349 റണ്‍സ്, 37 സിക്സ്; പുതുചരിത്രമെഴുതി ബറോഡ, ഒറ്റ റണ്‍സിന് അപൂര്‍വ റെക്കോഡ് നഷ്ടം

ഓവറില്‍ 17.45 എന്ന ശരാശരിയിലായിരുന്നു ബറോഡയുടെ സ്കോറിങ്
ടീം ബറോഡ
ടീം ബറോഡ
Published on


ടി20 ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ബറോഡ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സിക്കിമിനെതിരെ 349 റണ്‍സ് നേടിയ ബറോഡ ടി20യിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ സ്വന്തം പേരിലാക്കി. ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഗാംബിയക്കെതിരെ സിംബാബ്‌വെ കുറിച്ച നാല് വിക്കറ്റിന് 344 റണ്‍സെന്ന റെക്കോഡാണ് പഴങ്കഥയായത്. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ബറോഡ 349 റണ്‍സ് അടിച്ചെടുത്തത്. ഓവറില്‍ 17.45 എന്ന ശരാശരിയിലായിരുന്നു ബറോഡയുടെ സ്കോറിങ്. സിക്കിമിന്റെ മറുപടി ഏഴ് വിക്കറ്റിന് 86 റണ്‍സില്‍ ഒതുങ്ങിയതോടെ, 263 റണ്‍സിന്റെ കൂറ്റന്‍ ജയവും ബറോഡ സ്വന്തമാക്കി.

ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ കൂടാതെ ഒരു പിടി റെക്കോഡുകളും ബറോഡ സ്വന്തമാക്കി. ടി20യില്‍ 300 റണ്‍സ് മറികടക്കുന്ന മൂന്നാമത്തെ ടീം എന്ന റെക്കോഡാണ് അതിലൊന്ന്. സിംബാബ്‌വെ (നാലിന് 344), നേപ്പാള്‍ (മൂന്നിന് 314) എന്നിവരാണ് 300 കടന്നിട്ടുള്ള മറ്റു ടീമുകള്‍. അതേസമയം, ടി20യില്‍ 350 റണ്‍സ് നേടുന്ന ആദ്യ ടീമെന്ന റെക്കോഡ് ഒറ്റ റണ്‍സിന് ബറോഡയ്ക്ക് നഷ്ടമായി. ടി20യില്‍ ടീം ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ ആറിന് 297 റണ്‍സാണ്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഹൈദരാബാദിന് എതിരെയായിരുന്നു ഇന്ത്യയുടെ നേട്ടം. അതായിരുന്നു ഇന്ത്യന്‍ മണ്ണിലെ ഏറ്റവും ഉയര്‍ന്ന ടി20 ടീം ടോട്ടല്‍. ആ റെക്കോഡും ബറോഡ മറികടന്നു. ഒരു ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന ടീം എന്ന റെക്കോഡും ബറോഡ സ്വന്തം പേരിലാക്കി. സിക്കിമിനെതിരെ 37 സിക്സാണ് ബറോഡ ബാറ്റര്‍മാര്‍ നേടിയത്. ഓരോ മൂന്ന് പന്തിലും ഒരു സിക്സ് എന്ന കണക്കിലായിരുന്നു ബറോഡയുടെ ഇന്നിങ്സ്. ഗാംബിയക്കെതിരെ സിംബാബ്‌വെ നേടിയ 27 റണ്‍സെന്ന റെക്കോഡാണ് തിരുത്തിക്കുറിച്ചത്.

ഹാര്‍ദിക് പാണ്ഡ്യക്കു പകരം ക്രൂനാല്‍ പാണ്ഡ്യ നയിച്ച ബറോഡയ്ക്കായി ബാറ്റെടുത്തവരെല്ലാം മികച്ച സ്കോര്‍ കണ്ടെത്തി. മൂന്ന് അര്‍ധ സെഞ്ചുറിയും ഒരു സെഞ്ചുറിയും പിറന്നു. ഓപ്പണര്‍മാരായ ശാശ്വത് റാവത്തും അഭിമന്യു സിങ്ങും ചേര്‍ന്ന് 91 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ അടിച്ചുകൂട്ടിയത്. ആറാമത്തെ ഓവറിന്റെ ആദ്യ പന്തില്‍ ശാശ്വത് പുറത്താകുമ്പോള്‍, 16 പന്തില്‍ നാല് ഫോറും നാല് സിക്സും ഉള്‍പ്പെടെ 43 റണ്‍സ് നേടിയിരുന്നു. തൊട്ടുപിന്നാലെ, 17 പന്തില്‍ നാല് ഫോറും അഞ്ച് സിക്സും ഉള്‍പ്പെടെ 53 റണ്‍സെടുത്ത് അഭിമന്യു പുറത്തായി. പിന്നീട് ഭാനു പാനിയയുടെ തേര്‍വാഴ്ചയായിരുന്നു. ശിവാലിക് ശര്‍മയും വിഷ്ണു സോളങ്കിയുമായിരുന്നു കൂട്ട്. ശിവാലിക് 17 പന്തില്‍ മൂന്ന് ഫോറും ആറ് സിക്സും ഉള്‍പ്പെടെ 55 റണ്‍സെടുത്തു പുറത്തായി. സോളങ്കി 16 പന്തില്‍ രണ്ട് ഫോറും ആറ് സിക്സും ഉള്‍പ്പെടെ 50 റണ്‍സെടുത്തും പുറത്തായി. അഞ്ച് പന്ത് നേരിട്ട മഹേഷ് പിതിയ ഒരു സിക്സ് ഉള്‍പ്പെടെ എട്ട് റണ്‍സ് നേടി. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍, 51 പന്തില്‍ അഞ്ച് ഫോറും ആറ് സിക്സും ഉള്‍പ്പെടെ 134 റണ്‍സുമായി പാനിയയും, ഒരു റണ്‍സുമായി രാജ് ലിംബാനിയും പുറത്താകാതെ നിന്നും. രണ്ട് വൈഡും മൂന്ന് നോബോളുകളും ഉള്‍പ്പെടുത്തിയാല്‍
125 പന്തിലാണ് ബറോഡ 349 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ കണ്ടെത്തിയത്.

വലിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സിക്കിമിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താനായില്ല. നാല് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 20 റണ്‍സെടുത്ത റോബിന്‍ ലിംബുവാണ് ടോപ്പ് സ്കോറര്‍. ഓപ്പണര്‍മാരായ പ്രണേഷ് ഛേത്രിയും (12 പന്തില്‍ 1), നിലേഷ് ലമിചനെയും (പൂജ്യം) നിരാശപ്പെടുത്തി. ആശിഷ് താപ (6), പാര്‍ത് പലാവത് (12), പല്‍സര്‍ തമാങ് (7), ലീ യോങ് ലെപ്ച (10), അന്‍കുര്‍ മാലിക് (പുറത്താകാതെ 18), റോഷന്‍ കുമാര്‍ (പുറത്താകാതെ 6) എന്നിങ്ങനെയായിരുന്നു സിക്കിമിന്റെ ബാറ്റിങ് പ്രകടനം. ബറോഡയ്ക്കായി മഹേഷ് പിതിയയും നിനദ് അശ്വിന്‍ കുമാര്‍ റത്‌വയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ക്രൂനാല്‍ പാണ്ഡ്യ, അതിത് സേത്ത്, അഭിമന്യു സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com