അടിയന്തര സാഹചര്യം നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് അധിക അധികാരം; കത്ത് നല്‍കി ആഭ്യന്തര മന്ത്രാലയം

1968ലെ സിവിൽ ഡിഫൻസ് നിയമങ്ങളിലെ സെക്ഷൻ 11 പ്രകാരമാണ് നടപടി
അടിയന്തര സാഹചര്യം നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് അധിക അധികാരം; കത്ത് നല്‍കി ആഭ്യന്തര മന്ത്രാലയം
Published on

ഇന്ത്യാ-പാക് സംഘ‍ർഷത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകി കേന്ദ്രം. അടിയന്തര സാഹചര്യം നേരിടാനാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങളും കൂടുതൽ അധികാരങ്ങൾ നൽകിയിരിക്കുന്നത്. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും കേന്ദ്ര ഭരണപ്രദേശങ്ങളുടെ ചുമതലയുള്ളവർക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്ത് നൽകി. കരുതൽ നടപടിയുടെ ഭാഗമായാണ് കത്ത് നൽകിയത്. 


അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങളുടെയും സ്വത്തിന്റെയും സംരക്ഷണത്തിനും സുപ്രധാന സേവനങ്ങളുടെ തടസമില്ലാത്ത പ്രവർത്തനം ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കത്തിൽ പറയുന്നു. 1968ലെ സിവിൽ ഡിഫൻസ് നിയമങ്ങളിലെ സെക്ഷൻ 11 പ്രകാരമാണ് നടപടി. അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ മുൻകരുതൽ നടപടികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ സിവിൽ ഡിഫൻസ് ഡയറക്ടർക്ക് ​​അധികാരങ്ങൾ നൽകാമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഏപ്രിൽ 22ന് നടന്ന പഹൽ​ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടപ്പിലാക്കിയതിനു പിന്നാലെ രാജ്യത്തെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പാക് ആക്രമണം രൂക്ഷമായിരിക്കുകയാണ്. വ്യാഴാഴ്ച, അന്താരാഷ്ട്ര അതിർത്തിയോട് ചേർന്നു കിടക്കുന്ന പഞ്ചാബിലും ജമ്മുവിലും രാജസ്ഥാനിലും പാക് സൈന്യം നടത്തിയ ആക്രമണ ശ്രമം സുദര്‍ശൻ ചക്ര ഉപയോഗിച്ച് ഇന്ത്യ പ്രതിരോധിച്ചു. ഇന്ത്യയുടെ കരുത്തുറ്റ വ്യോമപ്രതിരോധ സംവിധാനം എസ്-400 സുദർശൻ ചക്രയാണ് രാജ്യത്തിന് കവചമായത്. ഹാരോപ് ഹാർവി ഡ്രോണുകൾ ഉപയോഗിച്ച് ഇന്ത്യ തിരിച്ചടിയും നൽകി. ലാഹോറിലും റാവൽപിണ്ടിയിലും നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോർട്ട്. ജമ്മു കശ്മീരിലെ ഗുൽബർഗ്, ഉറി, കുപ്വാര, രജൗരി, പൂഞ്ച് മേഖലകളിൽ അതിർത്തിക്കിപ്പുറത്തേക്ക് ഇടവിട്ട് ഷെല്ലാക്രമണം നടത്തി പാകിസ്ഥാൻ സൈന്യം പ്രകോപനം തുടരുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com