
ഈ വർഷത്തെ ചലച്ചിത്രമേള അതിലെ ചലച്ചിത്രങ്ങളുടെ ഉള്ളടക്കത്തിലെ വൈവിധ്യം കൊണ്ട് മാത്രമല്ല വേറിട്ടു നിൽക്കുന്നത്. മേളയുടെ ലോഗോ അടക്കമുള്ള ബ്രാൻഡ് ഐഡൻ്റിറ്റിയിലും പുതു രാഷ്ട്രീയത്തിൻ്റെ തുടിപ്പുകൾ ഉൾക്കൊള്ളുന്നുണ്ട്. മനുഷ്യാവസ്ഥകളുടെ ഉള്ളടരുകളെ പരിഗണിക്കുന്ന ഡിസൈൻ സങ്കൽപം ആവിഷ്കരിച്ചത് കലാവിദ്യാർത്ഥിയായ അശ്വന്താണ്.
ആഗോള രാഷ്ട്രീയത്തിൻ്റെ സ്പന്ദനങ്ങൾ ഉൾക്കൊള്ളുന്ന ചിത്രങ്ങൾ കൊണ്ട് മാത്രമല്ല ഇത്തവണ ഐഎഫ്എഫ്കെ കാലോചിതമാകുന്നത്. കേരളത്തിൻ്റെ രാജ്യാന്തര ചലച്ചിത്ര മേള അതിൻ്റെ കെട്ടിലും മട്ടിലും ഉൾച്ചേർക്കലിൻ്റെയും മനുഷ്യാസ്ഥിത്വത്തിൻ്റെയും വൈവിധ്യങ്ങളെ അംഗീകരിക്കുന്ന ഉദാരമാനവികതയുടെയും രാഷ്ട്രീയത്തെ കൂടി വഹിക്കുകയാണ്.
വർഗം, വംശം, ലിംഗം, ജാതി തുടങ്ങിയ ഐഡൻ്റിറ്റികൾക്കുള്ളിൽ അധികാരത്തിൻ്റെ അടരുകൾ ഇനിയുമുണ്ടെന്നും അവിടെയും മനുഷ്യവൈവിധ്യങ്ങളെ പരിഗണിക്കേണ്ടതുണ്ടെന്നുമുള്ള സന്ദേശം എറ്റെടുകയാണ് ഇത്തവണത്തെ മേള അതിൻ്റെ ബ്രാൻഡിങ് രൂപകൽപ്പനയിലൂടെ ചെയ്യുന്നത്. വിഭാഗാന്തരികത എന്ന വാക്കുകൊണ്ട് പൂർണമായും അർത്ഥാന്തരം സാധ്യമല്ലാത്ത ഇൻ്റർസെക്ഷനാലിറ്റിയാണ് മേളയുടെ ലോഗോ, ഫെസ്റ്റിവൽ ഓഫിസ്, ഹാൻഡ് ബുക്ക്, എൻട്രി പാസുകൾ എന്നിവ അടക്കമുള്ളവയുടെ ഡിസൈനിൻ്റെ പ്രമേയം.
ചലച്ചിത്രം പോലെ ചലനാത്മകമാണ് മനുഷ്യാസ്ഥിത്വമെന്ന ചിന്തയിൽ നിന്നാണ് അശ്വന്ത്, ചലച്ചിത്രമേളയുടെ ബ്രാൻഡ് ഐഡൻ്റിറ്റി രൂപകൽപന ചെയ്തിരിക്കുന്നത്. കർക്കശമായ ഘടനകൾക്ക് പകരം ചലനാത്മകതയുടെ വർത്തുള രൂപങ്ങൾ അശ്വന്തിൻ്റെ ഡിസൈനിൽ കടന്നു വരുന്നത് അതുകൊണ്ടാണ്.
തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ അപ്ലൈഡ് ആർട്ട്സിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ് കണ്ണൂർ സ്വദേശിയായ അശ്വന്ത്. സ്ഥലകാലങ്ങളെ അതിവർത്തിക്കുന്ന പ്രമേയങ്ങളുമായെത്തുന്ന സിനിമകളെ ഉൾക്കൊള്ളുന്ന ചലച്ചിത്രോത്സവത്തെ അനുയോജ്യമാം വിധം അണിയിച്ചൊരുക്കുക എന്ന ദൗത്യമാണ് അശ്വന്ത് നിർവഹിച്ചത്. പൊതുബോധ ഗൃഹാതുരതയിൽ ആഴ്ന്നു കിടന്ന രൂപകല്പനാ ബോധത്തിൽ നിന്ന് ഉൾച്ചേർക്കലിൻ്റെയും നവീകരണത്തിൻ്റെയും വെളിച്ചത്തിലേക്ക് അനായാസേനയുള്ള ഒഴുക്കിൻ്റെ പ്രതീകം കൂടിയാവുകയാണ് ഈ വർഷത്തെ ചലച്ചിത്ര മേളയുടെ ബ്രാൻഡ് ഐഡൻ്റിറ്റി ഡിസൈൻ.