
ഹൈറിച്ച് മണി ചെയിൻ തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. ലീഡർമാർ ഉൾപ്പെടെ 5 പേർക്കാണ് തിങ്കളാഴ്ച്ച ഹാജരാകാന്‍ നിർദേശിച്ച് നോട്ടീസ് അയച്ചത്. ഹൈറിച്ച് ഒടിടി നയിച്ചിരുന്ന 5 പേർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ഹൈറിച്ച് മണി ചെയിൻ തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമായി മുന്നോട്ട് പോകുന്നതിനിടെയാണ് ലീഡർമാരെ കൂടി ചോദ്യം ചെയ്യാൻ ഇഡി തീരുമാനിച്ചത്. നിക്ഷേപകർക്ക് ലീഡർമാർ വാഗ്ദാനം ചെയ്തിരുന്നത് പത്തിരട്ടി ലാഭമെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
ഒടിടി ഷെയറെടുക്കാൻ ശുപാർശ ചെയ്യുന്നവർക്കും തുകയുടെ 5% ഇവർ വാഗ്ദാനം ചെയ്തിരുന്നു. ഒടിടിയിലൂടെ മാത്രം 397 കോടി രൂപയാണ് ഹൈറിച്ച് തട്ടിയത്. സംസ്ഥാനം കണ്ട വലിയ മണി ചെയിൻ തട്ടിപ്പായ ഹൈറിച്ച് കേസിൽ 3,148 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. കേസിൽ അറസ്റ്റിലായ ഉടമ കെ.ഡി പ്രതാപൻ, രണ്ട് തവണ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി ജാമ്യം നിഷേധിച്ചിരുന്നു.