
ചൂരല്‍മല ദുരന്തത്തിന്‍റെ അതിജീവനത്തിന്‍റെ ഭാഗമായി ബാധിക്കപ്പെട്ടവരുടെ മാനസികാരോഗ്യം ഉറപ്പിക്കാന്‍ 121 അംഗ ടീമിനെ നിയോഗിക്കുമെന്ന് ആരോഗ്യവകുപ്പ്. ക്യാംപുകളിലും വീടുകളിലും കഴിയുന്ന മനുഷ്യരുടെ മാനസികാരോഗ്യ സേവനങ്ങൾ ഉറപ്പാക്കുമെന്നും മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ആരോഗ്യവകുപ്പ് പ്രത്യേകമായി നൽകുന്ന ഐഡി കാർഡ് ഉള്ളവർക്ക് മാത്രമേ മാനസികാരോഗ്യ പ്രവർത്തനങ്ങൾ നടത്താൻ അനുവാദമുണ്ടാവുകയുള്ളൂ.
വയനാട് ചൂരൽമല-മുണ്ടെക്കൈ ദുരന്തമുഖത്ത് നിന്ന് രക്ഷപെട്ട് എത്തുന്നവര്‍ക്ക് തീവ്ര പരിചരണം നൽകാനായി വയനാട്ടിലെ ആശുപത്രികളിൽ ഐസിയുകൾ സജ്ജമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. എയർ ലിഫ്റ്റ് ചെയ്താൽ ഏറ്റവും പെട്ടന്ന് എത്താന്‍ സാധ്യതയുള്ള മഞ്ചേരി മെഡിക്കൽ കോളേജ്, കോഴിക്കോട് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളും സജ്ജമാണ്. ഇതുവരെ 199 മൃതദേഹങ്ങളുടെ പോസ്റ്റ്‍മോര്‍ട്ടം നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇതുകൂടാതെ 130 ശരീരഭാഗങ്ങളുടെ ഡിഎൻഎ സാമ്പിളുകളും എടുത്തിട്ടുണ്ടെന്നും മന്ത്രി ഫെയ്സ്ബുക്കിലൂടെ പറഞ്ഞു.
അതേസമയം, ദുരന്തമുഖത്തുനിന്ന് നാലു പേരെ ജീവനോടെ കണ്ടെത്തിയെന്ന ആശ്വാസവാർത്തയും ഇതിനോടകം പുറത്തുവന്നിരുന്നു. പടവെട്ടികുന്നിൽ ഒറ്റപ്പെട്ടുപോയ രണ്ട് പുരുഷന്മാരേയും രണ്ട് സ്ത്രീകളേയുമാണ് ഇന്ത്യൻ ആർമി രക്ഷപ്പെടുത്തിയത്. കൃഷിയിടത്തിന് അകത്ത് ഒറ്റപ്പെട്ട വീട്ടിൽ സുരക്ഷിതമായി കഴിയുകയായിരുന്നു. പുറത്തേക്ക് പോകാൻ കഴിയാതെ ഒറ്റപ്പെട്ട നിലയിലായിരുന്നു ഇവർ.
കൂട്ടത്തിൽ കാലിന് പരുക്കേറ്റ പെൺകുട്ടിയുമുണ്ട്. കാഞ്ഞിരക്കത്തോട്ട് കുടുംബത്തിലെ ജോണി, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരാണ് നാലാം നാൾ അപകടമുനമ്പിൽ നിന്ന് രക്ഷപ്പെട്ടെത്തുന്നത്. ഇവരെ ഉടനെ ബന്ധു വീട്ടിലേക്ക് മാറ്റുമെന്നാണ് വിവരം. ഹെലികോപ്റ്റർ രക്ഷാപ്രവർത്തനം ആരംഭിച്ചതായി സൈന്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇവരെ എയർലിഫ്റ്റ് ചെയ്തു രക്ഷപ്പെടുത്തും.
നാലാം നാള്‍ വലിയ പരിക്കുകളില്ലാതെ നാല് ജീവന്‍ കണ്ടെത്താനായത് ദൗത്യ സംഘത്തിനും പ്രതീക്ഷ നല്‍കുന്നതാണ്. ഒറ്റപ്പെട്ടു കിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച് പരിശോധന തുടരുകയാണ്. ആറ് സോണുകളായി തിരിച്ച് 40 ടീമുകളാണ് തെരച്ചില്‍ നടത്തുന്നത്. അട്ടമല, ആറന്മല ചേര്‍ന്നതാണ് ആദ്യ സോണ്‍. ഇവിടുത്തെ തെരച്ചിലിലാണ് നാല് പേരെ കണ്ടെത്തിയത്. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തെ സോണും വെള്ളാര്‍മല വില്ലേജ് റോഡ് നാലാമത്തേയും ജിവിഎച്ച്എസ്എസ് വെള്ളാര്‍മല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്. സെന്യം, എന്‍ഡിആര്‍എഫ്, ഡി എസ്ജി, കോസ്റ്റ് ഗാര്‍ഡ്, നേവി, എംഇജി ഉള്‍പ്പെടെയുള്ള സംയുക്ത സംഘമാണ് തെരച്ചില്‍ നടത്തുന്നത്.