
ഫ്രഞ്ച് നിയന്ത്രിത മയോറ്റ ദ്വീപിൽ വീശിയടിച്ച ചിഡോ ചുഴലിക്കാറ്റിൽ നൂറുകണക്കിന് ആളുകൾ മരിച്ചതായി റിപ്പോർട്ട്. 250 ലധികമാളുകൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. 90 വർഷത്തിനു ശേഷമാണ് മയോറ്റയിൽ ചുഴലികാറ്റ് പരിഭ്രാന്തി പരത്തുന്നത്. മണികൂറിൽ 225 കിലോമീറ്റർ വേഗത്തിലാണ് കാറ്റിൻ്റെ സഞ്ചാരം. കാറ്റഗറി 4 ലാണ് ചുഴലികാറ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ദ്വീപിൽ കനത്ത മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
മൂന്ന് ലക്ഷത്തോളം ജനങ്ങളാണ് ഭക്ഷണം, വെള്ളം തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കാതെ കുടുങ്ങി കിടക്കുന്നത്. ചുഴലികാറ്റിൻ്റെ ആഘാതത്തിൽ വൈദ്യുതി ബന്ധം വിഛേദ്ദിക്കപ്പെട്ടു. നഗരത്തിലെ പല സ്കൂളുകളും അഭയാർത്ഥി കേന്ദ്രങ്ങളായി. തുടർന്നും കനത്ത മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഫ്രഞ്ച് രക്ഷാപ്രവർത്തകർ മയോറ്റയിൽ എത്തിയിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ പ്രതികരിച്ചു.
വടക്കൻ നഗരമായ പെംബയിൽ നിന്ന് 25 മൈൽ വേഗതയിലാണ് ചുഴലികാറ്റ് ശനിയാഴ്ച കര തൊട്ടത്. ശേഷം, മൊസാംബിക്ക്, കൊമോറോസ്, മഡഗാസ്കർ എന്നീ പ്രദേശങ്ങളിലും ചിഡോ ബാധിച്ചു. വടക്കൻ മൊസാംബിക്കിലെ രണ്ട് ദശലക്ഷത്തിലധികം ആളുകളെ ഇത് ബാധിക്കുമെന്ന ആശങ്കകൾ ഉയർന്നിട്ടുണ്ട്.
ചിഡോ ചുഴലിക്കാറ്റ് ദാരിദ്യം, തൊഴിലില്ലായ്മ എന്നിവയിലേക്ക് നയിക്കുമെന്ന ആശങ്കയും ഫ്രഞ്ച് സാമ്പത്തിക സഹായത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന കുടിയേറ്റകാരുൾപ്പെടെയുള്ള സമൂഹത്തിനുണ്ട്. ജനസംഖ്യയുടെ 75 ശതമാനവും ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. മൂന്നിൽ ഒരാൾ തൊഴിലില്ലായ്മ നേരിടുന്നു. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതങ്ങളെ ഫലപ്രദമായി നേരിടാൻ ഈ രാജ്യങ്ങൾ സമ്പന്ന രാജ്യങ്ങളിൽ നിന്നുള്ള പിന്തുണ വർദ്ധിപ്പിക്കണമെന്നാണ് ആവശ്യപ്പെടുന്നത് .