മനുഷ്യ-വന്യജീവി സംഘർഷം: ചക്കിട്ടപ്പാറ പഞ്ചായത്തിന് അനുകൂല നിലപാടാകും കോടതിയിൽ സർക്കാർ സ്വീകരിക്കുകയെന്ന് എ.കെ. ശശീന്ദ്രന്‍

ഇടുക്കിയിലെ കടുവയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് മന്ത്രി അറിയിച്ചു
മനുഷ്യ-വന്യജീവി സംഘർഷം: ചക്കിട്ടപ്പാറ പഞ്ചായത്തിന് അനുകൂല നിലപാടാകും കോടതിയിൽ സർക്കാർ സ്വീകരിക്കുകയെന്ന് എ.കെ. ശശീന്ദ്രന്‍
Published on

മനുഷ്യ-വന്യജീവി സംഘർഷങ്ങളിൽ കോടതിയെ സമീപിക്കാനുള്ള ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിൻ്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി മന്ത്രി എ.കെ. ശശീന്ദ്രൻ. ഇടുക്കിയിലെ കടുവയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമം തുടരുകയാണ്. രണ്ട് ദൗത്യമാണ് ഉള്ളത്. ഒന്ന് മനുഷ്യ ജീവൻ സംരക്ഷിക്കണം. മറ്റൊന്ന് വന്യജീവിയെ സംരക്ഷിക്കാനുമാണെന്ന് വനം മന്ത്രി വ്യക്തമാക്കി.

ദൗത്യം ഇന്ന് പൂർത്തിയാക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എ.കെ. ശശീന്ദ്രൻ അറിയിച്ചു. വിലങ്ങാട് പുനരധിവാസത്തിന്റെ കരട് പട്ടിക മാത്രമാണ് തയ്യാറായത് എന്നും ആക്ഷേപങ്ങൾ പരിഹരിച്ചു മാത്രമേ പുനരധിവാസ പ്രവർത്തനം നടപ്പിലാക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു. മലയോര ജനതയുടെ വിഷയങ്ങളിൽ ഇടപെടുന്ന സംഘടനകൾക്ക് രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അതിനോട് പ്രതികരിക്കുന്നില്ലെന്നും മന്ത്രി ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

ചക്കിട്ടപ്പാറ പഞ്ചായത്തിന് അനുകൂല നിലപാടാകും കോടതിയിൽ സർക്കാർ സ്വീകരിക്കുകയെന്നും മന്ത്രി അറിയിച്ചു. നിയമവഴി തേടിയ ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ നടപടി സ്വാഗതാർഹമാണ്. വന്യജീവികളെ വെടിവെച്ചു കൊല്ലുന്നത് ശരിയല്ലെന്ന് അവർക്ക് ബോധ്യമായി. കോടതിയെ സമീപിച്ചതിനാൽ പഞ്ചായത്തിനൊപ്പം സർക്കാരും നിൽക്കും. നിലവിലെ വനം വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്ന സർക്കാർ നിലപാടിൽ മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു. നാട്ടിലിറങ്ങുന്ന എല്ലാ വന്യ ജീവികളെയും വെടിവെച്ചു കൊല്ലാനുള്ള നിലപാട് ചക്കിട്ടപ്പാറ പഞ്ചായത്ത് മയപ്പെടുത്തിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി വൈൽഡ് ലൈഫ് വാർഡൻ അധികാരം റദ്ദാക്കാൻ വനം വകുപ്പ് ശുപാർശ ചെയ്തതിനു പിന്നാലെയായിരുന്നു നിലപാട് മാറ്റം. സർക്കാർ നിലപാട് അറിഞ്ഞ ശേഷം ഹൈക്കോടതിയെ സമീപിക്കാനായിരുന്നു ഭരണസമിതി തീരുമാനം. ജനവാസ മേഖലയിൽ ഇറങ്ങുന്ന എല്ലാ വന്യ ജീവികളെയും വെടിവെച്ചു കൊല്ലാനായിരുന്നു നേരത്തെ ഭരണ സമിതി യോഗത്തിൽ തീരുമാനമായത്. വൈകാരികമായ തീരുമാനം അല്ലെന്നും നിയമ വിരുദ്ധമാണെന്ന് അറിയാമെന്നുമാണ് പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുനിൽ പറഞ്ഞത്.

അതേസമയം, ഇടുക്കി ​ഗ്രാമ്പിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമം തുടരുകയാണ്. കാലാവസ്ഥ അനുകൂലമാണെങ്കിൽ ദൗത്യം രാവിലെ തന്നെ പുനരാരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ, ഇന്ന് രാവിലെ നടത്തിയ തെരച്ചിലിൽ കടുവയെ കണ്ടെത്താനായില്ല. ഇന്നലെ വൈകിട്ട് കണ്ട് സ്ഥാനത്ത് നിന്ന് കടുവ മാറി. ഡ്രോൺ നിരീക്ഷണത്തിലൂടെ കടുവയെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. പൊലീസിന്റെ സ്നിഫർ നായയെ ഉപയോഗിച്ചും പരിശോധന നടക്കുന്നുണ്ട്. മൂന്ന് സംഘമായാണ് നിലവിൽ തെരച്ചിൽ നടത്തുന്നത്. ആദ്യ രണ്ട് സംഘത്തെ നയിക്കുന്നത് വെറ്റിനറി ഡോക്ടർമാരാണ്. മൂന്നാം സംഘമാണ് ഡ്രോൺ നിരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. മയക്കുവെടി വയ്ക്കുന്നവർ ആദ്യ സംഘത്തിനൊപ്പമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com