
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ മലയാള സിനിമയിലെ നിരവധിപ്പേർ ലൈംഗികരോപണങ്ങൾ നേരിടുന്നതിൽ പ്രതികരിച്ച് നടി ഹണിറോസ്. ലൈംഗിക ചൂഷണം നടത്തിയവർ ശിക്ഷിക്കപ്പെടണമെന്നാണ് തൻ്റെ നിലപാടെന്ന് ഹണി റോസ് വെളിപ്പെടുത്തി. സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു നടിയുടെ പ്രതികരണം.
"മലയാള സിനിമയിൽ ലൈംഗിക ചൂഷണം നടത്തിയവർ ശിക്ഷിക്കപ്പെടണം. അഭിനയിച്ച സെറ്റുകളിൽ ആരും ചൂഷണം നേരിട്ടതായി അറിയില്ല. അതിനെപ്പറ്റി അന്വേഷണം നടക്കുകയാണല്ലോ. എല്ലാം പുറത്തു വരട്ടെ" ഹണി റോസ് പ്രതികരിച്ചു.
ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആദ്യമായാണ് വിഷയത്തിൽ നടി പ്രതികരിക്കുന്നത്. ഇതിനോടകം നിരവധിപ്പേരാണ് സിനിമാ മേഖലയിൽ തങ്ങൾ നേരിട്ട ചൂഷണങ്ങൾ തുറന്നു പറഞ്ഞ് രംഗത്തെത്തിയത്. ഈ വിഷയത്തില്‍ സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഇതിനിടെ നടൻ നിവിൻ പോളിക്കെതിരെ ഉയർന്ന ലൈംഗികാരോപണ പരാതിയില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് താരം തന്നെ രംഗത്തെത്തി. നേര്യമംഗലം സ്വദേശിനിയാണ് നിവിൻ പോളി ദുബായിൽ പീഡിപ്പിച്ചെന്ന് ആരോപിച്ചത്. എന്നാൽ പരാതിക്കാരി പറയുന്ന ദിവസങ്ങളിൽ നിവിൻ സിനിമ ഷൂട്ടിങ്ങിലായിരുന്നെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നത്.