രാജ്യം കാക്കേണ്ട സൈനികര്‍ നടത്തിയ അരുംകൊല; വേദനയായി രഞ്ജിനിയും ഇരട്ടക്കുഞ്ഞുങ്ങളും

ഗര്‍ഭിണിയാക്കിയ യുവതിയേയും ഇരട്ടക്കുഞ്ഞുങ്ങളേയും ക്രൂരമായി കൊലപ്പെടുത്തിയ ദിബില്‍ കുമാര്‍ ഈ കാലത്തിനിടയില്‍ പുതുച്ചേരിയില്‍ മറ്റൊരു ജീവിതം കെട്ടിപ്പടുത്തിരുന്നു
രാജ്യം കാക്കേണ്ട സൈനികര്‍ നടത്തിയ അരുംകൊല; വേദനയായി രഞ്ജിനിയും ഇരട്ടക്കുഞ്ഞുങ്ങളും
Published on

കൊല്ലം അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതികളെ 19 വര്‍ഷങ്ങള്‍ക്കു ശേഷം പിടികൂടിയത് പോണ്ടിച്ചേരിയില്‍ നിന്ന്. പ്രതികളാ അഞ്ചല്‍ സ്വദേശി ദിബില്‍ കുമാര്‍, കണ്ണൂര്‍ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്. സൈനികരായിരുന്ന ഇരുവരും കൊലപാതകത്തിനു ശേഷം ഒളിവില്‍ പോകുകയായിരുന്നു. പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിരുന്നു. 2012 ലാണ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.

2016 ല്‍ നടന്ന ക്രൂരമായ കൊലപാതകം

2006 ഫെബ്രുവരി പത്തിനായിരുന്നു നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. 24 കാരിയായ രഞ്ജിനിയും പതിനേഴ് ദിവസം മാത്രം പ്രായമുള്ള ഇരട്ട പെണ്‍കുട്ടികളുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ചല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ യാതൊരു തുമ്പും ലഭിക്കാത്തതിനെ തുടര്‍ന്ന് ഹൈക്കോടതി 2010 ജനുവരി 15 ന് കേസ് സിബിഐക്ക് കൈമാറി. 2010 ഫെബ്രുവരി ആറിന് സിബിഐ ചെന്നൈ യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ദിബില്‍ കുമാറിനെതിരേയും സുഹൃത്ത് രാജേഷിനേയും ഉള്‍പ്പെടുത്തി സിബിഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകത്തിനു പിന്നാലെ ഒളിവില്‍ പോയ ഇരുവരേയും കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു.


കൊലപാതകം ഇങ്ങനെ


കൊല്ലം ജില്ലയിലെ അഞ്ചലില്‍ വാടക വീട്ടില്‍ വെച്ചാണ് രഞ്ജിനിയും ദിവസങ്ങള്‍ മാത്രം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളും കൊല്ലപ്പെടുന്നത്. കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റിനായി പഞ്ചായത്ത് ഓഫീസില്‍ പോയി മടങ്ങിയെത്തിയ രഞ്ജിനിയുടെ അമ്മയാണ് മൃതദേഹങ്ങള്‍ ആദ്യം കാണുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.

അന്വേഷണം ചെന്നെത്തിയത് പത്താന്‍കോട്ടിലെ ഇന്ത്യന്‍ ആര്‍മിയുടെ 45 എഡി റെജിമെന്റ് ഉദ്യോഗസ്ഥനായിരുന്ന ദിബില്‍ കുമാറിലേക്കാണ്. രഞ്ജിനിയുടെ അയല്‍വാസിയായിരുന്നു ദിബില്‍ കുമാര്‍. ഈ ബന്ധത്തില്‍ 2006 ജനുവരി 24 ന് രഞ്ജിനി ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. പ്രസവ ശേഷം രഞ്ജിനിയെ ഒഴിവാക്കാന്‍ ദിബില്‍ കുമാര്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതോടെ രഞ്ജിനി വനിതാ കമ്മീഷനെ സമീപിച്ചു. രഞ്ജിനിയുടെ പരാതിയില്‍ വനിതാ കമ്മീഷന്‍ പിതൃത്വ പരിശോധനയ്ക്ക് ഉത്തരവിട്ടതോടെയാണ് യുവതിയേയും സ്വന്തം കുഞ്ഞുങ്ങളേയും എന്നെന്നേക്കുമായി ഒഴിവാക്കാന്‍ ദിബില്‍ കുമാര്‍ തീരുമാനിച്ചത്. കുട്ടികളുടെ പിതാവ് താനാണെന്ന് തെളിയുമെന്ന ഭയന്ന് യുവതിയേയും കുഞ്ഞുങ്ങളേയും ദിബില്‍ കുമാര്‍ കൊലപ്പെടുത്തിയെന്നാണ് കേസ്.

45 എഡി റെജിമെന്റില്‍ സഹപ്രവര്‍ത്തകനായിരുന്ന കണ്ണൂര്‍ സ്വദേശി രാജേഷിന്റെ സഹായത്തോടെയായിരുന്നു ദിബില്‍ കുമാര്‍ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം രാജേഷ് രഞ്ജിനിയുമായി സൗഹൃദം സ്ഥാപിച്ചു. ദിബില്‍ കുമാറിനെ വിവാഹത്തിന് സമ്മതിപ്പിക്കാമെന്ന് രാജേഷ് രഞ്ജിനിക്ക് ഉറപ്പ് നല്‍കി. എന്നാല്‍, സുഹൃത്തിന്റെ 'ദുരഭിമാനം' കാക്കാന്‍ ചോരമണം മാറാത്ത കുഞ്ഞുങ്ങളേയും പേറ്റു നോവ് മാറാത്ത പെണ്‍കുട്ടിയേയും കൊല്ലാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു അത്.

കുഞ്ഞുങ്ങളുടെ ജനന സര്‍ട്ടിഫിക്കറ്റിനായി രഞ്ജിനിയുടെ അമ്മ പഞ്ചായത്ത് ഓഫീസിലേക്ക് പോയ സമയത്തായിരുന്നു അരുംകൊല നടന്നത്. അമ്മയ്‌ക്കൊപ്പം രഞ്ജിനിയും കുഞ്ഞുങ്ങളും താമസിച്ചിരുന്ന വാടക വീടിനോട് ചേര്‍ന്നായിരുന്നു രാജേഷും താമസിച്ചിരുന്നത്. അമ്മയില്ലാത്ത സമയം അവസരമാക്കി രാജേഷും ദിബില്‍ കുമാറും രഞ്ജിനിയേയും കുഞ്ഞുങ്ങളേയും കൊലപ്പെടുത്തി. രഞ്ജിനിയുടെ തലയ്ക്ക് ക്ഷതമേറ്റ നിലയിലും നെഞ്ചിൽ കുത്തേറ്റ നിലയിലുമായിരുന്നു. കുഞ്ഞുങ്ങളെ കഴുത്തറുത്താണ് കൊന്നത്. 



പേരും മേല്‍വിലാസവും മാറ്റി പുതിയ ജീവിതം

അരുംകൊലയ്ക്കു ശേഷം ദിബില്‍ കുമാറും രാജേഷും ഒളിവില്‍ പോയി. ഇരുവരെ കുറിച്ച് വിവരം ലഭിക്കാതായതോടെ 2006 ല്‍ ഇന്ത്യന്‍ ആര്‍മി രണ്ട് പേരും നാടുവിട്ടതായി പ്രഖ്യാപിച്ചു. ഈ സമയവും പ്രതികള്‍ക്കായുള്ള അന്വേഷണത്തിലായിരുന്നു കേരള പൊലീസ്. എന്നാല്‍, പേരും അഡ്രസുമെല്ലാം മാറ്റി മുങ്ങിയ പ്രതികളെ കുറിച്ച് യാതൊരു തുമ്പും ലഭിച്ചില്ല. ഇരുവരുടേയും വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല.

അന്വേഷണം സിബിഐയിലേക്ക്

2010 ലാണ് കേസ് അന്വേഷണം സിബിഐക്ക് നല്‍കി കേരള ഹൈക്കോടതി ഉത്തരവിട്ടത്. അന്വേഷണം തുടര്‍ന്നെങ്കിലും പ്രതികളെ കുറിച്ച് വര്‍ഷങ്ങളോളം യാതൊരു വിവരവും ലഭിച്ചില്ല. ഈ സമയം പുതുച്ചേരിയിലായിരുന്ന പ്രതികള്‍ സംഭവങ്ങളെല്ലാം നിരീക്ഷിച്ചു വരികയായിരുന്നു. പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചതോടെ സിബിഐ അന്വേഷണം അവസാനിപ്പിക്കുമെന്നാണ് ഇരുവരും കരുതിയത്. എന്നാല്‍ കുറ്റകൃത്യം നടത്തി ഒളിവില്‍ പോയവരെ കണ്ടെത്താനായി പ്രവര്‍ത്തിക്കുന്ന സിബിഐയിലെ പ്രത്യേക വിഭാഗം പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നു. ഈ അന്വേഷണത്തിലാണ് പുതുച്ചേരിയില്‍ നിന്നുള്ള സൂചനകള്‍ ലഭിക്കുന്നത്. അഞ്ചല്‍ അലയമണിലുള്ള ഒരാള്‍ ദിബില്‍ കുമാറിനെ പുതുച്ചേരിയില്‍ വെച്ച് കണ്ടെന്ന വിവരം സിബിഐക്ക് കൈമാറി.

പുതിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിബിഐ ചെന്നൈ യൂണിറ്റ് പുതുച്ചേരിയിലേക്ക് പുറപ്പെട്ടു. ഡിവൈ.എസ്.പി.മാരായ രാജശേഖര്‍, രവി, അഡീഷണല്‍ എസ്.പി. ദിനേശ്, എസ്.ഐ. സെബാസ്റ്റ്യന്‍, ദിലീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതുച്ചേരിയിലെത്തിയത്. വെള്ളിയാഴ്ച സ്ഥലത്തെത്തിയ സംഘം ഉച്ചയോടെ പ്രതികളെ കണ്ടെത്തുകയും ചെയ്തു.

പുതിയ ലോകം, പുതിയ ജീവിതം

ഗര്‍ഭിണിയാക്കിയ യുവതിയേയും അവള്‍ പ്രസവിച്ച ഇരട്ടക്കുഞ്ഞുങ്ങളേയും ക്രൂരമായി കൊലപ്പെടുത്തിയ ദിബില്‍ കുമാര്‍ ഈ കാലത്തിനിടയില്‍ പുതുച്ചേരിയില്‍ മറ്റൊരു ജീവിതം കെട്ടിപ്പടുത്തിരുന്നു. മറ്റൊരു പേരില്‍ രാജേഷും ദിബില്‍ കുമാറും ആധാര്‍ കാര്‍ഡ് അടക്കം വ്യാജ രേഖകളുണ്ടാക്കി. പുതുച്ചേരിയില്‍ നിന്ന് തന്നെ രണ്ട് അധ്യാപികമാരേയും ഇരുവരും വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ രണ്ട് പേര്‍ക്കും കുട്ടികളുമുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com