
ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപനയ്ക്ക് ഇന്നു തുടക്കം. ഇരുപത്തിയേഴായിരം കോടി രൂപയിലധികം മൂല്യമുള്ള ഹ്യുണ്ടായി വിൽക്കുന്നത് 330 കോടി ഡോളറിന്‍റെ ഓഹരിയാണ്.
ഹ്യുണ്ടായിയുടെ എക്കാലത്തെയും വലിയ പ്രാരംഭ ഓഹരി വിൽപ്പനയ്ക്കാണ് ഇന്ന് തുടക്കമായത്. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐപിഒ എന്ന പേരിൽ 27,870 കോടി രൂപയുടെ സമാഹരണമാണ് ഹ്യുണ്ടായ് ലക്ഷ്യമിടുന്നത്. ഓഹരിക്ക് 1,865 രൂപ മുതൽ 1,960 രൂപ വരെ വിലയ്ക്കാണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ഐപിഒ സംഘടിപ്പിക്കുന്നത്. മാതൃകമ്പനിയായ ദക്ഷിണ കൊറിയയിലെ ഹ്യുണ്ടായ് മോട്ടോർ കോർപ്പറേഷൻ 17.5 ശതമാനം ഓഹരികൾ വിറ്റഴിക്കുന്ന ഓഫർ ഫോർ സെയിൽ മാത്രമേയുള്ളൂ. നാളെ മുതൽ 17 വരെ റീട്ടെയിൽ നിക്ഷേപകർക്കും വൻകിട നിക്ഷേപകർക്കും ഓഹരിക്കായി അപേക്ഷിക്കാം.
ഹ്യുണ്ടായ് മോട്ടോർ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ ഇന്ത്യയിൽ ഉൽപ്പാദനം വിപുലീകരിക്കാൻ സാധ്യതയുണ്ടെന്നാണ് വിശകലന വിദഗ്ധരുടെ അഭിപ്രായം. മാരുതി സുസുക്കിയെ പിന്നിലാക്കി, ഇന്ത്യയിലെ രണ്ടാമത്തെ വലിയ വാഹന നിർമാതാക്കളായി മാറിയിരിക്കുകയാണ് ഹ്യുണ്ടായ്. അടുത്ത വർഷം ആദ്യം, ഇന്ത്യൻ നിർമിത വൈദ്യുത വാഹനം പുറത്തിറക്കാനും ഹ്യുണ്ടായ് പദ്ധതിയിടുന്നുണ്ട്.