ആശുപത്രികളിലെ കൂട്ടിരിപ്പുകാരോട് ക്രൂരത വേണ്ട; ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്‍റെ കുറിപ്പിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

കൂട്ടിരിപ്പുകാർക്ക് മാന്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു
ആശുപത്രികളിലെ കൂട്ടിരിപ്പുകാരോട് ക്രൂരത വേണ്ട;  ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്‍റെ കുറിപ്പിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
Published on

ആശുപത്രിയിലെ ഐസിയുവിലും വെന്റിലേറ്ററിലും മറ്റും പ്രവേശിപ്പിക്കപ്പെടുന്ന രോഗികള്‍ക്ക് കൂട്ടിരിക്കുന്നവരോട് ആശുപത്രി അധിക്യതർ സ്വീകരിക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സർക്കാർ അടിയന്തരമായി ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നും ബൈസ്റ്റാന്‍ഡേഴ്സ് എന്ന് വിളിക്കുന്ന കൂട്ടിരിപ്പുകാർക്ക് മാന്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. കഥാകൃത്ത് ശിഹാബുദീൻ പൊയ്ത്തുംകടവ് സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തുകൊണ്ടാണ് കമ്മീഷന്റെ ഇടപെടൽ.

ആരോഗ്യവകുപ്പ് ഡയറക്ടർ ഇക്കാര്യത്തിൽ മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും അവ നടപ്പിലാക്കാൻ പ്രായോഗിക മാർഗങ്ങൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇത്തരത്തിൽ ബൈസ്റ്റാന്‍ഡർമാർക്ക് പിന്തുണയും കരുണയും നൽകാൻ തയ്യാറാകണം. ഇതിന് അടിസ്ഥാന സൗകര്യവികസനം ഉൾപ്പെടെ വേണമെങ്കിലും അവ സമയബന്ധിതമായി നടപ്പിലാക്കണം. എഴുത്തുകാരൻ നിർദേശിക്കുന്ന ലഘുവായ മാർഗങ്ങൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ സ്വീകരിക്കുന്ന നടപടികൾ 30 ദിവസത്തിനകം കമ്മീഷനെ അറിയിക്കാനാണ് നിർദേശം. ജനുവരി 30ന് കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത വിധത്തിലാണ് ആശുപത്രികളിലെ കൂട്ടിരിപ്പുകാരോട് പെരുമാറുന്നതെന്നും കെ. ബൈജൂനാഥ് പറഞ്ഞു.

ഐസിയുവിന് മുന്നിലും വെന്റിലേറ്ററിന് മുന്നിലും കാവലിരിക്കുന്നവർക്ക് രാത്രികളിൽ സ്റ്റീൽ ബെഞ്ചിലോ കസേരയിലോ ഉണർന്നിരുന്ന് നേരം വെളുപ്പിക്കാനാണ് വിധിയെന്നായിരുന്നു ശിഹാബുദീൻ പൊയ്ത്തുംകടവിന്‍റെ കുറിപ്പ്. രോഗികൾക്കൊപ്പം പ്രധാനമാണ് പുറത്തിരിക്കുന്ന കൂട്ടിരിപ്പുകാരുടെ ആരോഗ്യം എന്ന കാര്യം ആശുപത്രി അധിക്യതർ മറന്നുപോകുന്നു. കേരളത്തിൽ നടക്കുന്ന ഏറ്റവും വലിയ മനുഷ്യാവകാശലംഘനങ്ങളിലൊന്നാണ് ഇതെന്നും കഥാകൃത്ത് ചൂണ്ടിക്കാണിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com