
കോഴിക്കോട് ആദിവാസി കുടുംബത്തിന് വൈദ്യുതി കണക്ഷൻ നിഷേധിക്കുന്നുവെന്ന ന്യൂസ് മലയാളം വാർത്തയിൽ ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ഇബി എക്‌സിക്യൂട്ടീവ് എൻജിനിയറോട് മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. ആവശ്യമായ രേഖകളുണ്ടായിട്ടും കണക്ഷൻ നിഷേധിക്കുന്നുവെന്ന കുടുംബത്തിൻ്റെ ആരോപണത്തെ തുടർന്നാണ് നടപടി.
ലൈഫ് മിഷനിൽ വീട് ലഭിച്ച കുടുംബങ്ങൾക്ക് അർഹമായ രേഖകൾ ഉണ്ടായിട്ടും വൈദ്യുതി ലഭ്യമാക്കുന്നില്ലെന്നാണ് പരാതി. കാരശ്ശേരിയിലെ കുടുംബങ്ങൾക്കാണ് കെഎസ്ഇബിയുടെ അനാസ്ഥ കാരണം വൈദ്യുതി ലഭിക്കാത്തത്. റേഷൻ കാർഡിൽ ട്രൈബൽ കുടുംബം എന്ന് രേഖപ്പെടുത്തിട്ടും സൗജന്യ വൈദ്യുതി നിഷേധിക്കാൻ നിരവധി ന്യായങ്ങളാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ നിരത്തുന്നത്. ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബങ്ങൾക്കാണ് നിലവിൽ 40 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്നത്. ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടാൻ അർഹതയുണ്ടെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ രേഖ ഉണ്ടായിട്ടും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നിലപാട്. സെക്രട്ടറിയുടെ സാക്ഷ്യപത്രത്തെ അവിശ്വസിച്ചു കൊണ്ടാണ്, ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ടെന്ന രേഖ കെഎസ്ഇബി അധികൃതർ ആവശ്യപ്പെടുന്നത്.
എല്ലാരേഖകളും ഉണ്ടാക്കിയിട്ടും തങ്ങളെപോലുള്ളവരെ ദ്രോഹിക്കുകയാണ് ചില ഉദ്യോഗസ്ഥർ ചെയ്യുന്നതെന്ന് കുടുംബം ആരോപിച്ചു. രണ്ടാഴ്ചയിൽ കൂടുതലായി വാർഡ് മെമ്പർ അടക്കം വൈദ്യുതി ഓഫീസുകളിൽ കയറിയിറങ്ങിയിട്ടും ചില ഉദ്യോഗസ്ഥരുടെ പിടിവാശിയിൽ പ്രകാശൻ്റെ വീട്ടിൽ ഇതുവരെ പ്രകാശം എത്തിയിട്ടില്ല.
സാങ്കേതികമായ ചെറിയ അപാകതകൾ മാറ്റി നിർത്തിയാൽ നിലവിലുള്ള രേഖകളുപയോഗിച്ച് വൈദ്യുതി കണക്ഷൻ നൽകാമെന്നാണ് കെഎസ്ഇബിയിലെ തന്നെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. എത്രയും പെട്ടെന്ന് വൈദ്യുതി നൽകിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭങ്ങളിലേക്ക് പോകാനാണ് കുടുംബത്തിൻ്റെ തീരുമാനം.