ട്രംപിൻ്റെ വിജയത്തിന് പിന്നാലെ ചർച്ചയായി ആണവ പദ്ധതി; ഐഎഇഎ മേധാവി ഇറാനിലേക്ക്

കഴിഞ്ഞ വർഷം ഇറാനും ഐഎഇഎയും അംഗീകരിച്ച സംയുക്ത കരാർ സംബന്ധിച്ചാണ് ചർച്ച
ട്രംപിൻ്റെ വിജയത്തിന് പിന്നാലെ ചർച്ചയായി ആണവ പദ്ധതി; ഐഎഇഎ മേധാവി ഇറാനിലേക്ക്
Published on

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിയായതിന് പിന്നാലെ ഇറാന്‍റെ ആണവ പദ്ധതി വീണ്ടും ചർച്ചയാകുന്നു. ആണവനിലയങ്ങളുടെ പരിശോധന വർധിപ്പിക്കുന്നതിനായി അന്താരാഷ്ട്ര ആണവോർജ ഏജൻസി മേധാവി റഫായേൽ ഗ്രോസി വരും ദിവസങ്ങളിൽ ഇറാനിയൻ തലസ്ഥാനമായ ടെഹ്റാൻ സന്ദർശിക്കും. കഴിഞ്ഞ വർഷം ഇറാനും ഐഎഇഎയും അംഗീകരിച്ച സംയുക്ത കരാർ സംബന്ധിച്ചാണ് ചർച്ച.

ഇറാൻ്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതൽ വിശദമായ ചർച്ചയ്ക്കാണ് അന്താരാഷ്ട്ര ആണവോർജ ഏജൻസി ഡയറക്ടർ ജനറൽ റഫായേൽ ഗ്രോസി ഇറാൻ സന്ദർശിക്കുന്നത്. കഴിഞ്ഞ വർഷം ഇറാനും ഐഎഇഎയും അംഗീകരിച്ച സംയുക്ത കരാർ സംബന്ധിച്ചാണ് ചർച്ച. രഹസ്യ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട് ഐഎഇഎ ഉദ്യോഗസ്ഥരുടെ സംശയങ്ങൾ തീർക്കുക, കൂടുതൽ പരിശോധനകളും നിരീക്ഷണങ്ങളും നടത്താൻ ഐഎഇഎയെ അനുവദിക്കുക തുടങ്ങിയ കാര്യങ്ങളാണ് സംയുക്ത കരാറിൽ അംഗീകരിച്ചത്. അമേരിക്കയുടെ നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായും കൂടിക്കാഴ്ച നടത്തും.

2015ലെ ആണവ കരാറിന് പിന്നാലെ നിരവധി ഉപരോധങ്ങൾ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ഇറാന് മേൽ ഏർപ്പെടുത്തിയിട്ടുണ്ട്. 2018ൽ ട്രംപ് പ്രസിഡൻ്റായിരുന്നപ്പോൾ ഇറാനുമായുള്ള കരാറിൽ നിന്ന് അമേരിക്ക പിൻമാറുകയായിരുന്നു. എന്നാൽ അന്താരാഷ്ട്ര നിർദേശങ്ങൾക്ക് വിരുദ്ധമായി 2019 മുതൽ ഇറാൻ ആണവ പദ്ധതി ശക്തമാക്കിയതായും ആണവായുധം നിർമിക്കാൻ ആവശ്യമായ യുറേനിയം ശേഖരിച്ചതായും ഏറ്റവുമൊടുവിലെ റിപ്പോർട്ടിൽ ഐഎഇഎ രേഖപ്പെടുത്തിയിരുന്നു. ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിൽ വന്നാൽ ഇറാനുമായി സംഘർഷത്തിന് സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷണം. അതേസമയം, ഉത്തര കൊറിയയുമായി അപ്രതീക്ഷീത ചർച്ച നടത്തിയതുപോലെ ഇറാനുമായി ട്രംപ് നയതന്ത്രത്തിൽ ഏർപ്പെടുമെന്നാണ് മറ്റൊരു പ്രതീക്ഷ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com