
ഐസിസി ചാംപ്യൻസ് ട്രോഫി ടൂർണമെൻ്റിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ കിരീട സാധ്യതയുള്ള രണ്ടു ടീമുകളെ ചൂണ്ടിക്കാട്ടി മുൻ ശ്രീലങ്കൻ താരവും ഇതിഹാസ സ്പിന്നറുമായ മുത്തയ്യ മുരളീധരൻ. ഇരു ടീമുകളും ഫൈനലിൽ ഏറ്റുമുട്ടുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. ഏഴ് വർഷത്തിന് ശേഷമാണ് ചാംപ്യൻസ് ട്രോഫി മത്സരങ്ങൾ അരങ്ങേറുന്നത്.
ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, നിലവിലെ ചാമ്പ്യന്മാരായ പാകിസ്ഥാൻ എന്നിവർ ഉൾപ്പെടെ ഐസിസി ഏകദിന റാങ്കിങ്ങിലെ മികച്ച എട്ട് ടീമുകളാണ് കിരീടത്തിനായി മത്സരിക്കുന്നത്. പാക്കിസ്ഥാനിൽ ഫെബ്രുവരി 19 മുതൽ ടൂർണമെന്റ് ആരംഭിക്കാനിരിക്കെ ചാംപ്യൻസ് ട്രോഫിയുടെ ആവേശം ഇപ്പോഴേ ക്രിക്കറ്റ് ആരാധകരെ പിടികൂടിയിട്ടുണ്ട്.
"നോക്കൂ, ചാംപ്യൻസ് ട്രോഫിയിൽ ഇത്തവണ എനിക്ക് രണ്ടു ഫേവറിറ്റ് ടീമുകളാണുള്ളത്. പക്ഷേ ഏത് ടീം വിജയിക്കുമെന്ന് ഇപ്പോൾ ഉറപ്പിക്കാനാവില്ല. ഇന്ത്യയും പാകിസ്ഥാനുമാണ് എൻ്റെ ഫേവറിറ്റുകൾ. സ്വന്തം നാട്ടിലെ സാഹചര്യങ്ങൾ പാകിസ്ഥാന് അനുകൂലമാണ്. ഈ സാഹചര്യങ്ങളിൽ കളിക്കാൻ ഇന്ത്യയും മികച്ച ടീമാണ്," മുരളീധരൻ എഎൻഐയോട് പറഞ്ഞു.
സ്പിന്നർമാർക്ക് പാകിസ്ഥാനിലെ പിച്ചുകളിൽ നിന്ന് ആനുകൂല്യം ലഭിക്കുമെന്നും, ഇന്ത്യൻ സീനിയർ താരങ്ങൾ ഫോമിലേക്ക് വരുമെന്നും മുരളീധരൻ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. "ഫോം താൽക്കാലികമാണെന്നും ക്ലാസ് ശാശ്വതമാണെന്നും ഞാൻ എപ്പോഴും പറയാറുണ്ട്. കോഹ്‌ലിയും രോഹിത്തും മികച്ച കളിക്കാരാണ്. അവർ ഫോമിലേക്ക് തിരിച്ചുവരും. റാഷിദ് ഖാൻ മികച്ച സ്പിന്നറാണ്, ആ കൂട്ടത്തിൽ രവീന്ദ്ര ജഡേജയേയും ഉൾപ്പെടുത്താം. അടുത്തിടെ ലോക ക്രിക്കറ്റിലേക്ക് ധാരാളം സ്പിന്നർമാർ കടന്നുവരുന്നുണ്ട്. അവർ ഈ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെക്കും. കാരണം ഈ വിക്കറ്റുകൾ സ്പിന്നർമാരെ സഹായിക്കുമെന്ന് ഞാൻ കരുതുന്നു," മുത്തയ്യ മുരളീധരൻ കൂട്ടിച്ചേർത്തു.