'ഞാൻ ഇവിടെയെത്തിയത് നിങ്ങളുടെ സഹോദരനായി'; മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച് രാഹുൽ ഗാന്ധി

ഇന്ന് പുലർച്ചെ പ്രദേശത്ത് വെടിവെപ്പുണ്ടായ സാഹചര്യത്തിൽ കനത്ത സുരക്ഷയിലായിരുന്നു രാഹുലിൻ്റെ മണിപ്പൂഡ സന്ദർശനം
'ഞാൻ ഇവിടെയെത്തിയത് നിങ്ങളുടെ സഹോദരനായി'; മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച് രാഹുൽ ഗാന്ധി
Published on

മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കനത്ത സുരക്ഷയിലായിരുന്നു രാഹുലിൻ്റെ മണിപ്പൂർ സന്ദർശനം. രാവിലെ അസമിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണ് രാഹുൽ മണിപ്പൂരിലെത്തിയത്.

"ഞാൻ നിങ്ങളുടെ സഹോദരനായാണ് ഇവിടെ വരുന്നത്, മണിപ്പൂരിൽ സമാധാനം തിരികെ കൊണ്ടുവരാൻ നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു" മണിപ്പൂർ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി പറഞ്ഞു.

ഇന്ന് ഉച്ചയോടെ ഇംഫാൽ വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധി ജിരിബാമിലെ അഭയാർഥി ക്യാമ്പിലാണ് ആദ്യം സന്ദർശനം നടത്തിയത്. രാഹുൽ എത്തുന്നതിന് മുൻപായി ഇന്ന് പുലർച്ചെ ഈ മേഖലയിൽ വെടിവെപ്പുണ്ടായിരുന്നു. കനത്ത സുരക്ഷയിലായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ മണിപ്പൂർ സന്ദർശനം. കുക്കി അഭയാർഥി ക്യാമ്പായ ചുരാചന്ദ്പൂരും മെയ്തി വിഭാഗങ്ങളുടെ വിശ്വപൂർ ജില്ലയിലെ അഭയർഥി ക്യാമ്പുകളും രാഹുൽ സന്ദർശിച്ചു. ജനങ്ങളോട് സംസാരിച്ച ശേഷം മണിപ്പൂർ ഗവർണറുമായും നേതാവ് കൂടിക്കാഴ്ച്ച നടത്തി.

അതേസമയം രാഹുലിന്‍റെ സന്ദർശനത്തിനെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി. 'ദുരന്ത ടൂറിസ'മാണ് രാഹുൽ നടത്തുന്നതെന്നായിരുന്നു ബിജെപിയുടെ വിമർശനം. ഇത് മൂന്നാം തവണയാണ് രാഹുൽ മണിപ്പൂർ സന്ദർശിക്കുന്നത്. രാവിലെ തെക്കൻ അസമിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച രാഹുൽ ബിജെപി സർക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. പ്രളയ ബാധിതരെ സഹായിക്കുന്നതിൽ ബിജെപി സർക്കാർ പൂർണ്ണ പരാജയമാണെന്നായിരുന്നു രാഹുലിൻ്റെ ആരോപണം. അസമിൽ ഡബിൾ എഞ്ചിൻ സർക്കാരുണ്ടായിട്ടും 24 ലക്ഷം പേരെ ഇത്തവണ പ്രളയം ബാധിച്ചുവെന്നും പ്രതിപക്ഷനേതാവ് വിമർശിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com