
55-ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമയില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കുന്നത് ബോളിവുഡ് താരം രണ്‍ദീപ് ഹൂഡ സംവിധാനം ചെയ്ത സ്വതന്ത്ര വീര്‍ സവര്‍ക്കറാണ്. സംവിധായകനും നടനും തിരക്കഥാകൃത്തുമായ ഡോ. ചന്ദ്രപ്രകാശ് ദ്വിവേദിയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് ചിത്രം തിരഞ്ഞെടുത്തത്. വി.ഡി സവര്‍ക്കറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങിയ സിനിമയാണ് സ്വതന്ത്ര വീര്‍ സവര്‍ക്കര്‍. രണ്‍ദീപ് ഹൂഡയാണ് ചിത്രത്തില്‍ സവര്‍ക്കറിന്റെ വേഷം അവതരിപ്പിച്ചത്. ഉദ്ഘാടന ചിത്രമായി ജൂറി എന്തുകൊണ്ട് സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ എന്ന ചിത്രം തന്നെ തിരഞ്ഞെടുത്തു എന്നത് ഉന്നയിക്കപ്പെടേണ്ട ചോദ്യമാണ്. ഇതിലൂടെ ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മുഖമായി മാറുകയാണ് വീര്‍ സവര്‍ക്കര്‍ എന്ന ചിത്രം. ഇത് യാദൃശ്ചികമായി സംഭവിക്കുന്ന ഒരു കാര്യമല്ല. മറിച്ച് കുറച്ച് കാലങ്ങളായി നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. ഇത്തരത്തില്‍ പ്രൊപ്പഗാണ്ട ചിത്രങ്ങള്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമാകുന്നത് എന്തുകൊണ്ടാണെന്ന് സിനിമ പ്രേക്ഷകര്‍ ചിന്തിക്കേണ്ടത് അത്യാവശ്യമാണ്.
ഇതാദ്യമായല്ല ഐഎഫ്എഫ്‌ഐയില്‍ ഇത്തരത്തിലുള്ള വിവാദ-പ്രൊപ്പഗാണ്ട ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. കേരള സ്റ്റോറി, ആര്‍ആര്‍ആര്‍, മാളികപ്പുറം എന്നീ ചിത്രങ്ങള്‍ ഐഎഫ്എഫ്‌ഐയുടെ ഭാഗമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 54-ാമത് ഐഎഫ്എഫ്‌ഐയിലാണ് കേരള സ്റ്റോറി എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. പ്രൊപ്പഗാണ്ട ചിത്രമായ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നതിന്റെ പേരില്‍ ചലച്ചിത്രോത്സവത്തില്‍ രണ്ട് പേര്‍ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു. മുസ്ലീം വിരുദ്ധതയെ പ്രോത്സാഹിപ്പിച്ച ചിത്രമായിരുന്നു ദി കേരള സ്റ്റോറി. ആര്‍ആര്‍ആര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളായ കോമരം ഭീം, അല്ലൂരി സീതാരാമ രാജു എന്നിവരുടെ കഥ പറഞ്ഞ സിനിമയാണ്. സ്വാതന്ത്ര്യ സമരം എന്നതിലുപരി രാമായണം എലമെന്റായിരുന്നു ചിത്രത്തില്‍ കൂടുതലായും ഊന്നി പറഞ്ഞത്. മാളികപ്പുറം എന്ന മലയാളം ചിത്രത്തിലേക്ക് വരുമ്പോഴും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട്. കേരളത്തില്‍ നടന്ന ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരായി പുറത്തിറക്കിയ പ്രൊപ്പഗാണ്ട ചിത്രമായിരുന്നു മാളികപ്പുറം. നേരത്തെ പറഞ്ഞ മൂന്ന് സിനിമകളും ഇപ്പോഴുള്ള സ്വതന്ത്ര വീര്‍ സവര്‍ക്കറും ഉയര്‍ത്തിക്കാട്ടുന്നത് ഒരേ ഒരു സന്ദേശമാണ്. ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തില്‍ നിര്‍മിക്കപ്പെട്ട ചിത്രങ്ങളാണ് ഇവയെല്ലാം.
സിനിമ എന്ന കല ചര്‍ച്ച ചെയ്യപ്പെടുകയും ആഘോഷമാക്കുകയും ചെയ്യേണ്ട ഇടമാണ് ഫിലിം ഫെസ്റ്റിവലുകള്‍. എന്നാല്‍ അടുത്തകാലങ്ങളിലായി അതിന് മാറ്റം വന്നിരിക്കുന്നു. ചില ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ പ്രത്യേകിച്ച് ഇന്ത്യയില്‍ ബിജെപി സര്‍ക്കാര്‍ നിലവില്‍ വന്നതിന് ശേഷം ഇന്ത്യയുടെ മുഖച്ഛായ തന്നെ ഹിന്ദുത്വമാണെന്ന് പറയാനാണ് അവര്‍ ശ്രമിക്കുന്നത്. അതിന് സിനിമ എന്ന മാധ്യമത്തെ കൃത്യമായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. സിനിമയിലൂടെ രാഷ്ട്രീയം പറയുന്നതിലൂടെ അത് കൃത്യമായി ജനങ്ങളിലേക്ക് എത്തുമെന്നത് ഉറപ്പാണ്. അതുകൊണ്ട് തന്നെയാണ് ഇന്ന് രാജ്യത്ത് ഇത്തരത്തിലുള്ള പ്രൊപ്പഗാണ്ട സിനിമകള്‍ റിലീസ് ചെയ്യുന്നത്.
സവര്‍ക്കര്‍ എന്ന ഹിന്ദുത്വവാദിയെ പുകഴ്ത്തുന്ന ചിത്രം അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മുഖമായി മാറുമ്പോള്‍ അത് രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ മുഖം കൂടിയായി മാറുകയാണ് ചെയ്യുന്നത്. ചരിത്രത്തെ വളച്ചൊടിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും മുസ്ലീം വിരുദ്ധത പരത്തുന്ന ചിത്രങ്ങളുമാണ് പ്രൊപ്പഗാണ്ട രൂപത്തില്‍ രാജ്യത്ത് വന്നുകൊണ്ടിരിക്കുന്നത്. ഹിന്ദുത്വം, മുസ്ലീം വിരുദ്ധത എന്നീ രണ്ട് ഘടകങ്ങളിലാണ് ഇത്തരം സിനിമകള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. നിലവിലെ രാഷ്ട്രീയ പശ്ചാത്തലം കൂടിയാണ് ഇത്തരം സിനിമകള്‍ നിര്‍മിക്കുന്നത് രാജ്യത്ത് കൂടി വരാന്‍ കാരണം. രാമനെ പ്രകീര്‍ത്തിക്കുന്ന സിനിമകള്‍ ഈ അടുത്ത കാലങ്ങളിലായി കൂടുതലാണ്. ആര്‍ആര്‍ആര്‍, വരാനിരിക്കുന്ന സിംഗം എഗൈന്‍, നിതീഷ് തിവാരിയുടെ രാമായണം എന്നീ സിനിമകള്‍ അതിന് ഉദാഹരണമാണ്.
ഹൈന്ദവ വിശ്വാസത്തെ ഉയര്‍ത്തികാട്ടുന്ന സിനിമകള്‍ കൂടി വരുകയാണിപ്പോള്‍ ഇന്ത്യയില്‍. കാന്താര എന്ന ചിത്രം പ്രശംസിക്കപ്പെട്ടതും ദേശീയ പുരസ്‌കാരം നേടിയതും ഐഎഫ്എഫ്‌ഐയില്‍ പ്രദര്‍ശിപ്പിച്ചതുമെല്ലാം ഇന്ത്യയിലെ ഒരു വിഭാഗം ജനങ്ങള്‍ സിനിമ എന്ന കലയ്ക്ക് അപ്പുറത്ത് വിശ്വാസവുമായി അതിനെ ബന്ധിപ്പിക്കുന്നത് കൊണ്ട് കൂടിയാണ്. മലയാളത്തിലും ഇത്തരത്തില്‍ മുസ്ലീം വിരുദ്ധതയും ഹിന്ദുവിശ്വാസവും കേന്ദ്ര വിഷയമാകുന്ന സിനിമകള്‍ വരാന്‍ തുടങ്ങിയിട്ടുണ്ട്. മാളികപ്പുറം, മേപ്പടിയാന്‍ എന്നീ ചിത്രങ്ങള്‍ അത്തരത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. രണ്ട് സിനിമകളിലും ഉണ്ണി മുകുന്ദനായിരുന്നു കേന്ദ്ര കഥാപാത്രം. കേരളത്തില്‍ ഹൈന്ദവ വിശ്വാസത്തെ ഉയര്‍ത്തിക്കാട്ടുന്ന സിനിമകളുടെ മുഖമായി മാറിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍ എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
രാജ്യത്ത് ഒന്നാകെ ഇത്തരത്തിലൊരു ഹിന്ദുത്വ തരംഗം നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് അന്താരാഷ്ട്ര ചലച്ചിത്ര മേള പോലുള്ള വേദികളില്‍ ഇത്തരം പ്രൊപ്പഗാണ്ട സിനിമകള്‍ സ്ഥാനം പിടിക്കുന്നത്. ഇത്തരം സിനിമകള്‍ ചിത്രീകരിക്കാനുള്ള ധൈര്യവും സാധ്യതയും കൂടി വരുകയാണ് രാജ്യത്തിന്ന്. അതിന് മാറ്റം വരാനുള്ള സാധ്യത പോലും ഇന്ന് രാജ്യത്തില്ലെന്ന് പറയുന്നതായിരിക്കും ശരി. ഫിലിം ഫെസ്റ്റിവലില്‍ മാത്രമല്ല ഓസ്‌കാര്‍ എന്‍ട്രിയായി പോകുന്ന ചിത്രങ്ങളില്‍ വരെ ഇത്തരത്തിലുള്ള ഹിന്ദുത്വ ആശയങ്ങള്‍ പറയുന്നുണ്ട്. ഇത്തവണ ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിയായി സമര്‍പ്പിച്ച ചിത്രങ്ങളില്‍ സ്വതന്ത്ര വീര്‍ സവര്‍ക്കറും ഉണ്ടായിരുന്നു. എന്നാല്‍ ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ തിരഞ്ഞെടുത്തത് കിരണ്‍ റാവുവിന്റെ ലാപത്താ ലേഡീസാണ്. പക്ഷെ വീര്‍ സവര്‍ക്കറിന്റെ നിര്‍മാതാക്കള്‍ ചിത്രം ഓസ്‌കാറില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് അറിയിച്ച് രംഗത്തെത്തിയിരുന്നു. അതില്‍ ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയും വ്യക്തത വരുത്തിയിരുന്നു. നേരത്തെ ആര്‍ആര്‍ആര്‍ ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ഓസ്‌കാര്‍ ലഭിക്കുകയും ചെയ്തപ്പോള്‍ ഇന്ത്യയ്ക്ക് അഭിമാനിക്കാമെങ്കിലും അവിടെ ഉയര്‍ത്തിക്കാണിക്കുന്നത് ഹൈന്ദവ വിശ്വാസത്തെ കൂടിയാണ് എന്നത് തള്ളിക്കളയാന്‍ ആവില്ല. ഇന്ത്യയെന്നാല്‍ ഹിന്ദു രാജ്യമാണെന്ന സന്ദേശം കൂടിയാണ് ലോകത്തിന് മുന്നില്‍ ഇത്തരം സിനിമകള്‍ വരച്ചുകാട്ടുന്നത്.