
യു.കെ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വലിയ വിജയം നേടുമെന്നും, കെയർ സ്റ്റാർമർ ബ്രിട്ടൻ്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്നും സൂചിപ്പിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. 14 വർഷത്തെ കൺസർവേറ്റീവ് ഭരണം ഇതോടെ അവസാനിക്കുമെന്നും, റിഷി സുനക് വലിയ തോൽവിയിലേക്ക് കൂപ്പുകുത്തുമെന്നും ഫലങ്ങൾ പറയുന്നു.
650 അംഗ പാർലമെന്‍റിൽ 410 സീറ്റും ലേബർ പാർട്ടി നേടുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. 2016 മുതൽ അഞ്ച് പ്രധാനമന്ത്രിമാർ മാറി മാറി വന്നതും, പാർട്ടിയിലെ അസ്ഥിരതയും, ഉയർന്ന ജീവിത ചെലവുമെല്ലാം ചോദ്യം ചെയ്യപ്പെട്ട ഈ തെരഞ്ഞെടുപ്പിൽ 131 സീറ്റുകളാണ് ഋഷി സുനകിന്‍റെ കൺസർവേറ്റീവ് പാർട്ടിക്ക് ലഭിക്കുമെന്ന് കരുതുന്നത്. അഭിപ്രായ വോട്ടെടുപ്പിൽ കൺസർവേറ്റീവുകൾ ലേബറിനെക്കാൾ 20 പോയിൻ്റിന് പിന്നിലായതോടെ, മെയ് മാസത്തിൽ നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.
കഴിഞ്ഞ ആറ് ദേശീയ തെരഞ്ഞെടുപ്പുകളിൽ, ഒരു എക്‌സിറ്റ് പോളിൽ മാത്രമാണ് ഫലം തെറ്റിയിട്ടുള്ളത്. വോട്ടെണ്ണലിൻ്റെ ആദ്യ ഫലസൂചനകളിലും മുൻതൂക്കം സ്റ്റാർമറിനും ലേബർ പാർട്ടിക്കും തന്നെയാണ്. ഔദ്യോഗിക ഫലങ്ങൾ അല്പസമയത്തിനകം പുറത്തുവരും.