം പൂയംപ്പള്ളി സ്റ്റേഷനിലും, പൊന്‍കുന്നം സ്റ്റേഷനിലുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മെറിന്‍ ജോസഫ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.