
ഐഎഎസ് തലപ്പത്തെ പോരിൽ മുഖ്യമന്ത്രിക്ക് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ റിപ്പോർട്ട് സമർപ്പിച്ചു. കൃഷി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എൻ. പ്രശാന്ത് ചട്ടലംഘനം നടത്തി പരസ്യ വിമർശനം നടത്തുന്നതായാണ് ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകിയത്. അതേസമയം, എൻ. പ്രശാന്തിനെതിരായ നടപടി മുഖ്യമന്ത്രി തീരുമാനിക്കും.
മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തിന് പിന്നാലെ ഐഎഎസ് തലപ്പത്ത് പോര് ശക്തമായിരുന്നു. ഇതിനു പിന്നാലെയായിരുന്നു മേഴ്സിക്കുട്ടിയമ്മയുടെ വിമർശനം. എസ്‌സി, എസ്‌ടി ഉന്നമനത്തിനായി തുടങ്ങിയ 'ഉന്നതി'യുടെ സിഇഒ ആയിരുന്ന കാലത്തെ എൻ. പ്രശാന്തിന്‍റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് പ്രശാന്ത് ഫേസ്ബുക്ക് പോര് ആരംഭിച്ചത്. തനിക്കെതിരെ മാതൃഭൂമിക്ക് വാർത്ത നൽകുന്നത് ജയതിലകാണെന്നാണ് പ്രശാന്തിൻ്റെ ആരോപണം. 'സ്പെഷൽ റിപ്പോർട്ടർ' എന്നാണ് ജയതിലകിനെ പ്രശാന്ത് വിശേഷിപ്പിച്ചത്. അടുത്ത ചീഫ് സെക്രട്ടറിയെന്ന് സ്വയം വിശേഷിപ്പിച്ച മഹാനാണ് ജയതിലകെന്നും പ്രശാന്ത് പരിഹസിച്ചു. സ്വയം കുസൃതി ഒപ്പിച്ചിട്ട് പരാതിപ്പെടുന്ന പ്രവണത ഐഎഎസുകാരിൽ കൂടി വരുന്നെന്നായിരുന്നു കെ.ഗോപാലകൃഷ്ണന് നേരെയുള്ള പ്രശാന്തിൻ്റെ പരിഹാസം. പോസ്റ്റില്‍ മാടമ്പള്ളിയിലെ യഥാർഥ ചിത്തരോഗി ജയതിലക് എന്ന വ്യക്തി തന്നെയാണെന്നും പ്രശാന്ത് അധിക്ഷേപിച്ചു. ഇതിനെ തുടർന്നാണ് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ പ്രശാന്തിനോട് വിശദീകരണം തേടിയത്.
അതേസമയം, സിപിഎം നേതാവും മുന്‍മന്ത്രിയുമായ മേഴ്സിക്കുട്ടിയമ്മയേയും പ്രശാന്ത് കമന്‍റ് സെക്ഷനില്‍ അധിക്ഷേപിച്ചിരുന്നു. 'മേഴ്സിക്കുട്ടിയമ്മയ്ക്ക് മറുപടിയുണ്ടോ ബ്രോ? എന്ന കമന്‍റിനു 'ആരാണത്' എന്നായിരുന്നു എന്‍. പ്രശാന്തിന്‍റെ മറുപടി. യുഡിഎഫിന് വേണ്ടി വിടുപണി ചെയ്തയാളാണ് പ്രശാന്തെന്നായിരുന്നു മേഴ്സിക്കുട്ടിയമ്മയുടെ വിമർശനം. രാഷ്ട്രീയ ഗൂഢാലോചന നടത്തുന്ന കാര്യത്തില്‍ പ്രശാന്ത് വില്ലന്റെ റോളില്‍ പ്രവര്‍ത്തിച്ചെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മേഴ്സിക്കുട്ടിയമ്മ വിമര്‍ശിച്ചത്. രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച എന്‍. പ്രശാന്ത് വഞ്ചനയുടെ പര്യായമായ ഐഎഎസ് ഉദ്യോഗസ്ഥനെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫിനു വേണ്ടി പ്രശാന്ത് രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്നും ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ അതിന്‍റെ ഭാഗമായിരുന്നുവെന്നും മേഴ്സിക്കുട്ടിയമ്മ ആരോപിച്ചു.