
എരുമേലി അയ്യപ്പക്ഷേത്രത്തിൽ കുറിക്ക് ഫീസ് ഈടാക്കാനുള്ള ദേവസ്വം ബോർഡ് തീരുമാനത്തിനെതിരെ ഹിന്ദുസംഘടനകൾ ഹൈക്കോടതിയെ സമീപിച്ചു. ബോർഡ് തീരുമാനം റദ്ദാക്കണമെന്നും എരുമേലിയിൽ സ്‌പെഷ്യൽ കമ്മീഷണർ സേവനം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് അയ്യപ്പസേവാ സമാജം ആണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. വിഷയം ചർച്ച ചെയ്യാൻ ജില്ലാ കളക്ടരുടെ നേതൃത്വത്തിൽ യോഗം ചേരും.
എരുമേലി അയ്യപ്പക്ഷേത്രത്തിൽ ഭക്തരിൽ നിന്ന് ചന്ദനം, സിന്ദൂരം തുടങ്ങിയ കുറികൾക്ക് 10 രൂപ ഫീസ് ഈടാക്കാനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെയാണ് ദേവസ്വം ബോർഡ് തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് അയ്യപ്പസേവാ സമാജം ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഭക്തരെ ചൂഷണം ചെയ്യുന്ന നടപടിയാണ് ബോർഡിൻ്റേതെന്നും മുൻ വർഷങ്ങളിലേത് പോലെ സൗജന്യമായി കുറിതൊടാൻ ഭക്തർക്ക് അവസരം ഒരുക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. എരുമേലിയിൽ സ്‌പെഷ്യൽ കമ്മീഷണർ സേവനം ഉറപ്പാക്കണമെന്നും രാസസിന്ദൂരത്തിൻ്റെ ഉപയോഗം തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കുറി വിവാദം ചർച്ച ചെയ്യാൻ കോട്ടയം ജില്ലാ കളക്ടർ യോഗം വിളിച്ചു. ബോർഡ് അധികൃതരെയും ഹിന്ദു സംഘടനാ നേതാക്കളെയും ഉൾപ്പെടുത്തി ശനിയാഴ്ചയാണ് യോഗം ചേരുക. കച്ചവടക്കാരുടെ ചൂഷണം ഒഴിവാക്കാനാണ് കുറിക്ക് ചെറിയ നിരക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചതെന്നായിരുന്നു ദേവസ്വം ബോർഡിൻ്റെ വിശദീകരണം.