പുലിവാല് പിടിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്; ചാംപ്യൻസ് ട്രോഫി നടത്തിപ്പിൽ നിന്ന് പിന്മാറൽ ദുഷ്കരം

അവർ പിന്മാറിയാൽ വൻതുകയുടെ വരുമാന നഷ്ടവും നിയമ പോരാട്ടങ്ങളും ക്രിക്കറ്റ് ലോകത്ത് ഒറ്റപ്പെടുത്തലും നേരിടേണ്ടി വരും
പുലിവാല് പിടിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്; ചാംപ്യൻസ് ട്രോഫി നടത്തിപ്പിൽ നിന്ന് പിന്മാറൽ ദുഷ്കരം
Published on


ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നടക്കാനിരിക്കുന്ന ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ടൂർണമെൻ്റ് സംഘടിപ്പിക്കുന്നതിനെ ചൊല്ലി ഐസിസിയുമായി തർക്കം നിലനിൽക്കുന്നതിനാൽ നടത്തിപ്പിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചാൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ (പിസിബി) കാത്തിരിക്കുന്നത് ഒറ്റപ്പെടൽ ഭീഷണി. പാകിസ്ഥാനിൽ ടൂർണമെൻ്റിന് ആതിഥേയത്വം വഹിക്കുന്നതിൽ നിന്ന് അവർ പിന്മാറിയാൽ വൻതുകയുടെ വരുമാന നഷ്ടവും നിയമ പോരാട്ടങ്ങളും ക്രിക്കറ്റ് ലോകത്ത് ഒറ്റപ്പെടുത്തലും നേരിടേണ്ടി വരും.

ബിസിസിഐയുടെ നിർബന്ധപ്രകാരമുള്ള ഐസിസിയുടെ ഹൈബ്രിഡ് മോഡൽ ഫോർമുല പൂർണമായി അംഗീകരിക്കാതെ, ചാംപ്യൻസ് ട്രോഫിയിൽ നിന്ന് വിട്ടുനിൽക്കുക എന്നത് എളുപ്പമുള്ള തീരുമാനമല്ലെന്ന് ഐസിസി സംഭവങ്ങളെക്കുറിച്ച് നന്നായി അറിയാവുന്ന ഒരു മുതിർന്ന ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്റർ ബുധനാഴ്ച പിടിഐയോട് പറഞ്ഞു.

"പാകിസ്ഥാൻ ഐസിസിയുമായി ഒരു ആതിഥേയ കരാറിൽ ഒപ്പുവെക്കുക മാത്രമല്ല, ഈ ടൂർണമെൻ്റിൽ പങ്കെടുക്കുന്ന മറ്റെല്ലാ രാജ്യങ്ങളെയും പോലെ ഐസിസിയുമായി നിർബന്ധിത അംഗങ്ങളുടെ പങ്കാളിത്ത കരാറിലും (എംപിഎ) ഒപ്പുവെച്ചിട്ടുണ്ട്," അഡ്മിനിസ്ട്രേറ്റർ വിശദീകരിച്ചു.

"ഐസിസി ഇവൻ്റിൽ കളിക്കുന്നതിന് അംഗരാജ്യങ്ങൾ എംപിഎ ഒപ്പിട്ടതിന് ശേഷം മാത്രമേ ഐസിസി ഇവൻ്റുകളിൽ നിന്ന് സമ്പാദിക്കുന്ന വരുമാനത്തിൻ്റെ ഒരു പങ്ക് ലഭിക്കാൻ അർഹതയുള്ളൂ. ഏറ്റവും പ്രധാനമായി ഐസിസി അതിൻ്റെ എല്ലാ ഇവൻ്റ് അവകാശങ്ങൾക്കുമായി ഒരു ബ്രോഡ്‌കാസ്റ്റിംഗ് കരാർ ഒപ്പിട്ടപ്പോൾ, ചാംപ്യൻസ് ട്രോഫി ഉൾപ്പെടെയുള്ള അവരുടെ ഇവൻ്റുകളിൽ കളിക്കാൻ എല്ലാ ഐസിസി അംഗങ്ങളും ലഭ്യമാണെന്ന് അവർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

അടുത്ത വർഷത്തെ ചാംപ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലിൽ നടത്താൻ കഴിഞ്ഞ ആഴ്ച ഐസിസി ഒരു സമവായത്തിലെത്തിയിട്ടുണ്ട്. 2027 വരെ ഐസിസി ഇവൻ്റുകളിൽ സമാനമായ ക്രമീകരണത്തിന് തത്വത്തിൽ സമ്മതിക്കുമ്പോൾ തന്നെ ഇന്ത്യക്ക് ദുബായിൽ തങ്ങളുടെ മത്സരങ്ങൾ കളിക്കാൻ അനുവദിച്ചിട്ടുണ്ട്. പിസിബി ഇടഞ്ഞു നിൽക്കെ ഔദ്യോഗിക പ്രഖ്യാപനം വരാൻ കാത്തിരിക്കുകയാണ്. ബ്രോഡ്‌കാസ്റ്റിങ് കരാറിൻ്റെ ഭാഗമായി എല്ലാ ഐസിസി ഇവൻ്റുകളിലും കുറഞ്ഞത് ഒരു ഇന്ത്യ-പാകിസ്ഥാൻ മത്സരമെങ്കിലും ഷെഡ്യൂൾ ചെയ്യണമെന്നും അഡ്മിനിസ്ട്രേറ്റർ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com