
മിൽട്ടൺ ചുഴലിക്കാറ്റിനു പിന്നാലെ ഇരുട്ടിലായി ഫ്ലോറിഡ നഗരം. ചുഴലിക്കാറ്റിൽ വൈദ്യുതി പോസ്റ്റുകളും സംവിധാനങ്ങളും തകരാറിലായതോടെയാണ് നഗരം ഇരുട്ടിലായത്. ഏകദേശം 32 ലക്ഷത്തിലേറെ വീടുകളിൽ വൈദ്യുതി മുടങ്ങിയെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച രാത്രി തീരം തൊട്ട ചുഴലിക്കാറ്റിൽ ഇതുവരെ 12 മരണം സംഭവിച്ചതായാണ് പ്രാഥമിക വിവരം. ചുഴലിക്കാറ്റിന് പിന്നാലെയുണ്ടായ മിന്നൽ പ്രളയം ഇപ്പോഴും ആശങ്കാജനകമാണെന്ന് ഗവർണർ റോൺ ഡിസാൻ്റ് അറിയിച്ചു.
ഫ്ലോറിഡയിൽ ആഞ്ഞടിച്ച മിൽട്ടൺ ചുഴലികൊടുങ്കാറ്റിൽ സെൻ്റ് ലൂസി കൗണ്ടിയിലെ ഫോർട്ട് പിയേഴ്സിലാണ് 5 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ബുധനാഴ്ച രാത്രി ഫ്ലോറിഡയുടെ പടിഞ്ഞാറൻ തീരത്ത് കാറ്റഗറി-3 ചുഴലിക്കാറ്റായി മിൽട്ടൺ കരതൊട്ടു. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയത്. പിന്നാലെയുണ്ടായ വെള്ളപ്പൊക്കം ഇപ്പോഴും ആശങ്കാജനകമാണെന്ന് ഫ്ലോറിഡ ഗവർണർ റോൺ ഡിസാൻ്റ് പറഞ്ഞു. ഹിൽസ്ബറ, പിനെലസ്, സാറസോട്ട, ലീ എന്നീ കൗണ്ടികളിലാണ് കൂടുതൽ നാശ നഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത്.
ചുഴലിക്കാറ്റിൻ്റെ ആഘാതത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. ഒട്ടേറെ മരങ്ങൾ കടപുഴകി വീണതിനാൽ ഗതാഗതം തകരാറിലായി. ടംപാ, സെൻ്റ് പീറ്റേഴ്‌സ്ബർഗ്, ക്ലിയർവാട്ടർ എന്നീ നഗരങ്ങളിൽ അടിയന്തരാവസ്ഥ തുടരുകയാണ്.
സെൻ്റ് പീറ്റേഴ്സ് ബർഗിൽ 24 മണിക്കൂറിനിടെ 41 സെൻ്റീമീറ്റർ മഴ പെയ്തു. സമുദ്ര ജലം ഇപ്പോഴും 14 അടി വരെ ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്. 90,000-ത്തിലധികം പേരെ അഭയാർഥി ക്യാമ്പുകളിൽ പാർപ്പിച്ചിരിക്കുകയാണ്.