ടെക്സാസിൽ ആഞ്ഞടിച്ച് ബെറിൽ ചുഴലികാറ്റ്; എണ്ണ തുറമുഖങ്ങൾ അടച്ചു, വിമാന ഷെഡ്യൂളുകളിൽ മാറ്റം

കരീബിയൻ മേഖലയിൽ 10 മരണങ്ങൾക്ക് കാരണമായ ചുഴലിക്കാറ്റിനെ നിസാരമായി കാണരുതെന്ന് സംസ്ഥാന ഗവർണർ ഡാൻ പാട്രിക് ജനങ്ങളോട് അഭ്യർഥിച്ചു
ടെക്സാസിൽ ആഞ്ഞടിച്ച് ബെറിൽ ചുഴലികാറ്റ്; എണ്ണ തുറമുഖങ്ങൾ അടച്ചു, വിമാന ഷെഡ്യൂളുകളിൽ മാറ്റം
Published on

ടെക്സാസിൽ നാശം വിതച്ച് ബെറിൽ ചുഴലിക്കാറ്റ്. ഇന്ന് രാവിലെയോടെ തീരംതൊട്ട ചുഴലിക്കാറ്റ് 140 കിലോമീറ്റർ വേഗതയിൽ വീശിയതായാണ് റിപ്പോർട്ട്. കാറ്റഗറി ഒന്നിൽ ഉൾപ്പെടുന്ന കൊടുങ്കാറ്റിൽ 38 സെൻ്റിമീറ്റർ വരെ മഴ പെയ്യുമെന്നും പ്രദേശത്ത് വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ടെക്സാസിലെ ഹൂസ്റ്റൺ പ്രദേശത്ത് പൊലീസ് ഉദ്യോഗസ്ഥരെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ബെറിൽ ചുഴലിക്കാറ്റ് എത്തിയതോടെ ടെക്സാസിലെ എണ്ണ തുറമുഖങ്ങൾ അടച്ചിടുകയും വിമാന ഷെഡ്യൂളുകളിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. കരീബിയൻ മേഖലയിൽ 10 മരണങ്ങൾക്ക് കാരണമായ ചുഴലിക്കാറ്റിനെ നിസാരമായി കാണരുതെന്ന് സംസ്ഥാന ഗവർണർ ഡാൻ പാട്രിക് ജനങ്ങളോട് അഭ്യർഥിച്ചു.

പവർ ഔട്ടേജ് എന്ന ട്രാക്കിങ്ങ് സൈറ്റ് പ്രകാരം ടെക്സാസ് ലോൺ സ്റ്റാർ സ്റ്റേറ്റിലെ 1,50,000 ത്തിലധികം വീടുകളിൽ വൈദ്യുതി ബന്ധം തകരാറിലായിട്ടുണ്ട്. ഹൂസ്റ്റണിലെ ഏറ്റവും വലിയ എയർപോർട്ടായ ബുഷ് ഇൻ്റർകോണ്ടിനെൻ്റലിൽ നിന്നുള്ള 973 വിമാനങ്ങൾ റദ്ദാക്കിയതായും അധികൃതർ അറിയിച്ചു. 

അതേസമയം ന്യൂസെസ് കൗണ്ടി പ്രദേശത്ത് നിന്നും പ്രദേശവാസികളെ ഒഴിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി ടെക്സാസ് നാഷണൽ ഗാർഡ് ഉൾപ്പെടെ രണ്ടായിരത്തിലധികം എമർജൻസി റെസ്പോണ്ടർമാരെ സജ്ജരാക്കിയതായും അധികൃതർ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com