'ഉപദ്രവിക്കരുതെന്ന് പലതവണ ആവര്‍ത്തിച്ചു പറഞ്ഞു, ഗതികെട്ടപ്പോഴാണ് പരാതി നല്‍കിയത്:' ഹണി റോസ് ന്യൂസ് മലയാളത്തോട്

ബോബിക്കെതിരായ തെളിവുകൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ഹണി റോസ് വ്യക്തമാക്കി
'ഉപദ്രവിക്കരുതെന്ന് പലതവണ ആവര്‍ത്തിച്ചു പറഞ്ഞു, ഗതികെട്ടപ്പോഴാണ് പരാതി നല്‍കിയത്:' ഹണി റോസ് ന്യൂസ് മലയാളത്തോട്
Published on

വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നിയമപോരാട്ടം തുടരുമെന്ന് നടി ഹണി റോസ്. ബോബി ചെമ്മണൂരിനെതിരെ കൃത്യമായ തെളിവുകൾ ശേഖരിച്ച ശേഷമാണ് പൊലീസിൽ പരാതി നൽകിയതെന്ന് ഹണി റോസ് ന്യൂസ് മലയാളത്തോട് പറഞ്ഞു. ബോബിക്കെതിരായ തെളിവുകൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ഹണി റോസ് വ്യക്തമാക്കി.


ബോബി ചെമ്മണ്ണൂർ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കതെിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ഹണി റോസ് സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചത്. തന്നോട് മാത്രമല്ല നിരവധി സ്ത്രീകളോട് ബോബി ചെമ്മണ്ണൂർ മോശമായി പെരുമാറിയിട്ടുണ്ടെന്ന് ഹണിറോസ് ന്യൂസ് മലയാളത്തോട് പറഞ്ഞു. ഉപദ്രവിക്കരുതെന്ന് പല തവണ ആവർത്തിച്ചു പറഞ്ഞിരുന്നു. ഗതികെട്ടപ്പോഴാണ് പരാതി നൽകിയതെന്നും ഹണി റോസ് വ്യക്തമാക്കി.

ഒരു വ്യവസായി തനിക്കെതിരെ നിരന്തരമായി അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്നതായി ആരോപിച്ചുകൊണ്ട് ഹണി റോസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നിയമവിദഗ്ധന്റെ നിര്‍ദേശം അനുസരിച്ചാണ് പേര് പറയാത്തതെന്നും നടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിന്റെ പേര് പറഞ്ഞുകൊണ്ട് നടി രംഗത്തെത്തിയത്.

തനിക്കെതിരെ ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തി ഒരാള്‍ നിരന്തരമായി അപമാനിക്കുന്നെന്നായിരുന്നു ആദ്യം ഹണി റോസ് പരസ്യമായി പങ്കുവെച്ച പോസ്റ്റ്. തന്റെ പിറകെ നടന്ന് ഉപദ്രവിക്കുകയായിരുന്ന വ്യക്തിക്കെതിരെയാണ് പോസ്റ്റിട്ടത് എന്ന് ഹണി റോസ് നേരത്തെ ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു. ഇനിയും ഉപദ്രവം തുടര്‍ന്നാല്‍ തീര്‍ച്ചയായും പരാതി നല്‍കും. അയാള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ പങ്കിടുക്കില്ലെന്ന് അറിയിച്ചതോടെയാണ് ഉപ്രദവം ആരംഭിച്ചതെന്നും ഹണി റോസ് ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു.

കുറച്ചുനാളുകയായി തനിക്കും കുടുംബത്തിനുമുണ്ടായ മോശം അനുഭവം മൂലമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. നിരവധി തവണ ഇക്കാര്യം വ്യക്തിയോട് സൂചിപ്പിച്ചിരുന്നു. ആദ്യ പരിപാടി കഴിഞ്ഞ ഉടന്‍ തന്നെ ഇയാളോട് കാര്യം പറഞ്ഞിരുന്നു. ഇന്ത്യയില്‍ ഒരാള്‍ക്കും ഇത്തരം അവസ്ഥയിലൂടെ കടന്നു പോകേണ്ട ആവശ്യമില്ലെന്നും എന്ത് തോന്നിവാസവും വിളിച്ചുപറയാമെന്ന ചിന്ത ആര്‍ക്കുമുണ്ടാവരുതെന്നും ഹണി റോസ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

അതേസമയം സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചെന്ന ഹണി റോസിന്റെ പരാതിയില്‍ ഒരാള്‍ അറസ്റ്റിലായി. കുമ്പളം സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. നടി എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 30 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നും പൊലീസ് അറിയിച്ചു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com