ICC Champions Trophy 2025| ന്യൂസിലന്‍ഡിനെതിരെ ജയം; ഇന്ത്യ ഗ്രൂപ്പ് ചാംപ്യന്മാര്‍

സെമിയില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. മാര്‍ച്ച് നാല് ചൊവ്വാഴ്ച ദുബായിലാണ് ആദ്യ സെമി പോരാട്ടം
ICC Champions Trophy 2025| ന്യൂസിലന്‍ഡിനെതിരെ ജയം; ഇന്ത്യ ഗ്രൂപ്പ് ചാംപ്യന്മാര്‍
Published on

ചാംപ്യന്‍സ് ട്രോഫിയില്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യക്ക് 44 റണ്‍സിന്റെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 250 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ന്യൂസിലന്‍ഡിനായില്ല. 45.3 ഓവറില്‍ 205 റണ്‍സിന് ന്യൂസിലന്‍ഡ് പരാജയം സമ്മതിച്ചു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സ് നേടി. വന്‍ തകര്‍ച്ചയില്‍ നിന്നും ഇന്ത്യയെ രക്ഷിച്ചത് ശ്രേയസ് അയ്യരുടെ ഫിഫ്റ്റിയാണ്. 98 പന്തില്‍ 79 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഹാര്‍ദിക് പാണ്ഡ്യ (45), അക്‌സര്‍ പട്ടേല്‍ (42), കെ.എല്‍. രാഹുല്‍ (23) എന്നിവര്‍ക്ക് മാത്രമെ ഇന്ത്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും മികവ് പുറത്തെടുക്കാനായുള്ളൂ. ന്യൂസിലന്‍ഡിന് വേണ്ടി മാറ്റ് ഹെന്റി അഞ്ച് വിക്കറ്റ് വീഴ്ത്തി. മൈക്കല്‍ ബ്രേസ്വെല്‍ ഒഴികെ ബാക്കിയുള്ള ബൗളര്‍മാരെല്ലാം ഓരോ വീതം വിക്കറ്റെടുത്തു.

ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യ സെമിയിലേക്ക് കടക്കുന്നത്. സെമിയില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. മാര്‍ച്ച് നാല് ചൊവ്വാഴ്ച ദുബായിലാണ്  ആദ്യ സെമി പോരാട്ടം.

ബൗളിങ്ങില്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ വിറപ്പിച്ചെങ്കിലും ബാറ്റിങ് തകര്‍ച്ചയാണ് ന്യൂസിലന്‍ഡിന് വിനയായത്. 250 റണ്‍സ് വിജയക്ഷ്യം മറികടക്കാന്‍ ബാറ്റേന്തിയ ടീമില്‍ കെയ്ന്‍ വില്യംസണ്‍(81) മാത്രമാണ് അല്‍പമെങ്കിലും പൊരുതിയത്. നാലാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ രചിന്‍ രവീന്ദ്ര(6) പുറത്തായാണ് തുടക്കം. സ്‌കോര്‍ അമ്പത് കടക്കുന്നതിന് മുമ്പ് വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ വില്‍ യാങ്(22) ബൗള്‍ഡായി പുറത്തായി. പിന്നാലെ, ഡാരില്‍ മിച്ചല്‍(17), ടോം ലാഥം (14) എന്നിവരും പുറത്തായി. കുല്‍ദീപാണ് മിച്ചലിന്റെ പുറത്താക്കിയത്. ഗ്ലെന്‍ ഫിലിപ്‌സിനെയും(12), മൈക്കല്‍ ബ്രേസ്വെല്ലിനെയും(2) എന്നിവരും പിന്നാലെ പുറത്തായി.

ഇന്ത്യക്കു വേണ്ടി 42 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ നേടിയ വരുണ്‍ ചക്രവര്‍ത്തിയാണ് കളിയിലെ താരം. സ്പിന്നര്‍മാരെ തുണക്കുന്ന പിച്ചില്‍ വരുണ്‍ ചക്രവര്‍ത്തിയെ തളക്കാന്‍ കിവീസ് ബാറ്റ്‌സ്മാന്‍മാര്‍ക്കായില്ല. കുല്‍ദീപ് രണ്ടും ജഡേജയും അക്‌സറും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

രണ്ടാം സെമിയില്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡ് ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയെ നേരിടും.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com