ഉപയോഗശൂന്യമായ ഭൂമിയ്ക്ക് വർഷങ്ങളായി കരം അടയ്ക്കുന്നു; മൂലമ്പിള്ളി പാക്കേജിലെ ഇരകൾ ദുരിതത്തിൽ

വല്ലാർപാടം ദേശീയപാത വികസനത്തിനായി കുടിയൊഴുപ്പിച്ച 316 കുടുംബങ്ങളിൽ ഭൂരിഭാഗവും ഉപയോഗശൂന്യമായ ചതുപ്പ് ഭൂമി കൊണ്ട് ഇപ്പോഴും ബുദ്ധിമുട്ടുകയാണ്
ഉപയോഗശൂന്യമായ ഭൂമിയ്ക്ക് വർഷങ്ങളായി കരം അടയ്ക്കുന്നു; മൂലമ്പിള്ളി പാക്കേജിലെ ഇരകൾ ദുരിതത്തിൽ
Published on

വർഷങ്ങൾക്കിപ്പുറവും അർഹതപ്പെട്ട ഭൂമിയിൽ തല ചായ്ക്കാനാകാതെ മൂലമ്പിള്ളി പാക്കേജിലെ ഇരകൾ. വല്ലാർപാടം ദേശീയപാത വികസനത്തിനായി കുടിയൊഴുപ്പിച്ച 316 കുടുംബങ്ങളിൽ ഭൂരിഭാഗവും ഉപയോഗശൂന്യമായ ചതുപ്പ് ഭൂമി കൊണ്ട് ഇപ്പോഴും ബുദ്ധിമുട്ടുകയാണ്.

2008ൽ വി.എസ്. അച്യുതാനന്ദൻ സർക്കാർ വല്ലാർപാടം ​ദേശീയ പാതയ്ക്കും അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനൽ റെയിൽവേ ട്രാക്കിനുമായി മൂലമ്പിള്ളി അടക്കമുള്ള ഏഴ് വില്ലേജുകളിൽ നിന്ന് സ്ഥലമേറ്റെടുത്തു. എന്നാൽ പദ്ധതിയ്ക്കായി കിടപ്പാടം വിട്ടു നൽകിയ കുടുംബങ്ങളെ പുനരധിവസിപ്പിച്ചോ എന്ന ചോദ്യത്തിന് ഇപ്പോഴും ആർക്കും മറുപടിയില്ല.


316 കുടുംബങ്ങൾക്ക് ഏഴ് പുനരധിവാസ മേഖലകൾ തയ്യാറാക്കി സർക്കാർ സ്ഥലം അനുവദിച്ചു. മുളവുകാട് - 14 പ്ലോട്ടുകൾ, മൂലംമ്പിള്ളി - 13 പ്ലോട്ടുകൾ, കോതാട്- 20 പ്ലോട്ടുകൾ, വടുതല- 104 പ്ലോട്ടുകൾ, ചേരാനല്ലൂർ- 6 പ്ലോട്ടുകൾ, കാക്കനാട് തുതിയൂർ - 56 പ്ലോട്ടുകൾ, കാക്കനാട് ഇന്ദിരാ ന​ഗർ- 118 പ്ലോട്ടുകൾ എന്നിങ്ങനെയായിരുന്നു വിതരണം. 

എന്നാൽ, പ്രശ്നങ്ങൾ അവിടെ തീർന്നില്ല. ഉപയോഗശൂന്യമായ ഭൂമിയ്ക്ക് വർഷങ്ങളായി ഈ കുടുംബങ്ങൾ കരവും അടയ്ക്കുന്നു. ആർക്കു വേണ്ടി എന്ന ചോദ്യം ബാക്കിയാണ്. ഭൂമി ലഭ്യമായവരിൽ 66 കുടുംബങ്ങൾ വീട് നിർമ്മിച്ചു. ചതുപ്പുനിലം കാരണം ഏഴ് കെട്ടിടങ്ങൾ ചരിയുകയും, വിള്ളലുണ്ടാകുകയും, താഴുകയും ചെയ്തു. കഴിഞ്ഞ 16 വർഷമായി സ്വന്തം കിടപ്പാടം വിട്ട് നൽകി വാടകയ്ക്ക് കഴിയുന്നവരും മൂലമ്പിള്ളിയിലുണ്ട്.

മൂലമ്പിള്ളിക്കാരുടെ നിരന്തര പോരാട്ടങ്ങൾക്കൊടുവിൽ ഹൈക്കോടതി വിധി പ്രകാരം കാക്കനാട്ടെ ചതുപ്പ് നിലത്തിന് ചുറ്റും സംരക്ഷണഭിത്തി നിർമ്മാണവും മണ്ണടിക്കലും പുരോഗമിക്കുകയാണ്. അതേസമയം, വർഷകാലത്ത് രണ്ട് മീറ്റർ ഉയരത്തിൽ വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലത്താണ് സർക്കാർ ഒരു മീറ്റർ ഉയരത്തിൽ മണ്ണടിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com