വിലക്കയറ്റം; വെല്ലുവിളിയായി വേനലും മഴയും, പ്രതിരോധിക്കുമോ കേന്ദ്രം?

കനത്തചൂട് ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തേയും വിതരണത്തെയുമെല്ലാം പ്രതികൂലമായി ബാധിച്ചു.
വിലക്കയറ്റം; വെല്ലുവിളിയായി വേനലും മഴയും, പ്രതിരോധിക്കുമോ കേന്ദ്രം?
Published on

ജനങ്ങളെയാകെ ചുട്ടുപൊള്ളിച്ചാണ് ഇത്തവണ വേനൽക്കാലം കടന്നുപോയത്. അതിനുപിറകെ മഴ വന്നിട്ടും ആ ചൂടിൻ്റെ കാഠിന്യം കുറഞ്ഞില്ല. വിലക്കയറ്റത്തിലൂടെ മറ്റൊരു പ്രതിസന്ധിയായി അത് ജനങ്ങളെ കാർന്നു തിന്നുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരൻ്റെ നടുവൊടിക്കുന്ന തരത്തിലാണ്. പച്ചക്കറിയും പരിപ്പുവര്‍ഗങ്ങളും ധാന്യങ്ങളും തുടങ്ങി എല്ലാത്തിനും പൊളളുന്ന വില. വിലക്കയറ്റത്തിൻ്റെ പ്രധാന കാരണമായി പറയുന്നത് ചൂട് തന്നെയാണ്. ഇക്കഴിഞ്ഞ വേനൽക്കാലത്ത് രാജ്യത്തിന്‍റെ പകുതിയോളം ഭാഗങ്ങളില്‍ സാധാരണയേക്കാള്‍ 4-9 ഡിഗ്രി അധികമായാണ് താപനില അനുഭവപ്പെട്ടത്. കനത്തചൂട് ഭക്ഷ്യവസ്തുക്കളുടെ ഉല്‍പാദനത്തേയും വിതരണത്തെയുമെല്ലാം പ്രതികൂലമായി ബാധിച്ചു.

അത്രതന്നെ അല്ലെങ്കിൽ അതിലുമേറെ ഭീകരമായാണ് ജല ദൗർലഭ്യവും അനുഭവപ്പെട്ടത്. ഇത് ഏറെ ദോഷകരമായി ബാധിച്ചത് പച്ചക്കറി കൃഷിയെയാണ്. അതോടെ പച്ചക്കറിവില കുത്തനെ ഉയരുകയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെയാണ് രാജ്യത്ത് വിലക്കയറ്റം രൂക്ഷമായ നിലയിലേക്കെത്തിയത്. പച്ചക്കറിവില 28 ശതമാനമാണ് ഉയർന്നതെങ്കിൽ പയർവർഗങ്ങൾക്ക് 17 ശതമാനവും, ധാന്യങ്ങൾക്ക് 8.6 ശതമാനവുമാണ് വില വർധിച്ചത്. സുഗന്ധ വ്യഞ്ജനങ്ങൾക്ക് 7.8 ശതമാനം വിലവർധനവാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മത്സ്യമാംസാദികളുടെ കാര്യത്തിലും വില പിറകോട്ടുപോയിട്ടില്ല. മാംസം, മത്സ്യം എന്നിവയുടെ വില 8.2 ശതമാനവും മുട്ടയുടെ വില 7.1 ശതമാനവും വർധിച്ചതായി കണക്കുകൾ കാണിക്കുന്നു.

രാജ്യത്തെയാകെ പിടിച്ചുലച്ച ഉഷ്ണതരംഗം കാർഷിക മേഖലയെ ആകെ തളർത്തുകയായിരുന്നു. ഇതിനൊരു പ്രതിവിധിയായി അധികൃതരും ജനങ്ങളും പ്രതീക്ഷിക്കുന്നത് മഴക്കാലത്തെയാണെങ്കിൽ അതും ഭാഗ്യം പോലിരിക്കും. അളവിൽ കവിഞ്ഞ മഴയും പ്രളയവും പലപ്പോഴും വിളനാശത്തിലേക്കാവും കാർഷിക മേഖലയെ നയിക്കുക. അതും ഉൽപാദനത്തേയും വിതരണത്തേയും പ്രതികൂലമായി ബാധിച്ചാൽ വിലക്കയറ്റം മാത്രമല്ല ക്ഷാമം കൂടി നേരിടാൻ ജനങ്ങൾ തയ്യാറെടുക്കേണ്ടി വരും. കാലാവസ്ഥയും, പ്രകൃതി ദുരന്തങ്ങളുമെല്ലാം പ്രവചനാതീതമാണ്. ഇക്കാര്യത്തിൽ കൃത്യമായി ആസൂത്രണം ചെയ്യുവാനും നടപ്പാക്കാനും സാധിക്കുന്നത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇടപെടലുകളാണ്. അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യങ്ങളിൽ വിലക്കയറ്റത്തെ നിയന്ത്രിക്കാൻ. ഭക്ഷ്യോത്പന്നങ്ങളുടെ വിതരണം കാര്യക്ഷമമാക്കാൻ സർക്കാരുകൾ എന്ത് നടപടി സ്വീകരിക്കുന്നു എന്നതാണ് പ്രധാനം.

രാജ്യത്തെ മൊത്ത, ചില്ലറ വിൽപന കേന്ദ്രങ്ങളിൽ ഭക്ഷ്യവകുപ്പിൻ്റെ നേതൃത്വത്തിൽ വില നിരീക്ഷണം നടത്തിവരുന്നെന്നാണ് ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ വാദം. കാബിനറ്റ് സെക്രട്ടേറിയറ്റ്, ധനമന്ത്രാലയം, ഭക്ഷ്യ-പൊതുവിതരണ വകുപ്പ്, കൃഷി, കർഷക ക്ഷേമ വകുപ്പ്, ഉപഭോക്തൃകാര്യ വകുപ്പ് എന്നിവയുൾപ്പെടെ മറ്റു വകുപ്പുകൾ വില നിരീക്ഷിക്കുന്നുണ്ട്. പൂഴ്ത്തിവയ്പ്പ് തടയാൻ ഇറക്കുമതി ചെയ്ത ചരക്ക് ഉൾപ്പടെ ഉത്പന്നങ്ങളുടെ സ്റ്റോക്ക് വെളിപ്പെടുത്താൻ വ്യാപാരികളോട് അവശ്യപ്പെട്ടിട്ടുണ്ട്. പയര്‍വർഗങ്ങൾക്ക് സ്റ്റോക്ക് പരിധി ഏർപ്പെടുത്താൻ കേന്ദ്രം ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

വിലക്കയറ്റവും വിളനാശവും വിതരണത്തെ ബാധിക്കുന്നതിനെക്കുറിച്ചുള്ള നിരന്തരമായ ആശങ്കകൾക്കിടയിൽ കേന്ദ്രം നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന ഈ നടപടികൾ ജനങ്ങൾക്ക് ഉപകാരപ്പെടുമോയെന്ന് കണ്ടറിയണം. പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത തുടങ്ങിയ അനധികൃത പ്രവൃത്തികൾ കർശനമായി തടയുകയും, കർഷകരെ വെല്ലുവിളികളിൽ പിന്തുണയ്ക്കുകയും, ഉത്പന്ന ശേഖരണത്തിനും വിതരണത്തിനും ഫലപ്രദമായ മാർഗങ്ങൾ സർക്കാർ നേതൃത്വത്തിൽ കണ്ടെത്തി നടപ്പാക്കുകയും ചെയ്താൽ മാത്രമേ വിലക്കയറ്റമെന്ന പ്രതിസന്ധിയോട് പൊരുതാനാകൂ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com