ലോകത്തെ ഏറ്റവും വലിയ ആത്മീയ സംഗമം; മഹാകുംഭമേളയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യക്കാർക്ക് പുറമേ പതിനായിരത്തോളം തീർഥാടകരാണ് കുംഭമേളയിൽ പങ്കെടുക്കാൻ നഗരത്തിലെത്തിയത്
ലോകത്തെ ഏറ്റവും വലിയ ആത്മീയ സംഗമം; മഹാകുംഭമേളയ്ക്ക് ഇന്ന് തുടക്കം
Published on

ലോകത്തെ ഏറ്റവും വലിയ ആത്മീയ സംഗമമായി വിശേഷിപ്പിക്കപ്പെടുന്ന മഹാകുംഭമേളയ്ക്ക് ഇന്ന് തുടക്കം. 45 ദിവസം നീണ്ടുനിൽക്കുന്ന കുംഭമേളയിൽ കോടിക്കണക്കിന് തീർഥാടകർ പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തിൽ എത്തിച്ചേരുമെന്നാണ് കണക്ക്. മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26 ന് പ്രത്യേക ചടങ്ങുകളോടെ കുംഭമേള അവസാനിക്കും. 12 വർഷത്തിലൊരിക്കലാണ് പ്രയാഗ് രാജിൽ കുംഭമേള നടക്കുന്നത്. ഹൈന്ദവ വിശ്വാസം അനുസരിച്ച് പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യാനും മോക്ഷം നേടാനുമുള്ള അവസരമായാണ് മഹാകുംഭമേളയെ കണക്കാക്കുന്നത്.


ഗംഗ, യമുന, സരസ്വതി നദികളുടെ പ്രയാഗ് രാജിലെ ത്രിവേണി സംഗമസ്ഥലത്താണ് മേള നടക്കുന്നത്. 12 കിലോമീറ്റർ നീളത്തിൽ സ്നാനഘട്ടങ്ങൾ നിർമ്മിച്ച് നദീതീരത്ത് വിപുലമായ ഒരുക്കങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. 4000 ഹെക്ടര്‍ വരുന്ന കുംഭ് ഗ്രൗണ്ട് 25 ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകരും ഭക്തരും ഇവിടെ ഒത്തുകൂടും. 45 കോടിയിലധികം തീർഥാടകരെയാണ് ഇത്തവണത്തെ കുംഭമേളയിൽ പ്രതീക്ഷിക്കുന്നത്.


അണ്ടർ വാട്ടർ ഡ്രോണുകൾ, എഐ സാങ്കേതിക വിദ്യകൾ എന്നിവയുൾപ്പെടെ വിപുലമായ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. തീർഥാടകരുടെ സഞ്ചാരം ഉൾപ്പെടെ നിരീക്ഷിക്കാനായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനത്തോടുകൂടിയ 2700 ക്യാമറകളും മേഖലയിൽ സ്ഥാപിച്ചിട്ടുണ്ട്. 40,000 ത്തോളം പൊലീസിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. 15,000 ശുചീകരണ തൊഴിലാളികൾ, 67,000 തെരുവ് വിളക്കുകൾ, 150,000 ടോയ്‌ലറ്റുകൾ, നദിക്ക് മുകളിലൂടെ 30 ഫ്ലോട്ടിംഗ് പോണ്ടൂൺ പാലങ്ങൾ, 99ഓളം പാർക്കിംഗ് സ്ഥലങ്ങൾ, 160,000ഓളം കൂടാരങ്ങൾ, എന്നിവയാണ് കുംഭമേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

കുംഭമേളയുടെ ഭാഗമായി വാരണസിക്കും പ്രയാഗ്‌രാജിനും ഇടയിലുള്ള 3 പൊലീസ് സ്റ്റേഷനുകളിൽ ആശുപത്രികൾ നിർമിച്ചിട്ടുണ്ട്. ഭാദോഹി ജില്ലയിലെ ഔറായ്, ഗോപിഗഞ്ച്, ഉഞ്ച് പൊലീസ് സ്റ്റേഷൻ പരിസരങ്ങളിൽ ആശുപത്രികൾ നിർമിച്ചിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് അഭിമന്യു മംഗ്ലിക് പറഞ്ഞു. ഇന്ന് മുതൽ മൂന്ന് ആശുപത്രികളും സുഗമമായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ, വൈദ്യസഹായം ആവശ്യമുള്ള ഭക്തർക്ക് ഈ ആശുപത്രികൾ സഹായകരമാകുമെന്ന് എസ്‌പി പറഞ്ഞു. ഒരു ഡോക്ടറും പാരാമെഡിക്കൽ സ്റ്റാഫും ആവശ്യമായ എല്ലാ മരുന്നുകളും ഈ ആശുപത്രികളിൽ മുഴുവൻ സമയവും ലഭ്യമാണെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ.സന്തോഷ് കുമാർ ചാക് അറിയിച്ചു.

ഇതുകൂടാതെ, ഏത് അടിയന്തര സാഹചര്യത്തിനും ഈ ആശുപത്രികളോ മറ്റ് സർക്കാർ, സ്വകാര്യ ആശുപത്രികളോ ആയി ബന്ധപ്പെടുമെന്നും എല്ലാ പൊലീസ് സ്റ്റേഷൻ ആശുപത്രികളിലും ആംബുലൻസ് ഉണ്ടായിരിക്കുമെന്നും സിഎംഒ അറിയിച്ചു. ഇന്ത്യക്കാർക്ക് പുറമേ പതിനായിരത്തോളം തീർഥാടകരാണ് കുംഭമേളയിൽ പങ്കെടുക്കാൻ നഗരത്തിലെത്തിയത്.2025 ലെ മഹാ കുംഭമേളയ്ക്ക് മുന്നോടിയായി ഉത്തർപ്രദേശ് സർക്കാർ മഹാ കുംഭ് പ്രദേശത്തെ പ്രത്യേക ജില്ലയായി പ്രഖ്യാപിച്ചിരുന്നു. യുനെസ്കോ പൈതൃക അംഗീകാരമുള്ള കുംഭമേള, രണ്ടുലക്ഷം കോടിയുടെ വരുമാനം ഇത്തവണ ഉത്തർപ്രദേശിന് നേടിത്തരുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com