അന്താരാഷ്ട്ര വനിതാ ദിനം: ആരുടെയും ഔദാര്യമല്ല; ചരിത്രത്തെക്കുറിച്ചുള്ള ചില ഓര്‍മപ്പെടുത്തല്‍ കൂടിയാണ്

ഓരോ വനിതാ ദിനവും വെറും ദിനാചരണം മാത്രമല്ല മറിച്ച് ഒരോർമപ്പെടുത്തലാണ്. എത്രമേൽ വേട്ടയാടപ്പെട്ട, ചൂഷണം ചെയ്യപ്പെട്ട വിഭാഗമാണ് സ്ത്രീകളെന്ന ഓർമപ്പെടുത്തലുണ്ട് വനിതാദിനത്തിന്. സാമാന്യം പ്രിവിലേജുള്ള ഏതാനും ഉദാഹരണങ്ങൾ കാണിച്ച് സമർഥിക്കുന്നതിനും അപ്പുറമാണ് സ്ത്രീ ജീവിതത്തിലെ യാഥാർഥ്യങ്ങൾ. അത്തരം ജീവിത യാഥാർഥ്യങ്ങളെ തിരിച്ചറിഞ്ഞ് അതിനോട് പ്രതികരിക്കാൻ ഒരു പറ്റം സ്ത്രീകൾ കാണിച്ച ആർജവമാണ് ഇന്ന് നാം ആഘോഷിക്കുന്ന വനിതാ ദിനം. ആരുടെയും ഔദാര്യത്തില്‍ പിറന്ന ഒന്നല്ലെന്ന് സാരം.
അന്താരാഷ്ട്ര വനിതാ ദിനം: ആരുടെയും ഔദാര്യമല്ല; ചരിത്രത്തെക്കുറിച്ചുള്ള ചില ഓര്‍മപ്പെടുത്തല്‍ കൂടിയാണ്
Published on

അതെന്താ ഇവിടെ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ലേ? വലിയ പൊട്ടും തൊട്ട്, ഫെമിനിസ്റ്റായി, തോന്നിയപോലെ നടക്കണമെന്നാണോ? അതോ ഇനി പുരുഷന്മാര്‍ക്ക് മുകളില്‍ പോകണോ? സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു വാക്കെങ്ങാനും പറഞ്ഞാല്‍ ഇത്തരത്തില്‍ നൂറുനൂറ് ചോദ്യങ്ങള്‍ പൊട്ടിപ്പുറപ്പെടും. തുല്യത വേണമെന്നാണ് നിങ്ങളുടെ വാദമെങ്കില്‍, സംവരണം എന്തിനാണെന്നാണ് ചിലരുടെ ചോദ്യം. ഇത്തരം ചോദ്യങ്ങള്‍ക്കും മറുപടികള്‍ക്കും ഇടയിലാണ് ഓരോ വര്‍ഷവും അന്താരാഷ്ട്ര വനിതാ ദിനാചരണം കടന്നുപോകുന്നത്. പലപ്പോഴും അതിന്റെ ചരിത്രവും, പ്രാധാന്യവുമൊന്നും അറിയാതെയാണ് സ്ത്രീകള്‍ പോലും ആ ദിവസത്തെ ആചരിക്കുന്നത്. മാര്‍ച്ച് എട്ട്, വനിതകളെ ആദരിക്കാന്‍ വേണ്ടിയുള്ള ഒരു ദിനം മാത്രമല്ല. അത് ചരിത്രത്തെക്കുറിച്ചുള്ള ചില ഓര്‍മപ്പെടുത്തലും പ്രതിരോധവും കൂടിയാണ്.

വനിതാ ദിനത്തിൻ്റെ ചരിത്രം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യുഎസ്സിലെ സോഷ്യലിസ്റ്റ്-തൊഴിലാളി പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണ് വനിതാ ദിനത്തിൻ്റെ ചരിത്രം അടയാളപ്പെടുത്തി തുടങ്ങുന്നത്. മെച്ചപ്പെട്ട തൊഴിൽ സാഹചര്യത്തിനും മെച്ചപ്പെട്ട വേതനം ലഭിക്കുന്നതിനും വോട്ടവകാശത്തിനും വേണ്ടി പോരാടിത്തുടങ്ങിയ കാലമായിരുന്നു. 1908 മാർച്ച് എട്ടിന് തുണിമില്ലുകളിൽ ജോലി ചെയ്തിരുന്ന പതിനായിരക്കണക്കിന് സ്ത്രീകൾ (ഏകദേശം 12,000 മുതൽ 15,000 വരെ സ്ത്രീകൾ) ന്യൂയോർക്കിൽ ഒരു റാലി സംഘടിപ്പിച്ചു. കൂടുതൽ നേരം ജോലിയും തുച്ഛമായ വേതനവും നൽകുന്നതിൽ പ്രതിഷേധം അറിയിച്ചായിരുന്നു റാലി. അന്ന് ആ റാലിയിൽ ഉയർന്ന സ്ത്രീകളുടെ ശബ്ദം രാജ്യമാകെയും പിന്നീട് ലോകമാകെയും പടർന്നുകയറി. നോർത്ത് അമേരിക്കയിൽ മാത്രമല്ല, യൂറോപ്പിലും അന്ന് മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കായി സത്രീകളുടെ ശബ്ദം ഉയർന്നു.

യു.എസ്സില്‍ 1909 ഫെബ്രുവരി 28ന് വനിതാദിനം ആചരിച്ചു. പിന്നീട് 1910ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന സമ്മേളനത്തില്‍, ലോക വനിതാ ദിനം ആചരിക്കണമെന്ന ആവശ്യമുയര്‍ന്നു. തുടര്‍ന്ന്, 1911 മാര്‍ച്ച് 19ന് ജര്‍മ്മനിയും സ്വിറ്റ്സര്‍ലന്‍ഡും ഉള്‍പ്പെടെ രാജ്യങ്ങള്‍ വനിതാ ദിനം ആചരിച്ചു. ജർമ്മനിയിലെ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടി വനിതാ വിഭാഗം അധ്യക്ഷ ക്ലാര-സെട്കിനിന്‍റെ നേതൃത്വത്തിലായിരുന്നു ഇത്. അന്ന് 17 രാജ്യങ്ങളിൽനിന്നുള്ള വനിതാ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ ഉയര്‍ന്നുവന്ന ആശയത്തിന് അപ്പോൾത്തന്നെ അംഗീകാരം നൽകി. തൊട്ടടുത്ത വർഷം,1911 മാർച്ച്‌ എട്ടിന്, അന്താരാഷ്ട്രതലത്തിൽ ഈ ദിനം ആചരിച്ചു. 1917 മാർച്ച്‌ എട്ടിന് റഷ്യയിൽ നടത്തിയ വനിതാ ദിന പ്രകടനം , റഷ്യൻ വിപ്ലവത്തിന്റെ ഒന്നാം ഘട്ടമായാണ് കണക്കാക്കപ്പെടുന്നത്. 1975-ൽ ഐക്യരാഷ്ട്ര സഭയാണ് മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഓരോ വനിതാ ദിനവും വെറും ദിനാചരണം മാത്രമല്ല മറിച്ച് ഒരോർമപ്പെടുത്തലാണ്. എത്രമേൽ വേട്ടയാടപ്പെട്ട, ചൂഷണം ചെയ്യപ്പെട്ട വിഭാഗമാണ് സ്ത്രീകളെന്ന ഓർമപ്പെടുത്തലുണ്ട് വനിതാദിനത്തിന്. സാമാന്യം പ്രിവിലേജുള്ള ഏതാനും ഉദാഹരണങ്ങൾ കാണിച്ച് സമർഥിക്കുന്നതിനും അപ്പുറമാണ് സ്ത്രീ ജീവിതത്തിലെ യാഥാർഥ്യങ്ങൾ. അത്തരം ജീവിത യാഥാർഥ്യങ്ങളെ തിരിച്ചറിഞ്ഞ് അതിനോട് പ്രതികരിക്കാൻ ഒരു പറ്റം സ്ത്രീകൾ കാണിച്ച ആർജവമാണ് ഇന്ന് നാം ആഘോഷിക്കുന്ന വനിതാ ദിനം. ആരുടെയും ഔദാര്യത്തില്‍ പിറന്ന ഒന്നല്ലെന്ന് സാരം.

പുരുഷാധിപത്യ സമൂഹം കൊന്നുതള്ളിയ, അടിച്ചമർത്തിയ, പീഡിപ്പിച്ച് ഇല്ലാതാക്കിയ സ്ത്രീ ജീവിതങ്ങളുടെ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. ശൈശവ വിവാഹങ്ങൾ, മിനിറ്റുകൾ ഇടവിട്ട് ഓരോ രാജ്യങ്ങളിലും സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ, ഗാർഹിക പീഡനങ്ങൾ തുടങ്ങിയവയെല്ലാം എതിർക്കപ്പെടേണ്ടതാണ്. സമൂഹത്തിൽ എല്ലാ മനുഷ്യർക്കും തുല്യ അവകാശമാണ്. വിദ്യാഭ്യാസവും,ജോലിയും തുടങ്ങി എല്ലാ മേഖലകളിലും സ്ത്രീകൾക്ക് അർഹമായ പരിഗണന ലഭിക്കേണ്ടതുണ്ട്. ഈ വിഷയങ്ങളെ ഓർമിപ്പിക്കുകയും, അതിനായി പ്രവർത്തിക്കാൻ ആളുകളെ ബോധവാന്മാരാക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് വനിതാ ദിനത്തിനുള്ളത്.

ഈ വർഷത്തെ വനിതാ ദിനത്തിന് ഒരു സവിശേഷത കൂടിയുണ്ട്. സ്ത്രീകളും പെൺകുട്ടികളും അനുഭവിക്കുന്ന ദുരിതങ്ങൾക്കെതിരെ അവരുടെ അവകാശങ്ങൾക്ക് വേണ്ടി നടത്തിയ ബീജിംഗ് പ്രഖ്യാപനത്തിന്റെയും, പ്രവർത്തന പദ്ധതിരേഖയുടെയും 30-ാം വാർഷികം ആചരിക്കുന്നത് ഇതേ ദിവസമാണ്. ആക്‌സലറേറ്റ് ആക്ഷന്‍ എന്നതാണ് ഈ വര്‍ഷത്തെ വനിതാദിനത്തിന്റെ സന്ദേശം. ലിംഗ സമത്വത്തിലും, വിദ്യാഭ്യാസം, തൊഴിൽ എന്നീ മേഖലകളിൽ നേതൃസ്ഥാനങ്ങളിലുൾപ്പെടെ സ്ത്രീകൾക്ക് വേഗത്തിലുള്ള പുരോഗതി കൈവരിക്കണമെന്നുമാണ് ഈ ആശയത്തിലൂടെ ലക്ഷ്യമാക്കുന്നത്.

ദിനാചരണങ്ങളും, അവബോധ പരിപാടികളുമായി ഏറെ വർഷങ്ങൾ കടന്നു പോകുമ്പോഴും സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന അനീതികൾക്ക്, അവർ അനുഭവിക്കേണ്ടി വരുന്ന അക്രമങ്ങൾക്ക് എത്രമാത്രം കുറവ് വന്നിട്ടുണ്ട് എന്നത് വലിയൊരു ചോദ്യമാണ്. ഇന്നും മിനിറ്റുകൾ തോറും സ്ത്രീകൾ ആക്രമിക്കപ്പെടുന്ന വാർത്തകൾ വരുന്നുണ്ട്. ഒരു പക്ഷെ മുൻകാലങ്ങളെ അപേക്ഷിച്ച് അനീതികളോട് പ്രതികരിക്കുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചുവരുന്നു എന്നത് തന്നെ പ്രതീക്ഷ നൽകുന്ന കാര്യമാണ്. അതോടൊപ്പം തന്നെ സമൂഹം അത് ചർച്ച ചെയ്യുന്നവെന്നതും.

പക്ഷപാതം, വിവേചനം എന്നിവയില്ലാത്തതും വൈവിധ്യവും തുല്യതയും ഉള്‍ക്കൊള്ളുന്നതുമായ ലോകം, ലിംഗസമത്വമുള്ള ഒരു ലോകം സങ്കല്‍പ്പിച്ച് നോക്കുമ്പോൾ തന്നെ എത്ര മനോഹരമാണ്. പുരുഷാധിപത്യ ലോകത്ത് സ്ത്രീകളുടെ അവകാശങ്ങളും നേട്ടങ്ങളും അടയാളപ്പെടുത്തുന്ന ഒരു ദിനം, അതാണ് അന്താരാഷ്ട്ര വനിതാദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ലോകത്ത് അടിമകളോ ഉടമകളോ അല്ല സ്ത്രീകള്‍. അവർക്ക് വേണ്ടത് വേണ്ടത് തുല്യത മാത്രം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com