
രണ്ടടി മുന്നിലേക്ക് വെച്ചാല്‍ മരണത്തിലേക്ക് പതിക്കാവുന്ന ജീവിതമാണ് ബൊളീവിയയിലെ എല്‍ ആള്‍ട്ടോ മലഞ്ചെരുവിലെ നിവാസികള്‍ക്കുള്ളത്. താഴെയുള്ള നഗരം മുഴുവനും ഇവിടെ നിന്ന് നോക്കിയാല്‍ കാണാം. രണ്ടടി മാത്രം മുന്നോട്ടുവെച്ചാല്‍ നൂറടി താഴ്ചയിലേക്ക് പതിക്കുമെന്നറിഞ്ഞിട്ടും അവിടെ താമസിക്കുന്നത് നൂറുകണക്കിന് കുടുംബങ്ങളാണ്.
ഷാമന്‍ എന്നറിയപ്പെടുന്ന ആത്മീയശുശ്രൂഷകരാണ് അതിലധികവും. പലനിറങ്ങളിലുള്ള മേല്‍ക്കൂരകളുള്ള അവരുടെ വീടുകള്‍ കാഴ്ചയില്‍ മനോഹരമാണ്. എന്നാല്‍ സുരക്ഷിതമല്ല. ഒരൊറ്റ മണ്ണൊലിപ്പില്‍ മേഖലയൊന്നാകെ അവശേഷിപ്പുകളില്ലാതെ നശിക്കും. എന്നാല്‍ ഇവിടെ നിന്ന് മറ്റെവിടേക്കെങ്കിലും മാറിതാമസിക്കണമെന്ന പ്രാദേശിക ഭരണകൂടത്തിന്‍റെ ആവശ്യം അവരാരും ചെവിക്കൊള്ളില്ല.
അപകടമുണ്ടാകുമെന്ന് ഉറപ്പായിട്ടും അവിടെ തുടരാനുള്ള അവരുടെ തീരുമാനം കൊണ്ടാണ് മേഖല, സൂയിസെെഡ് ഹോമുകളെന്ന് അറിയപ്പെടുന്നത്. അയ്‌മാറ എന്നറിയപ്പെടുന്ന ഈ ഗോത്രസമൂഹം അവരുടെ ദൈവസങ്കൽപ്പമായ പാച്ചമാമയെ പ്രീതിപ്പെടുത്തുന്നതിനുള്ള നിരന്തര പൂജകളിലാണ്. അവരർപ്പിക്കുന്ന നേർച്ചകള്‍ സ്വീകരിച്ച് ദേവി തങ്ങളെ കാക്കുമെന്നാണ് വിശ്വാസം.
താമസസ്ഥലങ്ങള്‍ എന്നതിനപ്പുറം ആത്മീയകേന്ദ്രമായി മേഖലകളെ കാണുന്നവർ തങ്ങളുടെ വിശ്വാസത്തിന്‍റെ ശക്തിയില്‍ ഉറച്ചുവിശ്വസിക്കുന്നു. എന്നാല്‍ വർദ്ധിച്ചുവരുന്ന മഴക്കെടുതികള്‍ മേഖലയെ ദുർബലപ്പെടുത്തുന്നു എന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നത്. അതുകൊണ്ടുതന്നെ അറ്റകെെയ്യെന്ന നിലയ്ക്ക് നിർബന്ധപൂർവ്വം മേഖല ഒഴിപ്പിക്കാന്‍ വരെ പദ്ധതിയിടുകയാണ് അധികാരികള്‍.