ലബനൻ സ്ഫോടനം: മലയാളി റിൻസൺ ജോസിനായി അന്വേഷണം ഊർജിതം

പേജർ കമ്പനിയുടെ ആസ്ഥാനമായ തായ് വാനിൽ മൂന്ന് പേരെ കൂടി പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു
ലബനൻ സ്ഫോടനം: മലയാളി റിൻസൺ ജോസിനായി അന്വേഷണം ഊർജിതം
Published on

ലബനൻ പേജർ സ്ഫോടനത്തിൽ മലയാളി റിൻസൺ ജോസിനായി അന്വേഷണം ഊർജിതമാക്കി നോർവേയും ഹംഗറിയും ബൾഗേറിയയും. സ്വന്തം കമ്പനി സ്ഥിതി ചെയ്യുന്ന ബൾഗേറിയയിൽ റിൻസൺ ഒരിക്കൽപോലും എത്തിയില്ലെന്ന് സുരക്ഷാ വിഭാഗം പറഞ്ഞു. പേജർ കമ്പനിയുടെ ആസ്ഥാനമായ തായ്‍വാനിൽ മൂന്ന് പേരെ കൂടി പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.

ഒരാഴ്ചയിലേറെയായി റിൻസണെ കാണാനില്ലെന്ന് ജോലിചെയ്തിരുന്ന സ്ഥാപനം ഇക്കഴിഞ്ഞ 24ന് പരാതി നൽകിയതോടെയാണ് നോർവേ സുരക്ഷാ വിഭാഗമായ പിഎസ്ടി അന്വേഷണം ഏറ്റെടുത്തത്. ലബനൻ സ്ഫോടനത്തിൽ ഇന്ത്യൻ വംശജനായ നോർവീജിയൻ പൗരന് ബന്ധമുണ്ടെന്ന് റിപ്പോർട്ട് വന്നപ്പോൾ മുതൽ രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ തേടിയിരുന്നെങ്കിലും കേസ് എടുത്തിരുന്നില്ല. പിഎസ്ടി ഉദ്യോഗസ്ഥർ റിൻസൺ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ എത്തി ഇന്നലെ മൊഴി എടുത്തതായി നോർവേയിലെ ഏറ്റവും പ്രചാരമുള്ള ദിനപ്പത്രം ആഫ്റ്റെൻപോസ്റ്റൻ റിപ്പോർട്ട് ചെയ്യുന്നു.

റിൻസൺ ഇപ്പോൾ നോർവേയിൽ ഉണ്ടെന്ന് കരുതുന്നില്ലെന്നാണ് കമ്പനി പ്രതിനിധി സർക്കാർ ടെലിവിഷനായ എൻആർകെയോട് പറഞ്ഞത്. റിൻസണിന്‍റെ കമ്പനിയുടെ അക്കൗണ്ടിൽ നിന്ന് 14 കോടി രൂപയ്ക്കു തുല്യമായ തുക സ്വീകരിച്ച ഹംഗറിയിലെ ബിഎസി കമ്പനി സ്ഥാപിച്ചത് മൊസാദ് നേരിട്ടാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. റിൻസൺ തുക കൈമാറിയ ക്രിസ്റ്റീന ബാഴ്സണി മൊസാദ് ഉദ്യോഗസ്ഥയാണെന്നും സ്ഥിരീകരിക്കുകയാണ് നോർവേയിലേയും ബൾഗേറിയയിലേയും മാധ്യമങ്ങൾ.


സ്വന്തം കമ്പനിയായ നോർട്ട ഗ്ലോബൽ ലിമിറ്റഡ് സ്ഥിതിചെയ്യുന്ന ബൾഗേറിയയിൽ റിൻസൺ ഒരിക്കൽ പോലും എത്തിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. മൊസാദ് സ്വന്തം ഉദ്യോഗസ്ഥരെ തന്നെ വിവിധ രാജ്യങ്ങളിൽ എത്തിച്ചാണ് ഇത്തരം നീക്കങ്ങൾ നടത്താറുള്ളത്. ഈ സാഹചര്യത്തിലാണ് റിൻസണെ ഉപയോഗിച്ചതിൽ ദുരൂഹത തുടരുന്നത്. സ്ഫോടനം ഉണ്ടാകുന്നതിനു തലേന്നു മുതൽ റിൻസണെക്കുറിച്ച് വിവരവും ഇല്ല.

പേജർ ബ്രാൻഡ് ആയ ഗോൾഡ് അപ്പോളോ സ്ഥിതിചെയ്യുന്ന തായ്‍വാനിൽ നാല് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. സ്ഥാപന ഉടമയെ ആദ്യ ദിവസം ചോദ്യം ചെയ്തെങ്കിലും ക്രിസ്റ്റീനയുടെ ബിഎസി എന്ന കമ്പനിക്ക് ബ്രാൻഡ് ഉപയോഗിക്കാനുള്ള അവകാശം നൽകുക മാത്രമാണ് ചെയ്തതെന്നാണ് മൊഴി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com