VIDEO | മ്യാൻമറിനെ പിടിച്ചുകുലുക്കി ഭൂകമ്പം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; തായ്‌ലൻ്റിലും ജാഗ്രത

നൂറിലധികം പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം
VIDEO | മ്യാൻമറിനെ പിടിച്ചുകുലുക്കി ഭൂകമ്പം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; തായ്‌ലൻ്റിലും ജാഗ്രത
Published on

മ്യാൻമറിനെ പിടിച്ചുകുലുക്കി ഭൂകമ്പം. ആദ്യം റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തുകയും, പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ഉണ്ടായി. സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റർ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റർ താഴ്ചയിലുമാണ് പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഇതുവരെ 20 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തെ തുടർന്ന് മ്യാൻമാറിൽ അടിയന്തരവാസ്ഥ പ്രഖ്യാപിച്ചു. 

മ്യാൻമറിലെ എവ ബ്രിഡ്ജ് ഭൂകമ്പത്തിൽ തകർന്നുവീണു. വടക്കൻ തായ്‌ലൻഡിൽ പോലും ഭൂചലനം അനുഭവപ്പെട്ടു. ബാങ്കോക്കിൽ ചില മെട്രോ, റെയിൽ സർവീസുകൾ നിർത്തിവച്ചു. ചൈനയിലെ യുനാൻ പ്രവിശ്യയിലും ശക്തമായ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ചൈന ഭൂകമ്പ നെറ്റ്‌വർക്ക് സെൻ്ററാണ് ഈ വിവരം പുറത്തുവിട്ടത്. റിക്ടർ സ്‌കെയിലിൽ 7.9 തീവ്രത രേഖപ്പെടുത്തിയതായാണ് ലഭ്യമാകുന്ന വിവരം.


വലിയ നാശനഷ്ടമാണ് മ്യാന്‍മാറില്‍ ഉണ്ടായിരിക്കുന്നതെന്ന് മണ്ടാലയിലെ രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. നൂറിലധികം പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. മരണ സംഖ്യയെ കുറിച്ചുള്ള ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഇനിയും പുറത്തു വന്നിട്ടില്ല.

മ്യാന്‍മാറിലെ ഭൂകമ്പത്തിനു പിന്നാലെ തായ്‌ലന്റിലും ഭൂചലനമുണ്ടായി. പന്ത്രണ്ട് തുടര്‍ ചലനങ്ങള്‍ രേഖപ്പെടുത്തിയതായി തായ് കാലവാസ്ഥാ വകുപ്പിന്റെ ഭൂകമ്പ നിരീക്ഷണ വിഭാഗം അറിയിച്ചു. 
അതേസമയം, തായ്ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ നിന്നും മൈലുകള്‍ അകലെയുള്ള നിര്‍മാണം നടക്കുന്ന ബഹുനില കെട്ടിടം തകര്‍ന്നുവീണ് 81 നിര്‍മ്മാണ തൊഴിലാളികളെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.

കെട്ടിടങ്ങള്‍ തകര്‍ന്നു വീണതിനു പിന്നാലെ ബാങ്കോക്കിനെ എമര്‍ജന്‍സി സോണ്‍ ആയി തായ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്ത് ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ബഹുനില കെട്ടിടങ്ങളില്‍ നിന്നും പുറത്തിറങ്ങാന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷാ സേനയ്ക്ക് പുറമെ, വിമാനത്താവളങ്ങള്‍, ആശുപത്രികള്‍, ഗതാഗത സംവിധാനങ്ങള്‍ സജ്ജമാക്കുകയും പൊതു ജനങ്ങള്‍ക്ക്
എസ്എംഎസ്, മാധ്യമങ്ങള്‍ എന്നിവയിലൂടെ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.




അതേസമയം, കൊൽക്കത്ത, മണിപ്പൂരിന്റെ ചില ഭാഗങ്ങൾ, ബംഗ്ലാദേശിലെ ധാക്ക, ചാറ്റോഗ്രാം എന്നിവിടങ്ങളിൽ നിന്നും നേരിയ ഭൂചലനം റിപ്പോർട്ട് ചെയ്യപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ആവശ്യമായ ഏത് സഹായവും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. "എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർഥിക്കുന്നു," അദ്ദേഹം എക്‌സിൽ കുറിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com