
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീഡിയോ ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനു മനുഷ്യാവകാശ പ്രവർത്തകനെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. ശത്രുത പ്രോത്സാഹിപ്പിക്കുകയും ക്രിമിനൽ ഗൂഢാലോചന നടത്തുകയും ചെയ്തെന്നാരോപിച്ചാണ് മനുഷ്യാവകാശ പ്രവർത്തകൻ നദീം ഖാനെതിരെ ഡൽഹി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വീഡിയോ പ്രദേശവാസികൾക്കിടയിൽ അസ്വസ്ഥതയുണ്ടാക്കിയെന്നാണ് പൊലീസ് വാദം.
2020 മുതൽ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സിൻ്റെ (APCR) ദേശീയ സെക്രട്ടറിയാണ് ഖാൻ. പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന സബ് ഇൻസ്‌പെക്ടർക്ക് രഹസ്യ സ്രോതസുകൾ വഴിയാണ് വീഡിയോയെ കുറിച്ച് അറിവ് ലഭിച്ചത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഖാൻ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും, ഇത് ജനങ്ങളെ രോഷാകുലരാക്കിയെന്നും പൊലീസ് പറയുന്നു.
എഫ്ഐആർ പ്രകാരം നവംബർ 21 നാണ് യുട്യൂബിൽ വീഡിയോ അപ്ലോഡ് ചെയ്തത്. 'റെക്കോർഡ്‌സ് ഓഫ് ഹിന്ദുസ്ഥാൻ ഇൻ മോദി സർക്കാർ' എന്ന പേരിൽ അക്രം ഒഫീഷ്യൽ 50 എന്ന ചാനലിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2.50 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഒരു എക്സിബിഷനിൽ സ്ഥാപിച്ച സ്റ്റാളിൽ ഒന്നിലധികം ഡിസ്പ്ലേ ബോർഡുകൾക്ക് മുന്നിൽ നിൽക്കുന്ന ഒരാളെ കാണിക്കുന്നു. അദ്ദേഹം ഒരു ബാനറിന് നേരെ ആംഗ്യം കാണിച്ച് നദീം, അഖ്‌ലാഖ്, രോഹിത് വെമുല, ഷഹീൻ ബാഗിലെ 2020 ലെ സിഎഎ/ എൻആർസി, ഡൽഹി കലാപം എന്നിവയെക്കുറിച്ച് സംസാരിക്കുന്നു. ഈ സംസാരിക്കുന്ന വ്യക്തി ഖാൻ ആണെന്നും പൊലീസ് എഫ്ഐആറിൽ പറയുന്നു.
ചില രാഷ്ട്രീയക്കാരുടെയും മാധ്യമ പ്രവർത്തകരുടെയും ഫോട്ടോകളും വീഡിയോയിൽ കാണിക്കുന്നുണ്ട്. കൂടാതെ ഇദ്ദേഹം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഭവങ്ങൾ പരാമർശിക്കുകയും, ഒരു പ്രത്യേക സമുദായത്തെ ഇരകളായി ചിത്രീകരിക്കുകയും ചെയ്തതായും പൊലീസ് പറഞ്ഞു. ഇതിലൂടെ രാജ്യത്തെ സാമുദായിക സൗഹാർദം തകർക്കാൻ ശ്രമിക്കുകയാണ് ഖാൻ ചെയ്തതെന്നും എഫ്ഐആറിൽ പറയുന്നു. ഭാരതീയ ന്യായ സൻഹിത സെക്ഷൻ 196, 353(2), 61 എന്നിവ പ്രകാരമാണ് ഖാനെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്നും പൊലീസ് അറിയിച്ചു.