
കോണ്‍ഗ്രസില്‍ ചേരാനുള്ള സന്ദീപ് വാര്യരുടെ തീരുമാനത്തിന് കാരണമായത് സന്ദീപിനെ സ്വാഗതം ചെയ്തുള്ള നിലപാടില്‍ നിന്ന് സിപിഎം പിന്നാക്കം പോയതാണ്. എ.കെ. ബാലനും, എം.വി. ഗോവിന്ദനും അടക്കമുള്ളവര്‍ സന്ദീപ് വാര്യര്‍ക്ക് അനുകൂലമായ നിലപാട് ആദ്യം പരസ്യമായി തന്നെ അറിയിച്ചെങ്കിലും, പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും നിലപാട് സന്ദീപ് വാര്യരെ ഏറ്റെടുക്കേണ്ടതില്ലെന്നതായി മാറിയിരുന്നു.
വര്‍ഗീയ നിലപാട് പരസ്യമായി തള്ളിപ്പറഞ്ഞ് സന്ദീപ് വാര്യര്‍ രംഗത്തു വരട്ടെയെന്നും, പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ശേഷം മാത്രം സന്ദീപ് വാര്യരെ പാര്‍ട്ടിയുമായി സഹകരിപ്പിച്ചാല്‍ മതിയെന്നും സിപിഎം നിലപാട് സ്വീകരിച്ചതോടെയാണ് കോണ്‍ഗ്രസ് ലാവണത്തിലേക്ക് സന്ദീപ് വാര്യര്‍ ചേക്കേറിയത്.
സന്ദീപ് വാര്യര്‍ ബിജെപി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞതോടെ അത് സമര്‍ത്ഥമായി പ്രയോജനപ്പെടുത്തണമെന്ന നിലപാടിലായിരുന്നു കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലനടക്കമുള്ള സിപിഎം നേതാക്കള്‍. സന്ദീപ് വാര്യര്‍ നല്ല നേതാവാണെന്നും, കറ കളഞ്ഞ ക്രിസ്റ്റല്‍ ക്ലിയര്‍ സഖാവായി സന്ദീപിന് ഉയരാനാകുമെന്നൊക്കെ പരസ്യ പ്രതികരണവുമായി എ.കെ. ബാലന്‍ രംഗത്തു വന്ന സമയത്ത് സിപിഎം നേതൃത്വവുമായി കൈകോര്‍ക്കാന്‍ സന്ദീപ് വാര്യര്‍ തീരുമാനിച്ചിരുന്നു.
അതേസമയം ബിജെപി നേതൃത്വം തന്നെ നിലനിര്‍ത്താന്‍ ഒത്തുതീര്‍പ്പ് ഫോര്‍മുല മുന്നോട്ട് വെക്കുമെന്ന് സന്ദീപ് വാര്യര്‍ കരുതുകയും ചെയ്തു. എന്നാല്‍ അത്ര അനുഭാവപൂര്‍ണമായ സമീപനം ബിജെപി-ആര്‍എസ്എസ് നേതൃത്വങ്ങളുടെ ഭാഗത്ത് നിന്ന് സന്ദീപിന് ലഭിച്ചില്ല. വര്‍ഗീയതയോട് വിട പറഞ്ഞ് മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ചാല്‍ സന്ദീപ് വാര്യരെ സിപിഎം സ്വീകരിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് അടക്കമുള്ള നേതാക്കളും വ്യക്തമാക്കിയിരുന്നു. വ്യക്തികളല്ല, നയമാണ് പ്രശ്‌നമെന്ന് വ്യക്തമാക്കിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സന്ദീപ് വാര്യരോട് അയിത്തമില്ലെന്ന് സൂചിപ്പിച്ചിരുന്നു.
എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദീപ് വാര്യരുടെ സിപിഎമ്മിലേക്കുളള വരവ് ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്ന നിലപാടിലായിരുന്നു. കടുത്ത വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ ബിജെപി നേതാവിനെ ഉപതെരഞ്ഞെടുപ്പ് സമയത്ത് സ്വീകരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായത്തോട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ പലരും യോജിക്കുക കൂടി ചെയ്തതോടെ സന്ദീപ് വാര്യരുടെ സിപിഎം രംഗപ്രവേശം അനിശ്ചിതാവസ്ഥയിലായി. ആദ്യം വര്‍ഗീയ നിലപാടുകളെ തള്ളിപ്പറഞ്ഞ് പൊതു സമൂഹത്തോട് മാപ്പ് പറയാന്‍ സന്ദീപ് വാര്യര്‍ തയ്യാറായാല്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹത്തെ പാര്‍ട്ടിയുമായി സഹകരിപ്പിക്കാമെന്ന സന്ദേശം സന്ദീപ് വാര്യരെ നിരാശനാക്കി.
സിപിഐ നേതാക്കളുമായി ചര്‍ച്ച നടത്തി സിപിഐയിലേക്ക് ചേക്കേറാനും സന്ദീപ് വാര്യര്‍ ശ്രമിച്ചെന്നും സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും സന്ദീപിന്റെ കടന്നുവരവ് പ്രതികൂലമാകുമോയെന്ന് സന്ദേഹിച്ചതോടെയാണ് കോണ്‍ഗ്രസ് പാളയത്തിലേക്ക് സന്ദീപ് വാര്യര്‍ എത്തിച്ചേര്‍ന്നത്. തീവ്ര വര്‍ഗീയ നിലപാടുണ്ടായിരുന്ന സന്ദീപ് വാര്യര്‍ക്ക് കോണ്‍ഗ്രസ് അംഗത്വം നല്‍കിയത് ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കാന്‍ ഇടതുമുന്നണി ശ്രമിക്കും. അതിനെ എ.കെ. ബാലനടക്കമുള്ള സിപിഎം നേതാക്കളുടെ സന്ദീപ് വാര്യര്‍ അനുകൂല പ്രസ്താവനകള്‍ പ്രചരിപ്പിച്ച് പ്രതിരോധിക്കാനാകും യുഡിഎഫ് ശ്രമം.