
എവറസ്റ്റ് കൊടുമുടി കയറവെ 100 വർഷം മുമ്പ് കാണാതായ ബ്രിട്ടീഷ് പർവതാരോഹകൻ്റേതെന്ന് സംശയിക്കുന്ന കാൽ കണ്ടെത്തി. 1924 ജൂണിൽ ജോർജ് മല്ലോറിക്കൊപ്പം കൊടുമുടി കയറിയ ആൻഡ്രൂ കോമിൻ സാൻഡി ഇർവിൻ്റെ കാലാണ് കണ്ടെത്തിയത്. ബൂട്ടണിഞ്ഞ നിലയിലാണ് കാൽ കണ്ടെത്തിയത്. സോക്സിൽ ‘എ.സി. ഇർവിൻ’ എന്ന് എഴുതിയിരുന്നു. മഞ്ഞുരുകി മാറിയപ്പോഴാണ് കാൽ കണ്ടെത്തിയത്.
1999ൽ മല്ലോറിയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തിരുന്നു. എന്നാൽ, ഇർവിനെപ്പറ്റി വിവരമാന്നും ലഭിച്ചിരുന്നില്ല. നാഷണൽ ജ്യോഗ്രഫിക്ക് വേണ്ടി ഡോക്യുമെൻ്ററി ചിത്രീകരിക്കാനെത്തിയ ജിമ്മി ചിൻ നയിച്ച സംഘമാണ് സെൻട്രൽ റോങ്‌ബുക്ക് ഹിമാനിയിൽ കാൽ കണ്ടെത്തിയത്. വഴിയിൽ 1933 എന്നെഴുതിയ ഓക്സിജൻ കുപ്പിയും കണ്ടെത്തി.
22-ാം വയസിലാണ് ഇർവിനെ കാണാതായത്. കൊടുമുടി കയറുന്ന സമയത്ത് ഇർവിൻ്റെ കൈവശം ചെറിയ ക്യാമറ ഉണ്ടായിരുന്നതായാണ് വിശ്വാസം. അത് കണ്ടെത്തിയാൽ ഇരുവരും മരിക്കുന്നതിന് മുമ്പ് കൊടുമുടിയിൽ എത്തിയോ എന്നതിൽ വ്യക്തത വരും. എന്നാൽ ഈ വർഷമാദ്യം മല്ലോറി തൻ്റെ ഭാര്യക്ക് എഴുതിയ അവസാനത്തെ കത്ത് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഓൺലൈനിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ പറയുന്നതിനനുസരിച്ച് എവറസ്റ്റ് കീഴടക്കാൻ സാധ്യത കുറവാണെന്നുള്ള കാര്യവും സൂചിപ്പിക്കുന്നുണ്ട്.
1953 മെയ് 29ന് ന്യൂസിലൻഡുകാരനായ എഡ്മണ്ട് ഹിലാരിയും നേപ്പാളി ഷെർപ്പ ടെൻസിങ് നോർഗെയുമാണ് ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. ഇതിനു 10 വർഷത്തിന് ശേഷം 1963ൽ ജിം വിറ്റേക്കർ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ അമേരിക്കക്കാരനായി. ഇവർക്കു മുന്നേ എവറസ്റ്റ് കീഴടക്കാൻ പരിശ്രമിച്ച ഇർവിനും മല്ലോറിയും കൊടുമുടിയിൽ എത്തിയോ എന്നത് തെളിയിക്കപ്പെട്ടാൽ ചരിത്രം തിരുത്തിയെഴുതാൻ ഇടയാകും. 1920 മുതൽ എവറസ്റ്റ് കൊടുമുടിയിൽ 300ലധികം പർവതാരോഹകർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.