
സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം 12 പേര്‍ കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അപകടം നടന്ന് മൂന്ന് വര്‍ഷത്തിനു ശേഷമാണ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലോക്‌സഭയില്‍ സമര്‍പ്പിക്കുന്നത്.
മനുഷ്യപ്പിഴവാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 2021 ഡിസംബര്‍ എട്ടിനാണ് ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും അടക്കം പന്ത്രണ്ട് പേര്‍ സഞ്ചരിച്ച Mi-17 V5 ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടത്. തമിഴ്‌നാട്ടിലെ കൂനൂറിന് സമീപമുള്ള മലയിടുക്കുകളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുകയായിരുന്നു.
2017 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ആകെ 34 വ്യോമസേന അപകടങ്ങള്‍ നടന്നതായി സ്റ്റാന്‍ഡിംഗ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 -2022 കാലയളവില്‍ ഒമ്പത് അപകടങ്ങളാണ് നടന്നത്. അതില്‍ ബിപിന്‍ റാവത്ത് കൊല്ലപ്പെട്ട അപകടത്തിന് കാരണം മനുഷ്യപ്പിഴവാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ALSO READ: ജയ്പൂരിൽ ട്രക്കും എൽപിജി ടാങ്കറും കൂട്ടിയിടിച്ച് വൻ തീപിടുത്തം; ഏഴ് പേർക്ക് ദാരുണാന്ത്യം
പൈലറ്റിന്റെ പിഴവ് മൂലമാണ് അപകടമുണ്ടായതെന്ന് നേരത്തേ മുതല്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താഴ്വാരയിലെ കാലാവസ്ഥയിലുണ്ടായ അപ്രതീക്ഷിത വ്യതിയാനം മൂലം ഹെലികോപ്റ്റര്‍ മേഘങ്ങള്‍ക്കിടയിലേക്ക് പ്രവേശിക്കുകയും ഇത് പൈലറ്റിന്റെ ശ്രദ്ധതെറ്റാന്‍ കാരണമായി എന്നുമായിരുന്നു പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം കണ്ടെത്തിയത്. ഡാറ്റാ റെക്കോര്‍ഡറും കോക്പിറ്റിലെ വോയ്‌സ് റെക്കോര്‍ഡറും അടക്കം ശേഖരിക്കാന്‍ കഴിഞ്ഞ എല്ലാ തെൡവുകളുടേയും അടിസ്ഥാനത്തിലായിരുന്നു വിലയിരുത്തല്‍.
കോയമ്പത്തൂരിലെ സുലൂര്‍ എയര്‍ബേസില്‍ നിന്നും ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക, 12 സായുധ സേനാംഗങ്ങള്‍ എന്നിവരുമായി വെല്ലിങ്ടണിലെ ഡിഫന്‍സ് സ്റ്റാഫ് സര്‍വീസസ് കോളേജിലേക്ക് പുറപ്പെട്ട Mi-17 V5 ഹെലികോപ്റ്റര്‍ ലാന്‍ഡിങ്ങിന് മിനുട്ടുകള്‍ക്ക് മുമ്പാണ് കൂനൂറിന് സമീപം തകര്‍ന്നുവീണത്.
അപകടത്തില്‍ ജനറല്‍ അടക്കം പതിനൊന്ന് പേര്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടു. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിനെ മാത്രം ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിച്ചു. എന്നാല്‍, ചികിത്സയിലിരിക്കേ ഒരാഴ്ചയ്ക്കു ശേഷം അദ്ദേഹവും മരണപ്പെട്ടു.