സഹായം എത്തിക്കാൻ കഴിയുന്നില്ല! ഖാൻ യൂനിസിൽ നൂറുകണക്കിന് പലസ്തീനികൾ കുടുങ്ങിക്കിടക്കുന്നതായി യുഎൻ ഹ്യൂമാനിറ്റേറിയൻ ഏജൻസി

ദക്ഷിണ ഗാസയിലെ ഖാൻ യൂനിസിൽ നിന്ന് നാല് ദിവസത്തിനുള്ളിൽ ഏകദേശം 180,000 പലസ്തീനികളെയാണ് മാറ്റിപാർപ്പിച്ചത് എന്നും ഹ്യൂമാനിറ്റേറിയൻ ഏജൻസി
സഹായം എത്തിക്കാൻ കഴിയുന്നില്ല! ഖാൻ യൂനിസിൽ നൂറുകണക്കിന് പലസ്തീനികൾ കുടുങ്ങിക്കിടക്കുന്നതായി യുഎൻ ഹ്യൂമാനിറ്റേറിയൻ ഏജൻസി
Published on

ഗാസയിൽ ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെ നൂറുകണക്കിന് പലസ്തീനികൾ ഖാൻ യൂനിസിൽ കുടുങ്ങിക്കിടക്കുന്നതായി യുഎന്നിൻ്റെ ഹ്യൂമാനിറ്റേറിയൻ ഏജൻസി റിപ്പോർട്ട്. ഇസ്രായേൽ സൈന്യം പ്രവേശനം നിഷേധിച്ചതിനാൽ രക്ഷാസംഘങ്ങൾക്ക് അവരിലേക്ക് എത്താൻ കഴിയുന്നില്ലെന്നും ഏജൻസി വ്യക്തമാക്കി. പട്ടിണിയും, പകർച്ചവ്യാധികൾ പടരുമോ എന്ന ഭയവും മൂലം അഭയാർഥികൾ പ്രതിസന്ധിയിലാണ്. അതിനിടെ ഗാസയിലേക്കിത്തിയിരുന്ന സഹായങ്ങളിലും കുറവ് സംഭവിച്ചിട്ടുണ്ട്. ഏകദേശം 56 ശതമാനം കുറവാണ് ഏപ്രിൽ മുതൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഏജൻസി വ്യക്തമാക്കി.

ദക്ഷിണ ഗാസയിലെ ഖാൻ യൂനിസിൽ നിന്ന് നാല് ദിവസത്തിനുള്ളിൽ ഏകദേശം 180,000 പലസ്തീനികളെയാണ് ഇസ്രായേൽ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുത്തി മാറ്റിപാർപ്പിച്ചത് എന്നും ഹ്യൂമാനിറ്റേറിയൻ ഏജൻസി അറിയിച്ചു. ഈജിപ്ഷ്യൻ, ഖത്തർ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നി രാജ്യങ്ങളിലെ ഉദ്യോഗസ്ഥർ ഞായറാഴ്ച ഇറ്റാലിയൻ തലസ്ഥാനത്ത് വച്ച് ഇസ്രായേൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം അധിനിവേശ കിഴക്കൻ ജറുസലേമിന് കിഴക്ക് അൽ-ഇസാവിയ പരിസരത്ത് വെച്ച് കാറുമായി എത്തി ആക്രമണം നടത്താൻ ശ്രമിച്ച വ്യക്തിയെ വെടിവച്ചതായി ഇസ്രായേൽ പൊലീസ് അറിയിച്ചു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും, ഇയാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തില്‍ ഗാസയില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ഗാസയ്ക്ക് തെക്ക് ഭാഗത്തുള്ള ഖാന്‍ യൂനിസില്‍ 18 പേരും വടക്ക്, ഗാസ നഗരത്തില്‍ രണ്ട് പേരും നുസൈറത്ത് അഭയാര്‍ഥി ക്യാംപില്‍ ഒരാളുമാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് അല്‍ ജസീറയുടെ റിപ്പോര്‍ട്ട്. മധ്യ ഗാസയിലെ ബ്യുറേജ് അഭയാര്‍ഥി ക്യാംപിനു കിഴക്കുള്ള പ്രദേശങ്ങളിലും ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ ബോംബിങ്ങ് ശക്തമാക്കിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

ഗാസയിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഐക്യരാഷ്ട്ര സഭ പ്രത്യേക കൗണ്‍സില്‍ യോഗം ചേര്‍ന്നിരുന്നു. ഗാസയില്‍ നമ്മളെല്ലാം ഒന്നായി പരാജയപ്പെട്ടുവെന്ന് പലസ്തീന്‍ നയതന്ത്ര പ്രതിനിധി യോഗത്തില്‍ പറഞ്ഞു. ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 39,175 പേര്‍ കൊല്ലപ്പെട്ടു. 90,403 പേര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com