
ഇടുക്കി ജില്ലയിൽ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വൻ വർധനയെന്ന് ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ്. കഴിഞ്ഞ വർഷം ആകെ 850 പരാതികൾ ലഭിച്ചതെങ്കിൽ കഴിഞ്ഞ ആറുമാസംകൊണ്ട് 742 പരാതികൾ ലഭിച്ചെന്നും ടി കെ വിഷ്ണു പ്രദീപ് പറഞ്ഞു. സൈബർ തട്ടിപ്പുകളിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും പൊലീസ് അറിയിച്ചു.
ജില്ലയിൽ സൈബർ കുറ്റവാളികൾ വർധിക്കുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടര വർഷം കൊണ്ട് പതിനാല് കോടി രൂപയാണ് സൈബർ തട്ടിപ്പ് സംഘങ്ങൾ തട്ടിയെടുത്തത്. കഴിഞ്ഞ ആറു മാസം കൊണ്ട് അഞ്ചരക്കോടി രൂപ നഷ്ടപ്പെട്ടുവെന്നും 742 പരാതികളിൽ 55 കേസുകൾ രജിസ്റ്റർ ചെയ്തതായും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. പരാതി ലഭിച്ച മൂന്നു കേസുകളിൽ നഷ്ട്ടപ്പെട്ട പണം വീണ്ടെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടുണ്ട്. രണ്ടു കോടിയോളം രൂപയുടെ ഇടപാടുകൾ മരവിപ്പിച്ചു . ക്രിപ്റ്റോകറൻസി സ്റ്റോക്ക് മാർക്കറ്റ് എന്നിവിടങ്ങളിൽ നിക്ഷേപിച്ച വൻതുക നഷ്ടപ്പെട്ടവരാണ് ഭൂരിഭാഗം പേരെന്നും പൊലീസ് പറയുന്നു.
വ്യാജ ലോട്ടറി അടിച്ചെന്നും, തുക തിരിച്ചു നൽകുന്നമെന്നും പാഴ്സസലുകളിൽ നിയമ വിരുദ്ധ സാധനങ്ങളെത്തിയെന്ന് ഭീഷണിപ്പെടുത്തിയും വൻ തുക തട്ടുന്ന കുറ്റവാളികളും സജീവമാണ്. മൊബൈൽ ആപ്പിലൂടെ വൻതുക വായ്പയായി വാഗ്ദാനം ചെയ്തും തട്ടിപ്പുകളും നടക്കുന്നുണ്ട്. അഭ്യസ്ത വിദ്യരായ യുവാക്കളാണ് തട്ടിപ്പിന് ഇരയാകുന്നവരിൽ അധികവും. ഇവരിൽ നിന്ന് കൈപ്പറ്റുന്ന തുക പല അക്കൗണ്ടുകളിലേക്കായി മാറ്റുകയാണ്. വിവിധതരം തട്ടിപ്പുകളെക്കുറിച്ച് ബോധവത്ക്കരണം നൽകാൻ ബാങ്കുകളുമായി ചേർന്ന് ക്ലാസുകൾ നടത്തുമെന്നും, എല്ലാ സ്റ്റേഷൻ പരിധിയിലുള്ള യുവാക്കളെ ഉൾപ്പെടുത്തി സൈബർ വോളണ്ടിയർമാരെ നിയമിക്കുമെന്നും പൊലീസ് മേധാവി അറിയിച്ചു.