എയിംസ് ലഭിക്കുമെന്ന് പ്രതീക്ഷ, ധനവിഹിതം വര്‍ധിപ്പിക്കുമെന്നും കരുതുന്നു: ബജറ്റില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്

കോഴിക്കോട് കിനാലൂരില്‍ എയിംസിനായി സ്ഥലം ഏറ്റെടുത്തിട്ട് പത്തുവര്‍ഷമായി. എയിംസിനും കേരളത്തിന് ഇതുവരെയും ഗ്രീന്‍ സിഗ്നല്‍ ലഭിച്ചിട്ടില്ല
എയിംസ് ലഭിക്കുമെന്ന് പ്രതീക്ഷ, ധനവിഹിതം വര്‍ധിപ്പിക്കുമെന്നും കരുതുന്നു: ബജറ്റില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്
Published on

കേരളത്തിന്‍റെ എയിംസ് എന്ന ആവശ്യം കേന്ദ്ര ബജറ്റില്‍ പരിഗണനിയിലുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്തിന്‍റെ ധനവിഹിതം കൂടി വർധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നതായി വീണ ജോർജ് പറഞ്ഞു. മലപ്പുറത്ത് നടന്ന നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണവെയായിരുന്നു ആരോഗ്യ മന്ത്രിയുടെ പ്രതികരണം.

മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമുള്ള ആദ്യ സമ്പൂര്‍ണ ബജറ്റാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് അവതരിപ്പിക്കുക. കേന്ദ്ര ബജറ്റില്‍ വലിയ പ്രതീക്ഷയിലാണ് കേരളവും. നിലവില്‍ സാമ്പത്തിക ഞെരുക്കത്തിലുള്ള കേരളം അടിസ്ഥാനപരമായി പ്രതീക്ഷിക്കുന്നത് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ്. ഇത് ലഭിക്കുന്നതോടെ കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് മൂലമുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്.

കോഴിക്കോട് കിനാലൂരില്‍ എയിംസിനായി സ്ഥലം ഏറ്റെടുത്തിട്ട് പത്തുവര്‍ഷമായി. എയിംസിനും കേരളത്തിന് ഇതുവരെയും ഗ്രീന്‍ സിഗ്നല്‍ ലഭിച്ചിട്ടില്ല. റോഡും കുടിവെള്ളവും ഉള്ള 200 ഏക്കര്‍ ഭൂമി നല്‍കിയാല്‍ എയിംസ് അനുവദിക്കാമെന്ന് 2014ല്‍ കേന്ദ്രം പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ 2018ല്‍ കേന്ദ്രം അറിയിച്ചത് കേരളത്തിന്‍റെ എയിംസ് കേന്ദ്രത്തിന്റെ പരിഗണനയിലില്ലെന്നാണ്. അതേസമയം കേരളം നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ധനമന്ത്രാലയത്തിന് സംസ്ഥാനത്തിന് എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയെങ്കിലും ഇതുവരെയും അക്കാര്യത്തില്‍ നടപടി ഉണ്ടായിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com