പീരുമേടിലെ അഖിലിന്‍റെ മരണം കൊലപാതകം; അമ്മയും സഹോദരനും കുറ്റം സമ്മതിച്ചു

വീടിനു സമീപത്തെ കവുങ്ങിൽ പ്ലാസ്റ്റിക് ഹോസ് ഉപയോഗിച്ച് കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ അഖിലിനെ നാട്ടുകാർ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.
പീരുമേടിലെ അഖിലിന്‍റെ മരണം കൊലപാതകം; അമ്മയും സഹോദരനും കുറ്റം സമ്മതിച്ചു
Published on
Updated on


ഇടുക്കി പീരുമേട്ടിലെ അഖിലിൻ്റെ മരണം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. അഖിലിന്‍റെ അമ്മയും സഹോദരനും കുറ്റസമ്മതം നടത്തി. വീട്ടില്‍ ടിവി കാണുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.ഇരുവരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

പീരുമേട് പ്ലാക്കതടം പുത്തൻവീട്ടിൽ അഖിൽ ബാബുവിനെ ചൊവ്വാഴ്ചയാണ് വീടിന് സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്. വീടിനു സമീപത്തെ കവുങ്ങിൽ പ്ലാസ്റ്റിക് ഹോസ് ഉപയോഗിച്ച് കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ അഖിലിനെ നാട്ടുകാർ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.

ആദ്യഘട്ടത്തിൽ തന്നെ മരണവുമായി ബന്ധപ്പെട്ട് പൊലീസിന് സംശയങ്ങൾ ഉണ്ടായിരുന്നു. പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ പരസ്പര വിരുദ്ധമായ മറുപടിയാണ് വീട്ടുകാരിൽ നിന്ന് ലഭിച്ചത്. ഇതോടെ അമ്മ തുളസിയെയും സഹോദരൻ അജിത്തിനെയും പീരുമേട് പോലീസ് കസ്റ്റഡിയിൽ എടുത്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഇരുവരും കുറ്റം സമ്മതിച്ചത്. ടിവി കാണുന്നതുമായി ബന്ധപ്പെട്ട് അഖിലും അജിത്തും തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. അജിത്ത് അഖിലിൻ്റെ തലക്ക് കമ്പിവടികൊണ്ട് അടിക്കുകയായിരുന്നു. തടയാനെത്തിയ തുളസിയെ അഖിൽ തള്ളിയിട്ടതും പ്രകോപനത്തിന് ഇടയാക്കിയെന്ന് പൊലീസ് പറയുന്നു.

ബോധരഹിതനായ അഖിലിനെ അജിത്ത് വലിച്ചിഴച്ച് വീടിന് സമീപത്തെ കവുങ്ങിൽ കെട്ടിയിടുകയായിരുന്നു. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്. തലക്കേറ്റ ക്ഷതവും ഇതേ തുടർന്നുണ്ടായ രക്ത സ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. കഴുത്തിൽ കൈ കൊണ്ട് ബലമായി അമർത്തിയതായും കണ്ടെത്തിയിട്ടുണ്ട് .അജിത്ത് ഒന്നാം പ്രതിയും തുളസി രണ്ടാം പ്രതിയുമാണ്. ഇരുവരെയും പ്ലാക്കത്തടത്തെ വീട്ടിൽ എത്തിച്ച് പീരുമേട് പൊലീസ് തെളിവെടുത്തു.

News Malayalam 24x7
newsmalayalam.com