"ഇത് നിങ്ങൾക്കുള്ള ശിക്ഷ!"; ചൂരൽമല ദുരന്തത്തിൽ വിദ്വേഷപ്രചരണവുമായി തീവ്രഹിന്ദുത്വവാദികൾ

ഇത് ബീഫ് കഴിക്കുന്നവർക്കുള്ള ശിക്ഷ, ഇനി കേന്ദ്രത്തോട് സഹായം ചോദിക്കാൻ വരേണ്ട,ദൈവത്തിൻ്റെ സ്വന്തം നാടിനെ ദൈവം തിരിച്ചെടുക്കുകയാണ് ഇങ്ങനെ നീളുന്നു കമൻ്റുകൾ
"ഇത് നിങ്ങൾക്കുള്ള ശിക്ഷ!"; ചൂരൽമല ദുരന്തത്തിൽ വിദ്വേഷപ്രചരണവുമായി തീവ്രഹിന്ദുത്വവാദികൾ
Published on

ഒരു രാത്രികൊണ്ട് എല്ലാം നഷ്ടപെട്ടവരെ എങ്ങനെ സമാധാനിപ്പക്കണമെന്നറിയാതെ തങ്ങളാൽ കഴിയുന്ന രീതിയിലെല്ലാം ആശ്വാസമേകിക്കൊണ്ടിരിക്കുകയാണ് കേരളം. ചൂരൽമല ദുരന്തത്തിൽ ഇതുവരെ 264 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ചൂരൽമലയിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള ചാലിയാർ പുഴയിലേക്ക് ഒഴുകിയെത്തിയത് 144 മൃതദേഹങ്ങളാണ്. ഇവയിൽ പലതും ചിന്നി ചിതറിയ രീതിയിലായിരുന്നു. ദുരന്തത്തിൻ്റെ ദൃശ്യങ്ങളും വാർത്തകളും കണ്ട് രാജ്യം മുഴുവൻ നടുങ്ങിയിരിക്കുകയാണ്. എന്നാൽ മനുഷ്യത്വരഹിത കമൻ്റുകളിലൂടെ ഇതൊന്നും തങ്ങൾക്ക് ഏൽക്കില്ലെന്ന് വ്യക്തമായി പറഞ്ഞുവെച്ച് വർഗീയത തുപ്പുകയാണ് തീവ്രഹിന്ദുത്വവാദികൾ.

ചൂരൽമല ഉരുൾപ്പൊട്ടലുമായി ബന്ധപ്പെട്ടുള്ള സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾക്ക് കീഴെ വരുന്ന കമൻ്റുകൾ പലതും ഞെട്ടിക്കുന്നവയാണ്. ഹിന്ദുത്വ ഫാസിസ്റ്റ് പ്രചാരണ മാധ്യമമായ തത്വ ഇന്ത്യയുടെ കമൻ്റ് ബോക്സാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച. വർഗീയ, രാഷ്ട്രീയ, മുസ്ലീം വിരുദ്ധ, ജാതി പരാമർശങ്ങളാൽ നിറഞ്ഞ കമൻ്റ് ബോക്സിൽ കേരളത്തെ ഒറ്റപ്പെടുത്തുന്ന രാഷ്ട്രീയ പ്രസ്താവനകളാണ് കാണാൻ കഴിയുക.

രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തതിന്, ഹിന്ദി ഭാഷ സ്വീകരിക്കാത്തതിന്, ക്രിസ്തുമതം പിന്തുടരുന്നതിന്, ബിജെപിയെ തള്ളിപറയുന്നതിന്, പാലസ്തീനോട് ഐക്യദാർഢ്യം കാണിക്കുന്നതിന്,കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് രാഷ്ട്രീയം പിന്തുടരുന്നതിന്... ഇവയ്ക്കെല്ലാമായി  കേരളത്തിന് കിട്ടിയ ശിക്ഷയാണ് ഈ ദുരന്തമെന്ന തരത്തിലായിരുന്നു കമൻ്റുകളിൽ പലതും.

'ഇത് ബീഫ് കഴിക്കുന്നവർക്കുള്ള ശിക്ഷയാണ്' സന്ദേഹമൊട്ടുമില്ലാതെ ഒരാൾ കുറിച്ചു. 'ഇനി കേന്ദ്രത്തോട് സഹായം ചോദിക്കാൻ വരേണ്ട, ഇത് കർമ്മയാണ്, ഇനി സഹായത്തിനായി നിങ്ങൾ രാഹുൽ ഗാന്ധിയെ വിളിച്ചോളൂ, മുസ്ലീം ജനസംഖ്യകൂടുതലായ മലപ്പുറത്താണ് ഇത് നടന്നതെങ്കിൽ എന്ന് ആഗ്രഹിച്ച് പോവുകയാണ്, ദൈവത്തിൻ്റെ സ്വന്തം നാടിനെ ദൈവം തിരിച്ചെടുക്കുകയാണ്, അവർക്ക് സഹായത്തിന് സൈന്യം വേണ്ട സൈന്യത്തെ തിരിച്ചുവിളിക്കു...' ഇങ്ങനെ നീളുന്നു തീവ്രഹിന്ദുത്വവാദികളുടെ കമൻ്റുകൾ.

അതേസമയം ദുരന്തത്തെ നേരിടാൻ സംസ്ഥാനം മുഴുവൻ കൈകോർത്തിരിക്കുകയാണ്. കേരളത്തിന് അകത്തും പുറത്തുമുള്ള സന്നദ്ധ പ്രവർത്തകരും, നടൻമാരും, മനുഷ്യസ്നേഹികളുമുൾപ്പെടെ മുണ്ടക്കൈക്കായി കോടികളുടെ സഹായമാണ് നൽകുന്നത്. ഒപ്പം കുടുംബം നഷ്ടപ്പെട്ട കുട്ടികളെ ദത്തെടുക്കുമെന്ന് പറഞ്ഞും കുഞ്ഞുങ്ങൾക്കായി മുലപ്പാൽ നൽകാമെന്ന് ഉറപ്പ് നൽകിയും ദുരന്തബാധിതരെ കേരളം ഉള്ളഴിഞ്ഞ സ്നേഹത്താൽ ചേർത്തുപിടിക്കുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com