യു കെയില്‍ ഭാര്യയുടെ മരണത്തിനു പിന്നാലെ ജീവനൊടുക്കി ഭർത്താവ്; മരിച്ചത് കോട്ടയം സ്വദേശികള്‍

കോട്ടയം പനച്ചിക്കാട് സ്വദേശി അനിൽ ചെറിയാന്‍ തൂങ്ങി മരിക്കുകയായിരുന്നു. അനിലിൻ്റെ ഭാര്യ സോണിയ കഴിഞ്ഞ ഞായറാഴ്ച കുഴഞ്ഞ് വീണു മരിച്ചിരുന്നു
യു കെയില്‍  ഭാര്യയുടെ മരണത്തിനു പിന്നാലെ ജീവനൊടുക്കി ഭർത്താവ്;  മരിച്ചത് കോട്ടയം സ്വദേശികള്‍
Published on

യു കെ യിൽ ഭാര്യയുടെ മരണത്തിനു പിന്നാലെ ഭർത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പനച്ചിക്കാട് സ്വദേശി അനിൽ ചെറിയാന്‍ തൂങ്ങി മരിക്കുകയായിരുന്നു. അനിലിൻ്റെ ഭാര്യ സോണിയ കഴിഞ്ഞ ഞായറാഴ്ച കുഴഞ്ഞ് വീണു മരിച്ചിരുന്നു.


കോട്ടയം പാക്കില്‍ സ്വദേശിനിയായ സോണിയ യു കെയില്‍ നിന്നും കാലിന്‍റെ ശസ്ത്രക്രിയയ്ക്കായി നാട്ടിലെത്തിയിരുന്നു. 10 ദിവസം നാട്ടില്‍ നിന്ന ശേഷം യു കെയില്‍ തിരിച്ചെത്തിയ സോണിയ വീട്ടിലെത്തി ഒരു മണിക്കൂർ തികയും മുന്‍പ് കുഴഞ്ഞ് വീണ് മരിച്ചു. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോർട്ടം അടക്കമുള്ള നടപടി ക്രമങ്ങള്‍ക്കു ശേഷം സോണിയയുടെ മൃതദേഹം മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു അനില്‍.


പുലർച്ചെ, മക്കള്‍ ഉറങ്ങിയ ശേഷം വീടിനു വെളിയിലിറങ്ങിയ അനിലിനെ വീടിനു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യയുടെ അടുത്തേക്ക് പോകുകയാണെന്നും, മക്കളെ നോക്കണമെന്നും സുഹൃത്തുക്കള്‍ക്ക് അനില്‍ സന്ദേശം അയച്ചിരുന്നു. സന്ദേശം കണ്ട സുഹൃത്തുക്കളും അയല്‍വാസികളും ചേർന്ന് നടത്തിയ തെരച്ചിലിലാണ് അനിലിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയുടെ മരണത്തിൽ അനിൽ ദുഃഖത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.  വിദ്യാർഥികളായ ലിയ, ലൂയിസ് എന്നിവരാണ് അനിലിന്‍റെയും സോണിയയുടെയും മക്കള്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com