
കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ വിദ്യാർഥി സംഘടനകൾ ഏറ്റുമുട്ടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. എസ്എഫ്ഐ - കെഎസ്‌യു വിദ്യാർഥി സംഘടന നേതാക്കളെ പ്രതികളാക്കിയാണ് കേസ്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ആശിഷ് കൃഷ്ണനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കെഎസ്‌യു ജില്ലാ പ്രസിഡൻറ് ഗോകുൽ ഗുരുവായൂരാണ് ഒന്നാം പ്രതി. കെഎസ്‌യു നേതാക്കളായ അശ്വിൻ, ആദിത്യൻ, അക്ഷയ് അടക്കം കണ്ടാലറിയാവുന്ന 10 പേരെയും പ്രതി ചേർത്തു. കെഎസ്‌യു നേതാക്കളായ ആദിത്യനെയും ഗോകുലിനെയും മർദ്ദിച്ച കേസിൽ കണ്ടാലറിയാവുന്ന നാല് എസ്എഫ്ഐ പ്രവർത്തകരും പ്രതികളാണ്. ഇരു വിദ്യാർഥി സംഘടനകളുടെയും പരാതിയിൽ മാള, കൊരട്ടി പൊലീസാണ് കേസെടുത്തത്.
അതേസമയം, കലോത്സവത്തിനിടെ വിദ്യാർഥി സംഘടനകൾ ഏറ്റുമുട്ടിയ സംഭവത്തിൽ കലോത്സവം അരങ്ങേറിയ ഹോളി ഗ്രേസ് കോളേജ് വിശദീകരണവുമായി രംഗത്തെത്തി. കലോത്സവം സംഘടിപ്പിച്ചതും ആസൂത്രണം ചെയ്തതും വിദ്യാർഥി സംഘടനകളാണ്. മത്സരങ്ങൾക്ക് വേദി അനുവദിക്കുക മാത്രമാണ് കോളേജ് ചെയ്തതെന്നും കോളേജ് വ്യക്തമാക്കി. കലോത്സവ സംഘാടനത്തിലെ പിഴവുകളുടെ ഉത്തരവാദിത്വം വിദ്യാർഥി സംഘടനകൾക്ക് മാത്രമെന്നും കോളേജ് അറിയിച്ചു.
മത്സരഫലം ചോദ്യം ചെയ്താണ് ഡി സോൺ കലോത്സവത്തിനിടെ വിദ്യാർഥി സംഘടനകൾ ഏറ്റുമുട്ടിയത്. പ്രവർത്തകർ ഏറ്റുമുട്ടിയതോടെ പൊലീസ് എത്തി. സംഭവത്തിൽ 20 ഓളം പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.
കലോത്സവത്തിലെ സ്കിറ്റ് മത്സരത്തിനു പിന്നാലെയാണ് സംഘർഷമുണ്ടായത്. പൊലീസ് ലാത്തി വീശിയതോടെയാണ് സംഘർഷം അയഞ്ഞത്. തുടർന്ന് കലോത്സവം നിർത്തി വച്ചു. കെഎസ്‍യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിനു പിന്നിലെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. എന്നാൽ എസ്എഫ്ഐയാണ് ആക്രമിച്ചതെന്നാണ് കെഎസ്‍യുവിന്റെ വാദം.