സംവിധായകർ ഉള്‍പ്പെട്ട ഹൈബ്രിഡ് കഞ്ചാവ് കേസ്: സമീർ താഹിർ ഇന്ന് എക്സൈസിന് മുന്നിൽ ഹാജരാകാൻ സാധ്യത

മേയ് ഏഴാം തീയതിക്ക് മുൻപ് എക്സൈസിന് മുന്‍പില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമീർ താഹിറിന് എക്സൈസ് നോട്ടീസ് നൽകിയിരുന്നു
സംവിധായകർ ഉള്‍പ്പെട്ട ഹൈബ്രിഡ് കഞ്ചാവ് കേസ്: സമീർ താഹിർ ഇന്ന് എക്സൈസിന് മുന്നിൽ ഹാജരാകാൻ സാധ്യത
Published on

സംവിധായകരിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ ഫ്ലാറ്റ് ഉടമ സമീർ താഹിർ ഇന്ന് എക്സൈസിന് മുന്നിൽ ഹാജരാകാൻ സാധ്യത. സമീറിന് സംവിധായകരുടെ ലഹരി ഇടപാടിൽ ബന്ധമുണ്ടോയെന്ന് പരിശോധിക്കാനാണ് എക്സൈസ് വിളിച്ച് വരുത്തുന്നത്. സമീറിൻ്റെ മൊഴി എടുത്ത ശേഷം കഞ്ചാവുമായി പിടിയിലായ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെ വീണ്ടും ചോദ്യം ചെയ്യും.

മേയ് ഏഴാം തീയതിക്ക് മുൻപ് എക്സൈസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമീർ താഹിറിന് എക്സൈസ് നോട്ടീസ് നൽകിയിരുന്നു. സമീറിന്റെ കൊച്ചി ഗോശ്രീ പാലത്തിന് സമീപമുള്ള ഫ്ലാറ്റിൽ നിന്നും ഏപ്രിൽ 27-ാം തീയതിയാണ് ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ, സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നിവർ അറസ്റ്റിലായത്. 1.50 ഗ്രാം കഞ്ചാവാണ് പരിശോധനയിൽ ഇവരിൽ നിന്നും പിടികൂടിയത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. പിടിയിലായവരെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.


സമീറിന്റെ അറിവോടെയാണോ കഞ്ചാവ് ഉപയോഗം എന്നതടക്കം അറിയാനായി സംവിധായകനെ ചോദ്യം ചെയ്യുമെന്ന് എക്‌സൈസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. സമീര്‍ താഹിറിനെതിരെ തെളിവ് ലഭിച്ചാല്‍ പ്രതി ചേര്‍ക്കുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. സംവിധായകർക്ക് ഒപ്പം പിടിയിലായ ഷാലിഫ് മുഹമ്മദിന്റെ സുഹൃത്താണ് കഞ്ചാവ് വിൽപനക്കാരനെ പരിചയപ്പെടുത്തി നൽകിയതെന്നാണ് വിവരം. കേസിൽ ഷാലിഫ് മുഹമ്മദ് മൂന്നാം പ്രതിയാണ്. എക്സൈസ് എൻഫോഴ്സ്‌മെന്റ് അസിസ്റ്റന്റ് കമ്മിഷണർ എം.എസ്. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com