
കനത്ത ദുരിതം വിതച്ച ബെറില്‍ ചുഴലിക്കാറ്റ് മെക്‌സിക്കന്‍ തീരത്ത്. ജമൈക്കന്‍ തീരത്തേക്ക് ആഞ്ഞടിച്ചതിന് ശേഷമാണ് മെക്‌സിക്കന്‍ തീരത്തേക്ക് നീങ്ങിയത്. ബെറില്‍ ഇപ്പോള്‍ കാറ്റഗറി മൂന്നില്‍ ഉള്‍പ്പെടുന്ന കൊടുംങ്കാറ്റാണ്. എന്നാല്‍ കേയ്മാന്‍ ദ്വീപ് മേഖലയിലേക്ക് കടക്കുമ്പോള്‍ കാറ്റിന്റെ തീവ്രത വര്‍ധിച്ചേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് കനത്ത നാശം വിതയ്ക്കാന്‍ കാരണമാകുമെന്നും പറയുന്നു.
കരീബിയയില്‍ ഉടനീളം നാശം വിതച്ച ചുഴലിക്കാറ്റ് ഏഴ് പേരുടെ ജീവനാണ് അപഹരിച്ചത്. ബെറില്‍ ചുഴലിക്കാറ്റ് എത്തുന്നതിന് മുന്നോടിയായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനൊരുങ്ങുകയാണ് മെക്‌സിക്കന്‍ ഗവണ്‍മെന്റ്. 20,000ത്തോളം ആളുകള്‍ക്ക് താമസിക്കാന്‍ ശേഷിയുള്ള 112 ഷെല്‍ട്ടറുകളാണ് നിലവില്‍ ഗവണ്‍മെന്റ് തയ്യാറാക്കിയിട്ടുള്ളത്. പ്രദേശത്തെ സ്‌കൂളുകള്‍ താത്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്.
ചുഴലിക്കാറ്റ് ബാധിച്ച ജമൈക്കയില്‍ 4 ലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന പ്രദേശത്ത് നിലവില്‍ വൈദ്യുതി സംവിധാനം നിലച്ചിരിക്കുകയാണ്. ജൂണ്‍ ആദ്യം ആരംഭിച്ച ചുഴലിക്കാറ്റ് നവംബര്‍ വരെ നീണ്ടു നില്‍ക്കാന്‍ സാധ്യതയുണ്ട്. ഇത്രയും നീണ്ട കാലം നിലനില്‍ക്കുന്ന ചുഴലിക്കാറ്റ് വളരെ അപൂര്‍വ്വമായാണ് ഉണ്ടാകുന്നതെന്നാണ് കാലാവസ്ഥ വിഭാഗം പറയുന്നത്.