ഇന്ന് ദുഃഖവെള്ളി; ക്രിസ്തുവിൻ്റെ പീഢാനുഭവ സ്മരണ പുതുക്കി വിശ്വാസികൾ, ക്ഷമയുടെ സന്ദേശം പങ്കുവെച്ച് ആർച്ച്ബിഷപ് വർഗീസ് ചക്കാലക്കൽ

മനുഷ്യരാശിയുടെ പാപപരിഹാരത്തിനായി ദൈവപുത്രനായ യേശു ക്രിസ്തു കുരിശ് വരിച്ചുവെന്നും മൂന്നാം നാൾ ഉയർത്തെഴുന്നേറ്റുവെന്നുമാണ് വിശ്വാസം
ഇന്ന് ദുഃഖവെള്ളി; ക്രിസ്തുവിൻ്റെ പീഢാനുഭവ സ്മരണ പുതുക്കി വിശ്വാസികൾ, ക്ഷമയുടെ സന്ദേശം പങ്കുവെച്ച് ആർച്ച്ബിഷപ് വർഗീസ് ചക്കാലക്കൽ
Published on

കുരിശു മരണത്തിൻ്റെ ത്യാഗസ്മരണ പുതുക്കി ദുഖവെള്ളി. ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകളും കുരിശിൻ്റെ വഴിയും പുരോ​ഗമിക്കുകയാണ്. മലയാറ്റൂരിലേക്ക് ഒഴുകിയെത്തുന്നത് വൻ ഭക്തജനത്തിരക്കാണ്. പ്രാർഥനയിൽ മുഴുകിയിരിക്കുകയാണ് വിശ്വാസികൾ.

യേശു ക്രിസ്തുവിൻ്റെ പീഡാനുഭവത്തിൻ്റെയും കുരിശുമരണത്തിൻ്റെയും സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. മനുഷ്യരാശിയുടെ പാപപരിഹാരത്തിനായി ദൈവപുത്രനായ യേശു ക്രിസ്തു കുരിശ് വരിച്ചുവെന്നും മൂന്നാം നാൾ ഉയർത്തെഴുന്നേറ്റുവെന്നുമാണ് വിശ്വാസം. മലയാറ്റൂർ അടക്കമുള്ള പ്രശസ്തമായ ക്രൈസ്തവ തീർഥാടന കേന്ദ്രങ്ങളിലേക്ക് വൻ തീര്‍ഥാടക പ്രവാഹമാണ്. ക്രിസ്തുവിന്റെ പീഡാനുഭവത്തിലെ പതിനാല് സംഭവങ്ങള്‍ അനുസ്മരിക്കുന്ന കുരിശിൻ്റെ വഴിയാണ് ദുഃഖവെള്ളിയിലെ പ്രധാന കർമം.

ലഹരിക്കെതിരായ പോരാട്ടം തുടരണമെന്ന് ദുഖവെള്ളി സന്ദേശത്തിൽ ക്ലീമീസ് കാതോലിക്കാ ബാവ പ്രതികരിച്ചു. ഗൂഢ സംഘം വീടിന് മുന്നിലും കലാലയങ്ങളിലും നിൽക്കുന്നു. ലഹരി വ്യാപനം തടയണമെന്നും ക്ലീമീസ് കാതോലിക്കാ ബാവ പ്രതികരിച്ചു.

ദുഃഖവെള്ളി ക്ഷമയുടെ സന്ദേശമാണ് നൽകുന്നതെന്ന് കോഴിക്കോട് രൂപത ആർച്ച് ബിഷപ് വർഗീസ് ചക്കാലക്കൽ സന്ദേശത്തിൽ പറയുന്നു. വിട്ടുവീഴ്ചയുടെ മനോഭാവം വേണം പക്ഷേ അതല്ല ഇപ്പോൾ ലോകത്ത് നടക്കുന്നത്. മുനമ്പം പ്രശ്നം പരിഹരിക്കപ്പെടണം. സർക്കാർ മനഃപൂർവ്വം വൈകിപ്പിക്കുന്നതായി കരുതുന്നില്ല. അത് സർക്കാറിൻ്റെ മൈലേജ് കൂട്ടുകയേ ഉള്ളൂ. കോടതിക്കപ്പുറം എങ്ങനെ പ്രശ്നം പരിഹരിക്കാമെന്ന് നോക്കണം. കോടതി ഇടപെട്ടതിനാൽ കോടതി വിധി തന്നെയാകും അന്തിമമെന്നും വർഗീസ് ചക്കാലക്കൽ പറഞ്ഞു.

ക്രിസ്തു അനുഭവിച്ച പീഡാനുഭവങ്ങൾ ഒരുപാട് പേർ അനുഭവിക്കുന്നുണ്ടെന്നും ലോകത്തെ അനേകം ആളുകളിൽ അത് കാണാമെന്നും ലത്തീൻ സഭ ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ പറഞ്ഞു. യുദ്ധവും മതപീഡനവുമൊക്കെയായി അത് കാണാം. സമൂഹത്തിൽ രാസലഹരി അടക്കം വർധിക്കുന്നു. ഇന്നത്തെ ലോക സാഹചര്യങ്ങൾ കുരിശിൻ്റെ വഴിയാണ്. മുനമ്പം ജനത, മലയോര മേഖലയിലെ ജനങ്ങൾ, ആശ ജീവനക്കാർ ഇവരുടെ ഒപ്പം ചേരണം. ഇതാണ് ക്രൂശിതർ, അവർ അനുഭവിക്കുന്ന യാതനകൾ. അവർക്ക് ഒപ്പം നിൽക്കണം. മണൽ ഖനനം പ്രതിസന്ധി തീർക്കുന്ന തീരദേശ ജനതയ്ക്ക് ഒപ്പവും നിൽക്കണമെന്നും ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com