നിയമനാംഗീകാരം ലഭിക്കാതെ അധ്യാപിക ജീവനൊടുക്കിയ സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്‌തത്
നിയമനാംഗീകാരം ലഭിക്കാതെ അധ്യാപിക ജീവനൊടുക്കിയ സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
Published on

കോഴിക്കോട് കട്ടിപ്പാറയിൽ അധ്യാപിക ജീവനൊടുക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.പൊതു വിദ്യാഭ്യാസ ഡയറക്ടറിൽ നിന്നും റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിൻ്റെ ഉത്തരവ്. മാർച്ച് 26 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്‌തത്.



അലീനയുടെ നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിൻ്റെ റിപ്പോർട്ടിൽ മാനേജ്മെൻ്റിന് വീഴ്ച സംഭവിച്ചതായി പരാമർശമുണ്ട്. 2024ൽ കോടഞ്ചേരി സെൻറ് ജോസഫ് സ്കൂളിലേക്ക് മാറ്റിയെങ്കിലും നിയമനാംഗീകാരം ലഭ്യമാക്കുന്നതിന് ആവശ്യമായ ഫയലുകൾ ഇല്ലാത്തതിനാൽ മടക്കുകയായിരുന്നു.പിന്നീട് ഈ വർഷം ജനുവരി 24നാണ് പൂർണ്ണമായ രേഖകൾ മാനേജ്മെൻറ് ഹാജരാക്കിയത്. രേഖകൾ ഹാജരാക്കാൻ വൈകിയതിലുള്ള കാലതാമസമാണ് അലീനയ്ക്ക് സ്ഥിരം നിയമനം നൽകുന്നതിൽ തടസമായത്.

അതേസമയം അധ്യാപികയുടെ മരണത്തിന് ഉത്തരവാദികൾ സർക്കാറാണെങ്കിലും മാനേജ്മെൻ്റാണെങ്കിലും നടപടി സ്വീകരിക്കണമെന്ന് കെപിഎസ്‌ടിഎ സംസ്ഥാന പ്രസിഡന്റ്‌ കെ. അബ്ദുൾ മജീദ് പറഞ്ഞു. സ്ഥിര നിയമനം ലഭിക്കാതിരുന്നത് മാനേജ്മെൻ്റിൻ്റെ അനാസ്ഥ മൂലമാണെന്നും, സർക്കാരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നുമായിരുന്നു അലീനയുടെ പിതാവ് പ്രതികരിച്ചിരുന്നു.

എന്നാൽ വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും ഇരയാണ് അലീന എന്നായിരുന്നു അധ്യാപക സംഘടനയായ കാത്തലിക് ടീച്ചേർസ് ഗിൾഡ് നൽകിയ വിശദീകരണം.നിയമനാംഗീകാരവും ശമ്പള ആനുകൂല്യവും ലഭിക്കാതെ കഷ്ടപ്പെടുന്ന അധ്യാപകരുടെ രക്തസാക്ഷിയാണ് ഈ യുവ അധ്യാപികയെന്നും സംഘടന പുറത്തുവിട്ട കുറിപ്പിൽ പറയുന്നു.

കഴിഞ്ഞ ദിവസമാണ് കട്ടിപ്പാറ വളവനാനിക്കൽ അലീന ബെന്നിയെ വീട്ടുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചു വർഷമായി നിയമനാംഗീകാരവും ശമ്പളവും ലഭിക്കാതെയായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. ഇതിൽ അലീന കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും കുടുംബം വെളിപ്പെടുത്തി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com